
കർഷകരോട് ക്രൂരത; സംഭരിച്ച നെല്ല് തിരികെ റോഡിൽ തള്ളി മില്ലുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടത്വ∙ സംഭരിച്ച നെല്ല് തിരികെ റോഡിൽ തള്ളി കർഷകരോടു ക്രൂരത കാട്ടി മില്ലുകാർ. പിന്നീട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഇടപെടലിൽ ഇടനിലക്കാരൻ തന്നെ മറ്റൊരു ലോറി അയച്ച് ഇന്നലെ വൈകിട്ട് നെല്ല് ഏറ്റെടുത്തു. ഇതിനായി കർഷകർ അധികമായി ചെലവാക്കേണ്ടി വന്നത് ആയിരക്കണക്കിന് രൂപ. നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന 52 ഏക്കർ വരുന്ന കണ്ണങ്കരി പാടത്തെ കർഷകരോടായിരുന്നു മില്ലുകാരുടെ ക്രൂരത .
കഴിഞ്ഞ ശനിയാഴ്ച കൊയ്തു കൂട്ടിയ നെല്ല് സംഭരണം താമസിച്ചതിനാൽ പാഡി മാർക്കറ്റിങ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ബീന,കീർത്തി എന്നീ മില്ലുകാരെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. അവരുമായി ബന്ധപ്പെടാനും നിർദേശിച്ചു. ഇതനുസരിച്ച് റഷീദ് എന്ന ഏജന്റുമായി ബന്ധപ്പെട്ടു. ഇദ്ദേഹം പറഞ്ഞതനുസരിച്ച് നെല്ലു കയറ്റുന്ന ലോറിയുടെ ഡ്രൈവറെ ബന്ധപ്പെട്ടപ്പോൾ നെല്ല് ചാക്കിൽ നിറച്ച് വയ്ക്കാനും ശനിയാഴ്ച നെല്ല് എടുത്തുകൊള്ളാമെന്നും പറഞ്ഞു.
ഇതനുസരിച്ച് സെക്രട്ടറിയുടെ ചുമതലയിൽ തന്നെ നെല്ല് തൂക്കി കെട്ടിവച്ചു.ശനിയാഴ്ച ലോറി എത്തിയപ്പോൾ 3 ലോഡ് കയറ്റി ക്കഴിഞ്ഞപ്പോൾ 66 ചാക്ക് നെല്ല് മിച്ചം വന്നു. ഏജന്റിനെ ഇക്കാര്യം അറിയിച്ചപ്പോൾ അടുത്ത ദിവസം ഞായറാഴ്ചയായതിനാൽ തിങ്കളാഴ്ച ലോറി വിട്ടു നൽകാം എന്നു പറഞ്ഞു. ഇതനുസരിച്ച് ഇന്നലെ രാവിലെ ഒൻപതോടെ 66 ചാക്ക് ലോറിയിൽ കയറ്റി വിടുകയായിരുന്നു.
എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, കൊണ്ടുപോയ നെല്ല് കർഷകർ പോലും അറിയാതെ തിരികെ പാടശേഖരത്തിനു സമീപത്തെ റോഡരികിൽ വലിച്ചെറിഞ്ഞു പോയി എന്നാണ് കർഷകർ പറഞ്ഞത്. ഇതറിഞ്ഞ് പാടശേഖര സെക്രട്ടറി എത്തി നെല്ല് വീണ്ടും അടുക്കി വയ്ക്കേണ്ടി വന്നു. ഈ സമയം അതുവഴി വന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടറെ വിവരം ധരിപ്പിച്ചു. വൈകിട്ടോടെ വീണ്ടും നെല്ല് കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പാടശേഖരത്ത് ഒരു കേടുമില്ലാത്ത നെല്ല് 5 കിലോഗ്രാം കിഴിവ് വാങ്ങിയാണ് സംഭരണം നടത്തിയതെന്ന് സെക്രട്ടറി പറഞ്ഞു.ഇതിനെല്ലാം പല തവണ കയറ്റുകൂലി നൽകേണ്ടിയും വന്നു.