
സ്മാർട് ആണ്, പക്ഷേ..; പാർക്കിങ് തോന്നുംപടി, കൺഫ്യൂഷനായി ഡിവൈഡർ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാർക്കിങ് തോന്നുംപടി
കോടികൾ മുടക്കി പുനർ നിർമിച്ച റോഡുകളിലെ പ്രധാന വില്ലൻ അനധികൃത പാർക്കിങ് ആണ്. കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡിൽ റോഡിന്റെ പകുതിയോളം കവർന്ന് വലിയ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്.റോഡിന് ഇരുവശത്തും സ്വകാര്യ വണ്ടിത്താവളങ്ങൾ ഉണ്ടെങ്കിലും പാർക്കിങ് ഫീസ് കൊടുക്കാൻ മടിച്ച് വാഹനങ്ങൾ റോഡിന്റെ വശത്താണ് പാർക്ക് ചെയ്തിരിക്കുന്നത്. വെള്ളയമ്പലം– തൈക്കാട് റോഡിൽ തൈക്കാട് മുതൽ മേട്ടുക്കട വരെയും വിമൻസ് കോളജ് മുതൽ കാൽ കിലോമീറ്ററോളം നീളത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്.സ്റ്റാച്യു– ജനറൽ ആശുപത്രി റോഡിലും ജനറൽ ആശുപത്രി ജംക്ഷൻ– വഞ്ചിയൂർ റോഡിലും വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചാണ് പാർക്കിങ്. ഇതു തടയാൻ നടപടിയുണ്ടായില്ലെങ്കിൽ റോഡ് സ്മാർട് ആക്കിയതിന്റെ പ്രയോജനം കിട്ടാതെ പോകും.
വഴുതക്കാട് കൺഫ്യൂഷനായി ഡിവൈഡർ
ഡിപിഐ ജംക്ഷനിൽ നിന്ന് വഴുതക്കാട് ജംക്ഷനിലേക്ക് വരുമ്പോഴാണ് റോഡിന്റെ ഒരു വശം ചേർത്ത് ഡിവൈഡർ നിർമിച്ചിട്ടുള്ളത്. വളവും ചെറിയ കയറ്റവും ആയതിനാൽ തൊട്ടടുത്ത് എത്തിയാൽ മാത്രമേ ഡിവൈഡർ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടൂ. ഇതൊഴിവാക്കിയാൽ ബേക്കറി ജംക്ഷനിലേക്കും നോർക്ക ജംക്ഷനിലേക്കുമുള്ള ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
റോഡിനെക്കാൾ വലിയ ഡിവൈഡർ
റൗണ്ട് എബൗട്ടുകളുടെ വീതി കൂടുതലാണ് മേട്ടുക്കട ജംക്ഷനിലെ വില്ലൻ. റോഡിന്റെ വീതിക്ക് ആനുപാതികമായല്ല റൗണ്ട് എബൗട്ടുകൾ നിർമിച്ചിട്ടുള്ളതെന്നാണ് ആരോപണം. റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾക്ക് മേട്ടുക്കട ജംക്ഷൻ ചുറ്റി തൈക്കാട് ഭാഗത്തേക്ക് പോകാൻ പലപ്പോഴും കഴിയുന്നില്ലെന്നാണ് പരാതി. ഗതാഗതക്കുരുക്കിനും ഇത് ഇടയാക്കുന്നുണ്ട്.
എന്നു തീരും അയ്യങ്കാളി ഹാൾ റോഡ് നവീകരണം?
ആദ്യഘട്ട നിർമാണം ഏറ്റവും ആദ്യം പൂർത്തിയാക്കിയതും എന്നാൽ ഇപ്പോഴും നവീകരണം പുരോഗമിക്കുന്നതുമായ റോഡാണ് അയ്യങ്കാളി ഹാളിന് മുന്നിലെ റോഡ്. ഇരിപ്പിടങ്ങൾ, മേൽക്കൂരയുള്ള ഓപ്പൺ സ്റ്റേജ്, നടപ്പാതയിൽ ടൈൽസ് പാകൽ എന്നീ നിർമാണങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഈ റോഡിൽ മാത്രമാണ് വലിയ നിർമാണ പ്രവർത്തനങ്ങൾ അവശേഷിക്കുന്നത്.