
അലന് ഇന്നു നാട് വിട ചൊല്ലും; കുടുംബത്തിന് 6 ലക്ഷം രൂപയുടെ സഹായധനം കൈമാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവാവു കൊല്ലപ്പെട്ട ദിവസം ആനയിറങ്ങിയതായി വനം ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചില്ലെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ മന്ത്രിക്കു റിപ്പോർട്ട് നൽകി. ആന വന്നാൽ അറിയാനുള്ള ഓട്ടമാറ്റിക് സംവിധാനം ഇവിടെയില്ല. വനം ജീവനക്കാരോ പ്രദേശവാസികളോ ആണ് വിവരം അറിയിക്കാറ്.കൊല്ലപ്പെട്ട കയറംകോടം കണ്ണാടൻചോല കുളത്തിങ്കൽ അലൻ ജോസഫിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൈലംപുള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ പള്ളി സെമിത്തേരിയിൽ നടക്കും.
സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 8നു വീട്ടിലെത്തിക്കും. അലന്റെ അമ്മ വിജി (45) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അലനെ അവസാനമായി കാണാൻ അമ്മ വിജിയെ ഇന്നു വീട്ടിൽ എത്തിക്കാനായി കുടംബാംഗങ്ങൾ ശ്രമിക്കുന്നുണ്ട്.ഞായർ രാത്രി എട്ടോടെയാണ് ആനയുടെ ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ടത്. പുതുപ്പരിയാരത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വീടിന് 100 മീറ്റർ അകലെയായിരുന്നു ആനയുടെ ആക്രമണം.
ആക്രമണം നടക്കുന്ന സമയത്ത് മൂന്ന് ആനകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടിൽ പറയുന്നു.അതിൽ ഒരെണ്ണം കുട്ടിയാനയാണ്. ശനിയാഴ്ച ആനയിറങ്ങിയതായി വിവരം ലഭിച്ചിരുന്നു. തുടർന്നു മുന്നറിയിപ്പു നൽകുകയും ആനകളെ തുരത്തുകയും ചെയ്തു. പ്രദേശത്ത് ഫെൻസിങ് തകർന്ന ഭാഗത്തെ തകരാറുകൾ പരിഹരിച്ചത് ഞായർ ഉച്ചയോടെയാണ്. മുണ്ടൂരിൽ ഇന്നലെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.മതിയായ സമാശ്വാസധനം നൽകണമെന്നും വന്യമൃഗശല്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായെത്തി. വ്യക്തമായ ഉറപ്പു ലഭിക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.
വി.കെ.ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ എ.പ്രഭാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഡിഎഫ്ഒ ബി.രഞ്ജിത് സ്ഥലത്തെത്തി.അലന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സമാശ്വാസ ധനസഹായമായി നൽകാമെന്നും ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ഇന്നലെത്തന്നെ നൽകാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അമ്മയുടെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ സഹായം നൽകാമെന്നും ഉറപ്പു നൽകി. വൈകിട്ട് 6 ലക്ഷം രൂപയുടെ സഹായധനം എ.പ്രഭാകരൻ എംഎൽഎ കൈമാറി.
വനംവകുപ്പിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെന്നു മന്ത്രി
കോഴിക്കോട് ∙ പാലക്കാട് മുണ്ടൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നു പരിശോധിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കും. സംഭവത്തിൽ കലക്ടറുടെ റിപ്പോർട്ട് തേടും. മരണപ്പെട്ട അലന്റെ അമ്മ വിജിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
കാട്ടാനശല്യം തടയാൻ കൂടുതൽ ആർആർടികളെ എത്തിക്കും. ആക്രമണം നടത്തിയ ആനകളെ കണ്ടെത്തി. ആനകളുള്ളതു വനത്തിലാണ്. അവയെ ഉൾവനത്തിലേക്ക് തുരത്തുകയോ സുരക്ഷിതസ്ഥലത്തേക്കു നീക്കുകയോ ചെയ്യും. ഈ സ്ഥലത്തു മുൻപും വന്യമൃഗപ്രശ്നമുണ്ടായിരുന്നതിനാൽ പ്രതിരോധ പ്രവർത്തനം നടത്തിയിരുന്നു. എന്നാൽ ആനകൾ അതെല്ലാം തകർത്തു. ആധുനിക സംവിധാനങ്ങളോടെയുള്ള പ്രതിരോധം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വഴിവിളക്കുകൾ സ്ഥാപിക്കും: എംഎൽഎ
മുണ്ടൂർ ∙ കണ്ണാടൻചോല റോഡിലെ എല്ലാ വൈദ്യുതിത്തൂണിലും വഴിവിളക്കു സ്ഥാപിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നു തുക അനുവദിക്കുമെന്ന് എ.പ്രഭാകരൻ എംഎൽഎ പറഞ്ഞു. വന്യമൃഗശല്യം പരിഹരിക്കാൻ ഇടപെടൽ നടത്തുമെന്നും അറിയിച്ചു.