
ഹരിതകർമസേന ശേഖരിച്ച മാലിന്യം അടിഞ്ഞ് മത്സ്യക്കൃഷി നശിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂഞ്ഞാർ ∙ തെക്കേക്കര പഞ്ചായത്തിന്റെ ഹരിതകർമ സേന ശേഖരിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും ഒഴുകിയെത്തി മത്സ്യ കൃഷി നശിച്ചെങ്കിലും നീക്കം ചെയ്യാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. പൂഞ്ഞാർ ചാമക്കാലായിൽ സി.ഡി.ആദർശ്കുമാറാണ് ഇതു സംബന്ധിച്ച് മന്ത്രിക്കും അധികൃതർക്കും പരാതി നൽകിയിരിക്കുന്നത്.മികച്ച കർഷകനുള്ള അവാർഡുകൾ വാരിക്കൂട്ടിയ ആദർശിന്റെ കുളത്തിൽ പ്ലാസ്റ്റിക്കും കിപ്പിച്ചില്ലുകളും നിറഞ്ഞു കിടക്കുകയാണ്.
മത്സ്യ കൃഷിക്ക് 75000 രൂപ വരെ മുൻപ് സബ്സിഡി ലഭിച്ചിരുന്നതാണ്. 30 സെന്റ് സ്ഥലത്ത് നിർമിച്ച കുളത്തിന് സമീപമുള്ള അങ്കണവാടി കെട്ടിടത്തിൽ ഹരിതകർമ സേന പ്ലാസ്റ്റിക്കും ചില്ലുകുപ്പികളും ശേഖരിച്ചു തുടങ്ങിയതോടെയാണ് ദുരിതം തുടങ്ങിയതെന്ന് ആദർശ് പറയുന്നു.
അങ്കണവാടിയോട് ചേർന്നൊഴുകുന്ന തോട്ടിലെ കുത്തൊഴുക്കിൽ ആദർശിന്റെ മീൻകുളത്തിൽ പ്ലാസ്റ്റിക്കും കുപ്പിച്ചില്ലും നിരന്നു. ടൺ കണക്കിന് മീൻ വിളഞ്ഞിരുന്ന കുളത്തിൽ പ്ലാസ്റ്റിക് നിരന്നതോടെ മത്സ്യകൃഷി നശിച്ചു. വൻ തോതിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ പഞ്ചായത്തിന് അനേകം പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
നീണ്ട കാലത്തെ പോരാട്ടത്തെത്തുടർന്ന് അങ്കണവാടി കെട്ടിടത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. എന്നാൽ കുളത്തിന്റെ അടിത്തട്ടിൽ വൻതോതിൽ അടിഞ്ഞിരിക്കുന്ന കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും നീക്കം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല. കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും നീക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകനായ ആദർശ് ആവശ്യപ്പെട്ടു.