
തൃശ്ശൂർ: ഷർട്ട് പോലുമിടാൻ നിൽക്കാതെ രോഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ഒരു ആംബുലൻസ് ഡ്രൈവറായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടതോടെയാണ് സംഭവം നാടാകെ അറിഞ്ഞത്. ഉറ്റസുഹൃത്ത് സഹായത്തിനായി വിളിച്ചപ്പോൾ ഷർട്ടിടാനൊന്നും നിൽക്കാതെ ഓടിയെത്തിയ ഡ്രൈവറിന്റെ പേര് അജ്മലെന്നാണ്. തൃശ്ശർ സ്വദേശിയാണ് അജ്മൽ.
അന്ന് സംഭവിച്ചതിനെക്കുറിച്ച് അജ്മൽ പറയുന്നതിങ്ങനെ. ”ഞാൻ ആംബുലൻസ് കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ കൂട്ടുകാരൻ സച്ചു വിളിക്കുന്നത്. നീ എവിടെയാ ഉള്ളെ? വണ്ടിയെടുത്ത് വേഗം വീട്ടിലേക്ക് വാ അനിയന് എന്തോ വയ്യാത്ത അവസ്ഥയിലാണ് എന്ന് പറഞ്ഞു. ഷർട്ടിട്ടില്ലെന്ന് പറഞ്ഞപ്പോ നീ ഇങ്ങോട്ട് വാ എന്നും പറഞ്ഞു. ഞാൻ സെക്കന്റ് ഫ്ലോറിലേക്ക് കയറുന്ന സമയം കൊണ്ട് എനിക്കവിടെ എത്താം. അങ്ങനെ ഷർട്ടൊന്നും എടുത്തില്ല, അപ്പോത്തന്നെ അങ്ങോട്ട് പോയി. അവന്റെ അനിയന്റെ തലയിലായിരുന്നു പരിക്ക്. മുകളീന്ന് വീണതാന്ന് അവൻ പറഞ്ഞു. ഏങ്ങണ്ടിയൂര് ആശുപത്രിയിലെത്തി നോക്കിയപ്പോ പ്രശ്നമൊന്നുമില്ല. അപ്പോ സമാധാനമായി.” അജ്മൽ വാക്കുകൾ.
ആറ് വർഷത്തിലേറെയായി അജ്മൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്നു. 24 മണിക്കൂറും സജ്ജമാണ് അജ്മൽ. വീട്ടിൽ ഉമ്മയും ഉപ്പയും മൂന്ന് സഹോദരങ്ങളുമാണുള്ളത്. എന്തായാലും ഈ വൈറൽ ദൃശ്യങ്ങൾ കണ്ടവരെല്ലാം അജ്മലിന് അഭിനന്ദനം അറിയിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]