
മുനമ്പം കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; സംസ്ഥാന സർക്കാരിന് ആശ്വാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ഭൂമി പ്രശ്നത്തിൽ നിയോഗിച്ച സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, എസ്.മനു എന്നിവരുടെ ഉത്തരവ്. അതേസമയം, കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അപ്പീൽ വേനലവധിക്ക് ശേഷം ജൂണ് 16ന് വീണ്ടും പരിഗണിക്കും.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ വഖഫ് ട്രൈബ്യൂണലിന് മാത്രമേ ഈ കാര്യത്തിൽ ഇടപെടാൻ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് കമ്മിഷൻ നിയമനം റദ്ദാക്കിയത്. സർക്കാർ വേണ്ടത്ര പഠനം നടത്താതെയും വസ്തുതകൾ പരിശോധിക്കാതെയുമായിരുന്നു കമ്മിഷനെ നിയമിച്ചത് എന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് കമ്മിഷനെ നിയമിച്ചത് എന്നാണ് സർക്കാർ വാദം. കമ്മിഷന് ജുഡീഷ്യൽ അധികാരങ്ങളില്ല. കമ്മിഷൻ ശുപാർശകൾ അംഗീകരിക്കണമെന്ന് നിർബന്ധമില്ല എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പൊതുതാത്പര്യമുണ്ടെന്നും ക്രമസമാധാന പ്രശ്നം എന്ന നിലയിലും കമ്മിഷന്റെ പ്രവർത്തനം ആവശ്യമാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതോടൊപ്പം, കമ്മിഷന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ തയാറാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.