
ബസ് സർവീസ് മൂന്നിലൊന്നായി; യാത്രാക്ലേശത്തിൽ എടപ്പുഴ, വാളത്തോട് ഗ്രാമങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ സർവീസ് നടത്തിയിരുന്ന ബസുകൾ മൂന്നിലൊന്നായി കുറഞ്ഞതോടെ യാത്രാക്ലേശത്താൽ വലഞ്ഞ് എടപ്പുഴ, വാളത്തോട് ഗ്രാമങ്ങൾ. അയ്യൻകുന്ന് പഞ്ചായത്തിലെ പ്രധാന ടൗണായ കരിക്കോട്ടക്കരിയിൽനിന്ന് എടപ്പുഴ, വാളത്തോട് മേഖലയിലേക്ക് 30 ബസുകൾ സർവീസ് നടത്തിയിടത്ത് ഇപ്പോൾ 10ൽ താഴെയാണ് ബസുകൾ ഓടുന്നത്. 7 കെഎസ്ആർടിസി ബസുകൾ ഉണ്ടായിരിന്നിടുത്ത് ഇപ്പോൾ 2 എണ്ണം മാത്രമാണ് ഉള്ളത്. അതാവട്ടെ രാവിലെ ഒരു ട്രിപ് മാത്രം നടത്തി പിന്നീട് രാത്രിയാണ് തിരിച്ചെത്തുന്നതെന്ന് പ്രദേശവാസികൾ.കരിക്കോട്ടക്കരി മുതൽ വാളത്തോട് വരെ ഉള്ള നൂറുകണക്കിനു കുടുംബങ്ങളാണ് ദുരിതത്തിലായിട്ടുള്ളത്. ആദിവാസി നഗറുകൾ കൂടിയുള്ള മേഖലയെന്ന പരിഗണനയും ബസ് സർവീസ് കാര്യത്തിൽ അധികൃതരിൽ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഏറെ സാമ്പത്തിക നഷ്ടം നേരിടുന്നത് വിദ്യാർഥികളും പുറം പ്രദേശങ്ങളിലേക്കു ജോലിക്കു പോകുന്നവരുമാണ്. യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
റോഡും മോശം
മരാമത്തിന്റെ കീഴിലുള്ള മേഖലയിലെ റോഡിന് അരനൂറ്റാണ്ടിലധികം പഴക്കം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വാഹനം കടന്നുപോകാൻ മാത്രം ടാറിങ് വീതയിലുള്ള റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തണമെന്ന ആവശ്യം ഉയർത്തി സണ്ണി ജോസഫ് എംഎൽഎ മുഖേന നാട്ടുകാർ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. വലിയ കയറ്റവും ഇറക്കവും വളവുകളും ഉള്ള ഇടുങ്ങിയ റോഡ് കാലഘട്ടത്തിന്റെ വികസനം അനുസരിച്ച് നവീകരിക്കണമെന്നാണു ആവശ്യം. ബസുകൾ സർവീസ് നിർത്തുന്നതിൽ റോഡുകളും പോരായ്മയും കാരണമാണ്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും ഭീഷണിയും എടപ്പുഴ, വാളത്തോട് നിവാസികളുടെ ആശങ്കയാണ്.