
കാണാതായ മകനുവേണ്ടി കാത്തിരിപ്പ് അവസാനിപ്പിച്ച്, വീട് ജപ്തി ചെയ്യുന്നതിനും സാക്ഷിയായി മാമി ഉമ്മ മടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെളിയങ്കോട് ∙ കാണാതായ മകനുവേണ്ടി കാത്തിരിപ്പ് അവസാനിപ്പിച്ച്, വീട് ബാങ്ക് അധികൃതർ ജപ്തി ചെയ്യുന്നതിനും സാക്ഷിയായി മാമി ഉമ്മ വിടവാങ്ങി. പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്നാണു മരിച്ചത്. മാമിയുടെ മകൻ അലി അഹമ്മദ് എസ്ബിഐ പാലപ്പെട്ടി ശാഖയിൽനിന്നു വായ്പയെടുത്ത 42 ലക്ഷം രൂപ തിരിച്ചടയ്ക്കാതായതോടെ, തിങ്കളാഴ്ച ഉച്ചയ്ക്കാണു മാമി താമസിക്കുന്ന സ്ഥലവും വീടും ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.
2020ലാണു മാമിയുടെ 22 സെന്റ് സ്ഥലത്തിന്റെ ആധാരം ഈട് നൽകി 25 ലക്ഷം രൂപ അലി അഹമ്മദ് വായ്പ എടുത്തത്. ദുബായിൽ ബിസിനസുകാരനായ അലി അഹമ്മദിനെ 2022ൽ അവിടെവച്ചു കാണാതായി. ഇതോടെയാണു വായ്പയുടെ അടവ് തെറ്റിയത്.ജപ്തി സമയത്ത് ഇവരെ മകൻ അബ്ദുൽ ഗഫൂറിന്റെ വീട്ടിലേക്കു മാറ്റിയിരുന്നു. രോഗിയായ മാമിയെ വീട്ടിൽനിന്ന് ഇറക്കിവിട്ടാണു ബാങ്ക് അധികൃതർ ജപ്തി നടത്തിയതെന്നും പണം അടയ്ക്കാൻ രണ്ടാഴ്ച സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്നും ഇതിലെ മനോവിഷമമാണു പെട്ടെന്നുള്ള മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
നിയമപ്രകാരമുള്ള നടപടികളെല്ലാം പൂർത്തിയാക്കിയാണു ജപ്തി നടത്തിയതെന്നു ബാങ്ക് അധികൃതർ പറഞ്ഞു. മാമിയുടെ മറ്റു മക്കൾ: ഉമ്മുകുൽസു, റെയ്ഹാനത്, റഹ്ബനിയത്. മരുമക്കൾ: നൂറുദ്ദീൻ, ഹംസു, അഹമ്മദ് കബീർ.