
വീട്ടിലെത്താൻ നൂറു മീറ്റർ മാത്രം ബാക്കി; കണ്ണീരോടെ അലന്റെ സുഹൃത്തുക്കൾ: ഞെട്ടൽ മാറാതെ നാട്ടുകാർ
പാലക്കാട് ∙ നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. സുഹൃത്തുക്കളിൽ ചിലർ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.
ചേച്ചിയുടെ വീട്ടിൽ പോയി വരാമെന്നു പറഞ്ഞു പോയ അലനെ പിന്നീട് ജീവനോടെ കാണാൻ കഴിഞ്ഞില്ല. വാക്കുകൾ ഇടറിയാണ് എന്താണു സംഭവിച്ചതെന്ന് സുഹൃത്തുക്കൾ വിശദീകരിച്ചത്.
സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണു ജില്ലാ ആശുപത്രിയിൽ തടിച്ചുകൂടിയത്. ∙ വീട്ടിലെത്താൻ നൂറു മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് അലന്റെ ജീവൻ കാട്ടാനയെടുത്തത്.
പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്.
നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവർ കണ്ടില്ല. അലൻ (Photo Arranged)
ആന തട്ടിയപ്പോഴാണ് ഇവർ തിരിച്ചറിഞ്ഞത്.
ആക്രമണത്തിൽ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോൺ വിളിച്ചു. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
മൂന്ന് ആനകൾ കാടിറങ്ങി ജനവാസമേഖലയിൽ എത്തിയിരുന്നു.
തീരാനഷ്ടം
കുടുംബത്തിന്റെ അത്താണിയാണ് അലന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അച്ഛൻ ജോസഫിനു കൂലിപ്പണിയാണ്.
കെട്ടിടം പണിക്ക് പോകുന്ന ജോസഫിനു വല്ലപ്പോഴും മാത്രമാണു പണി ഉണ്ടാകാറ്. അലൻ കുടുംബം നോക്കാൻ തുടങ്ങിയപ്പോഴാണ് ജോസഫിനു വലിയ ആശ്വാസമായത്.കൊല്ലം ലുലു മാളിൽ ജോലിക്കു കയറിയിട്ട് കുറച്ചു മാസങ്ങൾ ആയതേയുള്ളൂ.
സുഹൃത്തുക്കൾ അറിഞ്ഞത് വിജിയുടെ ഫോൺ വിളിയിൽ
പാലക്കാട് ∙ ‘അലൻ രക്തം വാർന്നു കിടക്കുകയാണ്, ഓടിവായോ മക്കളേ’, എന്നു പറഞ്ഞ് അലന്റെ അമ്മ വിജിയുടെ ഫോൺവിളിയെത്തിയപ്പോഴാണ് അലന്റെ സുഹൃത്തും പ്രദേശവാസിയുമായ നിതിനും കൂട്ടുകാരും വിവരമറിഞ്ഞത്. ഉടൻതന്നെ സംഭവസ്ഥലത്തേക്കെത്തി.
അടിവയറ്റിൽ നിന്നു രക്തം വാർന്നു നിലത്തു കിടക്കുന്ന അലനെയാണ് സുഹൃത്തുക്കൾ കണ്ടത്. പെട്ടെന്നുതന്നെ നാട്ടുകാരുടെ സഹായത്തോടെ കാർ സംഘടിപ്പിച്ച് അലനെയും അമ്മ വിജിയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
പക്ഷേ, അലന്റെ ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ലുലു മാളിലെ ജീവനക്കാരനായ അലൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അമ്മയ്ക്കൊപ്പം, സഹോദരി ആൻ മേരിയുടെ പുതുപ്പരിയാരത്തുള്ള ഭർതൃവീട്ടിൽ പോയി തിരികെ വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]