ഒരു പക്ഷേ കേൾക്കേണ്ടിയിരുന്നതു രണ്ടു ദുരന്തവാർത്തകളായിരുന്നു; അവ പൊലീസ് ഒഴിവാക്കിത് ഇങ്ങനെ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ഒരു പക്ഷേ കേൾക്കേണ്ടിയിരുന്നതു രണ്ടു ദുരന്തവാർത്തകളായിരുന്നു. ഒരു നിമിഷം പോലും വൈകാതെയുള്ള പൊലീസ് ഇടപെടൽ ആ സംഭവങ്ങൾ നല്ല വാർത്തകളാക്കി മാറ്റി.
സംഭവം 1
ഭർത്താവിന്റെ അമിത മദ്യപാനവും വഴക്കും. എഴു മാസവും അഞ്ച് വയസ്സും പ്രായമുള്ള കുട്ടികളുമായി ജീവനൊടുക്കാൻ വീടുവിട്ടിറങ്ങിയ യുവതിയെ രക്ഷപ്പെടുത്തി ചിങ്ങവനം പൊലീസ്. ഭർത്താവിന്റെ മദ്യപാനവും വഴക്കും സഹിക്കാൻ സാധിക്കാതെയാണു യുവതി രണ്ടു മക്കളുമായി വീടുവിട്ടിറങ്ങിയത്. ഭാര്യയെ കാണാതെ വന്നതോടെ ഭർത്താവും കുടുംബവും ചിങ്ങവനം സ്റ്റേഷനിൽ എത്തി പരാതി നൽകി.
യുവതിയുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചങ്ങനാശേരിയിലുണ്ടെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചങ്ങനാശേരിയിലെ പാർക്കിൽ നിന്നു രണ്ട് മക്കളെയും യുവതിയെയും കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച യുവതിയുടെ സങ്കടം മനസ്സിലാക്കിയ പൊലീസ് ഭർത്താവിനെ താക്കീത് ചെയ്തു.
ഭർത്താവ് ഏറ്റവും കൂടുതൽ മദ്യപിക്കുമെന്നു യുവതി അറിയിച്ച ശനിയാഴ്ചകളിൽ സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും നിർദേശിച്ചു. ഇരുവർക്കും കൗൺസലിങ് നൽകിയാണു പൊലീസ് ബന്ധുക്കൾക്ക് ഒപ്പം വിട്ടയച്ചത്. എസ്എച്ച്ഒ വി.എസ്.അനിൽകുമാർ, എഎസ്ഐ മിനിമോൾ ജോസ്, സിപിഒ ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ കണ്ടെത്തിയത്.
സംഭവം 2
പാമ്പാടി നെടുംകുഴിയിൽ നിന്നു കാണാതായ യുവാവിനെ പിന്തുടർന്ന് കണ്ടെത്തി പാമ്പാടി പൊലീസ്. കൊല്ലം സ്വദേശിയായ വിദ്യാർഥിയെ ആണു നെടുംകുഴിയിൽ നിന്നു കഴിഞ്ഞ ദിവസം കാണാതായത്. പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിന്റെ ഫോൺ വിവരങ്ങൾ വച്ച് ട്രെയിനിൽ മധുരയ്ക്ക് യാത്ര ചെയ്യുന്നതായി മനസ്സിലാക്കി.
പൊലീസിന്റെ ഒരു സംഘം ഉടൻ മധുരയ്ക്കു പുറപ്പെട്ടു. എന്നാൽ പഴനിയിൽ എത്തിയ യുവാവ് തിരികെ എറണാകുളത്തേക്കു പോന്നു. ഇതു മനസ്സിലാക്കിയ പൊലീസ് സംഘം എറണാകുളത്ത് എത്തി യുവാവിനെ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണു യുവാവ് നാടുവിടാനുള്ള കാരണമെന്നാണു നിഗമനം. യുവാവിനെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
എസ്എച്ചഒ റിച്ചാർഡ് വർഗീസ്, എസ്ഐ ജോജൻ ജോർജ്, സീനിയർ സിപിഒമാരായ സുമിഷ് മാക്മില്ലൻ, പി.വി. നിഖിൽ, ജിബിൻ ലോബോ, സിപിഒ ശ്രീജിത്ത് രാജ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.