
വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ഭർത്താവിനെതിരെ കേസ്: നവജാതശിശു ചികിത്സയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം/പെരുമ്പാവൂർ ∙ മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെത്തുടർന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി കബറടക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. മൃതദേഹം ഏറ്റെടുത്ത പൊലീസ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കളമശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് പെരുമ്പാവൂരിൽ കബറടക്കും. സമയത്തു വൈദ്യസഹായം നൽകുന്നതിൽ ഭർത്താവ് വരുത്തിയ വീഴ്ചയാണു മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ, അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. നവജാത ശിശു പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മൻസിലിൽ സിറാജുദ്ദീന്റെ ഭാര്യയുമായ അസ്മ (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6ന് പ്രസവിച്ച അസ്മ രാത്രി 9ന് മരിച്ചു. 6നു രാത്രി 12 മണിയോടെയാണ് അസ്മ മരിച്ച വിവരം വീട്ടിൽ അറിയിക്കുന്നത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദ്ദീൻ 5 സുഹൃത്തുക്കൾക്കൊപ്പം ആംബുലൻസിൽ ഇന്നലെ രാവിലെ 7ന് യുവതിയുടെ വീട്ടിലെത്തി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ ഉണങ്ങിയ ചോരപ്പാടുകളുമായി വീട്ടിലെത്തിയപ്പോൾ ബന്ധുക്കളായ സ്ത്രീകൾ ചോദ്യം ചെയ്തു. തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ, യുവതിയുടെ ബന്ധുക്കളും സിറാജുദ്ദീന് ഒപ്പമെത്തിയവരും തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ സ്ത്രീകളുൾപ്പെടെ 11 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്യുപംക്ചർ ബിരുദം നേടിയിട്ടുള്ളവരാണു സിറാജുദ്ദീനും അസ്മയും. സിറാജുദ്ദീൻ ‘മടവൂർ കാഫില’ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്നുണ്ട്. അമാനുഷിക സിദ്ധികളുള്ള വ്യക്തിയായി ഇയാൾ സ്വയം പ്രചരിപ്പിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു.
അസ്മ ഗർഭിണിയാണെന്ന വിവരം മലപ്പുറത്തെ അയൽവാസികൾക്കോ ആരോഗ്യവകുപ്പ് അധികൃതർക്കോ അറിയില്ലായിരുന്നു. രണ്ടുമാസം മുൻപ് ആശാ വർക്കർ എത്തിയിരുന്നെങ്കിലും ഇവർ വീടിനു പുറത്തിറങ്ങിയില്ല. ഗർഭിണിയാണോയെന്ന ചോദ്യത്തിന് അല്ലെന്നു മറുപടിയും നൽകി. അസ്മയുടെ അഞ്ചാം പ്രസവത്തിലാണു മരിച്ചത്. രണ്ടെണ്ണം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലുമാണു നടന്നത്. അസ്വാഭാവിക മരണത്തിനു പെരുമ്പാവൂർ പൊലീസ് കേസെടുത്തു മലപ്പുറം പൊലീസിനു കൈമാറി. അസ്മയുടെ മക്കൾ: മുഹമ്മദ് യാസിൻ, അഹമ്മദ് ഫൈസൽ, ഫാത്തിമത്തുൽ സഹറ, അബൂബക്കർ കദീജ.