
കേരളം ഒന്നാമതെന്ന പുകഴ്ത്തൽ നിർത്തണം: ജി.സുധാകരൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ കേരളം എല്ലാറ്റിലും ഒന്നാമതാണെന്ന സ്വയം പുകഴ്ത്തൽ നിർത്തണമെന്ന് മുൻമന്ത്രി ജി.സുധാകരൻ. സ്വയം പുകഴ്ത്തുമ്പോൾ ഇവിടത്തെ സ്ഥിതി പഠിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം പ്രധാനമാണ്. പക്ഷേ, കേരളത്തിൽ ഇതൊന്നും നല്ല നിലയിലല്ല. ലഹരിയിലും മുന്നിലാണ്. സർക്കാരിന്റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സാധാരണക്കാരന് ഒരു പ്രയോജനവും ചെയ്യുന്നില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു കൂലിവേലക്കാരന്റെ പരിശോധനാഫലം 6 മാസം കഴിഞ്ഞാണു കിട്ടിയത്. സാംപിൾ ഡൽഹിക്ക് അയച്ചെന്നാണു കാരണം പറഞ്ഞത്. ആരോഗ്യമേഖല പണമുള്ളവന്റേതു മാത്രമായി.
ഏറ്റവും വലിയ കച്ചവട, വ്യവസായ മേഖലയായി സ്വകാര്യ ആശുപത്രികൾ വളരുമ്പോൾ, യഥാർഥ വ്യവസായ മേഖല ടി.വി.തോമസിനു ശേഷം വളർന്നിട്ടേയില്ലെന്നും സുധാകരൻ വിമർശിച്ചു. സർവകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ കാണാതെ പോകുന്നതിനെതിരെ ഒരു വൈസ് ചാൻസലറും വിദ്യാർഥി സംഘടനയും ഇതിനെതിരെ മിണ്ടിയില്ല.
എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കളഞ്ഞ അധ്യാപകനെതിരെ നടപടിയെടുത്തില്ല.യു.പ്രതിഭ എംഎൽഎയുടെ മകന്റെ പ്രശ്നത്തിൽ സജി ചെറിയാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ താൻ പോയിരുന്നു. ലഹരിയൊന്നും ഉപയോഗിക്കാത്ത നല്ല കുട്ടിയാണ്. എവിടെയോ ഇരുന്നപ്പോൾ പിടിച്ചു കൊണ്ടുപോയതാണെന്നും സുധാകരൻ പറഞ്ഞു.
പ്രായപരിധി ചർച്ചകൾക്ക് സിപിഎമ്മിൽ ഇനി പ്രസക്തിയില്ല: ജി. സുധാകരൻ
ആലപ്പുഴ∙ പേരുകേട്ട സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പാർട്ടി കോൺഗ്രസ് തീരുമാനമനുസരിച്ച് ഒഴിഞ്ഞതിനാൽ പ്രായം സംബന്ധിച്ച ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നു മുൻമന്ത്രി ജി. സുധാകരൻ. പ്രായപരിധി ഒഴിവാക്കണമെന്ന തന്റെ ഫെയ്സ്ബുക് പോസ്റ്റിനെപ്പറ്റിയാണു സുധാകരന്റെ പ്രതികരണം. പാർട്ടി കോൺഗ്രസ് കഴിഞ്ഞതിനാൽ പ്രായപരിധിയെക്കുറിച്ച് ഇനി പറയേണ്ടതില്ല.
എം.എ.ബേബി പിബിയിലെ സീനിയർ അംഗവും ജനറൽ സെക്രട്ടറിയാകാൻ അർഹനുമാണ്. പാർട്ടിയുടെ ഉത്തമപ്രതീക്ഷയ്ക്ക് അനുസൃതമായി മുന്നോട്ടു നയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. 1970ൽ എസ്എഫ്ഐ രൂപീകരിക്കുമ്പോൾ ബേബി കൊല്ലം പ്രാക്കുളം ഹൈസ്കൂളിൽ പഠിക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ബേബിക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തു. അതിൽ പ്രതിഷേധിച്ച് പ്രാക്കുളം ജംക്ഷനിൽ എസ്എഫ്ഐ യോഗം സംഘടിപ്പിച്ചു. എസ്എഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായ ഞാൻ അന്നു യോഗത്തിൽ പ്രസംഗിക്കാനെത്തി. പഠിപ്പുമുടക്കി ശുഭ്രപതാകയുമായി ബേബിയും വിദ്യാർഥികളും ജാഥയായെത്തി. യോഗത്തിൽ അന്നു ബേബി നടത്തിയത് ഇന്നും ഓർമയിൽ നിൽക്കുന്ന മികച്ച പ്രസംഗമാണെന്നും ജി. സുധാകരൻ പറഞ്ഞു.