
ദില്ലി: സ്റ്റാർട്ടപ്പുകളെ കുറിച്ച് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉന്നയിച്ച വിമർശനങ്ങളോട് യോജിക്കുന്നുവെന്ന് മാനേജ്മെന്റ് വിദഗ്ധനും കോളമിസ്റ്റുമായ സുഹേൽ സേത്ത്. 80 ശതമാനം സ്റ്റാർട്ടപ്പുകളും റാക്കറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പല സ്റ്റാർട്ട്അപ്പ് സ്ഥാപകരും തുടക്കത്തിൽ ആഡംബര കാറുകൾക്കും വലിയ അപ്പാർട്ടുമെന്റുകൾക്കുമായി പണം ചെലവഴിക്കുന്നു. പിന്നീട് അവരുടെ സംരംഭങ്ങൾ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് സുഹേൽ സേത്ത് അഭിപ്രായപ്പെട്ടു.
രാജ്യത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകണമെങ്കിൽ അവ നൂതനമായതായിരിക്കണം. നമ്മുടെ നൂതനാശയങ്ങൾ എവിടെയാണ്? പിയൂഷ് ഗോയൽ പറഞ്ഞതിനോട് താൻ പൂർണമായും യോജിക്കുന്നുവെന്ന് കൺസൾട്ടൻസി സ്ഥാപനമായ കൗൺസിലേജ് ഇന്ത്യയുടെ സ്ഥാപകൻ സുഹേൽ സേത്ത് പറഞ്ഞു.
“നമ്മൾ നമ്മുടെ സോഫ്റ്റ്വെയർ വൈദഗ്ധ്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ ഒരു ഫേസ്ബുക്ക് വികസിപ്പിച്ചിട്ടുണ്ടോ? ഇല്ല. നമ്മൾ ഒരു ഗൂഗിൾ വികസിപ്പിച്ചോ? ഇല്ല. ആഗോള ബ്രാൻഡായ നൂതനമായ എന്തെങ്കിലും നമ്മളുടേതായിട്ടുണ്ടോ? ഉത്തരം ഇല്ല എന്നതാണ്. അതിനാൽ നമ്മൾ മികച്ച കാര്യങ്ങൾ ചെയ്യുന്നു എന്ന് വാദിക്കുന്നത് തുടരാം എന്നേയുള്ളൂ”- സുഹേൽ സേത്ത് വിശദീകരിച്ചു.
സ്റ്റാർട്ട് അപ്പുകൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് പിയൂഷ് ഗോയൽ
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളിൽ തൃപ്തരാകുന്നതിനേക്കാൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. ദില്ലിയിൽ നടന്ന സ്റ്റാർട്ട് അപ്പ് മഹാകുംഭ് 2025ൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ സ്റ്റാർട്ട് അപ്പ് മേഖല ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് പോലെയുള്ള ചെറുകിട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും കേന്ദ്ര മന്ത്രി സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ വിശദമാക്കി. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിൽ സന്തോഷം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
സ്റ്റാർട്ടപ്പുകളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഭക്ഷണ ഡെലിവറി ആപ്പുകൾ പോലുള്ള കുറഞ്ഞ വേതനമുള്ള ചെറുകിട ജോലികളിലേക്ക് അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സാങ്കേതിക നവീകരണത്തിൽ പിന്നോക്കം പോകുന്നതായുമാണ് പിയൂഷ് ഗോയൽ നിരീക്ഷിച്ചത്. ഇന്ത്യയുടെ സ്റ്റാർട്ടപ്പുകൾ ഇന്ന് എന്താണ് ചെയ്യുന്നത്? ഭക്ഷണ ഡെലിവറി ആപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, തൊഴിൽരഹിത യുവാക്കളെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു,
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ലോകത്തിലെ മൂന്നാമത്തെ സ്ഥാനത്താണ് ഇന്ത്യയുള്ളത്. എന്നാൽ ഈ സ്ഥാനം കൊണ്ട് മാത്രം തൃപ്തരാവാൻ സാധിക്കില്ല. ഇന്ത്യ ചെയ്യുന്നതിൽ അഭിമാനമുണ്ട് എന്നാൽ ലോകത്തിൽ ഏറ്റവും മികച്ചത് നിലവിൽ നാമല്ലെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു. ഡീപ് ടെക് സ്റ്റാർട്ട് അപ്പുകളിൽ ഇന്ത്യയിലുള്ളത് ആയിരത്തോളം സ്റ്റാർട്ട് അപ്പുകൾ മാത്രമാണ്. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. ഇ-കൊമേഴ്സ്, സർവീസ് അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകൾക്ക് പുറത്തേക്ക് സാങ്കേതിക വിദ്യയിലും കണ്ടെത്തലുകളിലും ഊന്നിയുള്ള സ്റ്റാർട്ട്അപ്പുകളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.
ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിലുള്ള സന്തോഷം മതിയോ? സ്റ്റാർട്ട് അപ്പ് സംരംഭകരോട് പിയൂഷ് ഗോയൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]