
തിരുവനന്തപുരം: സംഭവദിവസം നടന്ന കാര്യങ്ങൾ മുഴുവനും ഓർമ്മയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ മാതാവ് ഷെമി. രാവിലെ ഇളയ മകനെ സ്കൂളിൽ വിട്ട ശേഷം തിരിച്ചു വന്ന് താൻ സോഫയിൽ ഇരുന്നു. അപ്പോൾ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാൻ ഷോൾ കൊണ്ട് കഴുത്ത് മുറുക്കി. ഫർസാനയെ വിളിച്ചുകൊണ്ട് വരാമെന്ന് പറഞ്ഞ് പോയി. പിന്നീട് പോലീസ് ജനൽ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാൻ്റെ ഉമ്മ പറഞ്ഞു. അഫാൻ്റെ ആക്രമണത്തിൽ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാൻ താല്പര്യമില്ല. ഓൺലൈൻ ആപ്പുകളിൽ നിന്ന് ഉൾപ്പെടെ മകൻ വായ്പ എടുത്തിരുന്നു. 25 ലക്ഷം രൂപയ്ക്ക് മുകളിൽ ബാധ്യതയുണ്ട്. പണം ആവശ്യപ്പെട്ട് കടക്കാർ തലേദിവസവും അന്നും നിരന്തരം വിളിച്ചിരുന്നു. തലേദിവസം 50,000 രൂപ ആവശ്യപ്പെട്ട് വീട്ടിൽ അഫ്ഫാനുമൊത്ത് ബന്ധു വീട്ടിൽ പോയിരുന്നു. എന്നാൽ പണം ലഭിച്ചില്ല. കടം വാങ്ങിയതെല്ലാം ഭർത്താവിനെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മ പറഞ്ഞു.
മകനെ കാണാൻ എനിക്കും താല്പര്യമില്ലെന്ന് പിതാവ് റഹീം പ്രതികരിച്ചു. ഇത്രയും ക്രൂരത കാട്ടിയ അവനോട് പൊറുക്കാൻ കഴിയില്ല. ഫർസാനയുടെ കുടുംബത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കാണാൻ താല്പര്യമില്ലെന്നായിരുന്നു ഫർസാനയുടെ കുടുംബം അറിയിച്ചത്. ഇത്രയും വലിയൊരു ബാധ്യത കുടുംബത്തിനുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ചികിത്സയ്ക്ക് പണമില്ലാതെ വലിയ ബുദ്ധിമുട്ടിൽ ആണ് ഇപ്പോൾ. ആരും സഹായിക്കാനില്ലെന്നും റഹീം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]