വിനോദസഞ്ചാര മേഖലയിൽ കല്ലുകടി; ഓൺലൈൻ –ലോക്കൽ ടാക്സി ഡ്രൈവർമാർ തമ്മിൽ സംഘർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ സീസൺ അടുത്തതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന സന്തോഷത്തിൽ നിൽക്കുമ്പോഴും വിനോദസഞ്ചാര മേഖലയിൽ കല്ലുകടിയായി ഓൺലൈൻ ടാക്സി–ലോക്കൽ ടാക്സി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷം. പ്രദേശത്തേക്ക് മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന ഓൺലൈൻ ടാക്സിക്കാരെ ലോക്കൽ ടാക്സിക്കാർ മർദിക്കുന്നത് പതിവാകുന്നു. ഇതുവരെ പ്രശ്ന പരിഹാരം കണ്ടെത്താനായിട്ടില്ല .
ഞായറാഴ്ച ഓൺലൈൻ ടാക്സി വാഹനം തല്ലിത്തകർത്ത ശേഷം ഡ്രൈവറെ മർദിച്ചു പരുക്കേൽപ്പിച്ചു. നെടുമ്പാശേരി അത്താണി സ്വദേശി ഇ.സ്വപ്നേഷ് (45) ആണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഞായറാഴ്ച രാത്രിയിൽ ആനച്ചാലിനു സമീപം ചെകുത്താൻമുക്കിൽ വച്ചാണ് സംഭവം. ഓൺലൈൻ ടാക്സി ഡ്രൈവറായ സ്വപ്നേഷ് സഞ്ചാരികളെ ഇറക്കിയശേഷം മറ്റൊരു ഓട്ടം എടുക്കാനായി പോകുന്നതിനിടയിൽ ചെകുത്താൻ മുക്കിൽ വച്ച് ഏതാനും ഡ്രൈവർമാർ ചേർന്ന് പ്രശ്നമുണ്ടാക്കി. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പുണ്ടാക്കിയ ശേഷം രാത്രി ചിത്തിരപുരത്തെ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകളെത്തി കാർ അടിച്ചു തകർത്ത ശേഷം മർദിച്ച് പരുക്കേൽപിച്ചത്.
പരുക്കേറ്റു കിടന്ന ഇയാളെ ഹോട്ടലിലുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ടാക്സി വാഹനങ്ങൾ നൽകുന്നുവെന്നാരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കൽ ടാക്സി ഡ്രൈവർമാരും ഓൺലൈൻ ടാക്സി ഡ്രൈവർമാരും തമ്മിലുള്ള സംഘർഷങ്ങൾ പതിവാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ അഞ്ചിലധികം ഓൺലൈൻ ടാക്സി ഡ്രൈവർമാരാണ് അക്രമത്തിനിരയായത്.