
ചണ്ഡിഗഡ്: 89,420 കിലോഗ്രാം കിവി പഴങ്ങൾ നടപടി ക്രമങ്ങളിലെ കാലതാമസം കാരണം നശിച്ചു പോയ സംഭവത്തിൽ കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമർശനം. പഴക്കച്ചവടക്കാരന് 50 ലക്ഷം രൂപ കസ്റ്റംസ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടേതാണ് വിധി. ജസ്റ്റിസുമാരായ സഞ്ജീവ് പ്രകാശ് ശർമ്മ, സഞ്ജയ് വസിഷ്ഠ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ലുധിയാനയിലെ പഴച്ചക്കവടക്കാരന് അനുകൂലമായ കോടതി വിധിക്ക് ആധാരമായ സംഭവം നടന്നത് 2023ലാണ്. ചിലിയിൽ നിന്ന് ദുബൈ വഴിയാണ് 89,420 കിലോഗ്രാം കിവി ഇറക്കുമതി ചെയ്തത്. 80,478 ഡോളർ (ഏകദേശം 66 ലക്ഷം രൂപ) വിലമതിക്കുന്ന പഴങ്ങൾ മൂന്ന് മാസത്തിലേറെയായി മുന്ദ്ര തുറമുഖത്ത് വിട്ടുകിട്ടാതെ കുടുങ്ങിക്കിടന്നു. ഇതോടെ പഴങ്ങൾ ചീഞ്ഞഴുകി വ്യാപാരിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായി.
ഷിപ്പിംഗ് കമ്പനിയായ മെസ്സേഴ്സ് ട്രാൻസ്ലൈനർ മാരിടൈം പ്രൈവറ്റ് ലിമിറ്റഡിനെയും മുന്ദ്രയിലെയും ലുധിയാനയിലെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും കോടതി രൂക്ഷമായി വിമർശിച്ചു. തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റമെന്ന് കോടതി വിലയിരുത്തി. 50 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. പരാതിക്കാരൻ അടച്ച കസ്റ്റംസ് തീരുവയും 6 ശതമാനം വാർഷിക പലിശയും തിരികെ ലഭിക്കും. കേടാകുന്ന വസ്തുക്കളുടെ വേഗത്തിലുള്ള ചരക്ക് നീക്കം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]