LIVE
പാം ബീച്ചിൽ ഗോൾഫ് കളിച്ച് ട്രംപ്, ചൈനയുടെ ‘കളി’ തെറ്റായെന്ന് വിമർശനം; ‘യുഎസിന് ഇത് സമ്പന്നരാകാനുള്ള അവസരം’
വാഷിങ്ടൻ∙ ചൈനയുടെ പ്രതികാരച്ചുങ്കത്തെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഓഹരി വിപണികൾ നഷ്ടം നേരിടുന്ന ഘട്ടത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിനെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയത്.
ചൈന തെറ്റായി പെരുമാറിയെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തൽ. യുഎസിന്റെ പകരച്ചുങ്കത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച ചൈന, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 34% തീരുവ ചുമത്തിയിരുന്നു.
നിലവിലുള്ള തീരുവയ്ക്കു പുറമെയായിരിക്കും 34% പുതിയ തീരുവ ഏർപ്പെടുത്തുകയെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞത്.
‘‘ചൈന തെറ്റായി പെരുമാറി, അവർ പരിഭ്രാന്തരായി.’’ – ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വർധിച്ചുവരുന്ന ആഗോള വ്യാപാര യുദ്ധ ഭീതിയും ഓഹരി വിപണിയില് സംഭവിച്ച പരിഭ്രാന്തിയും ട്രംപ് തള്ളിക്കളഞ്ഞു. യുഎസിന് സമ്പന്നരാകാനുള്ള അവസരമാണെന്നാണ് പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെയുള്ള ലോകക്രമത്തെ കുറിച്ച് ട്രംപ് പറഞ്ഞത്.
പാം ബീച്ചിൽ ഗോൾഫ് കളിച്ചാണ് ട്രംപ് വാരാന്ത്യം ചെലവിടുന്നത്. ഇതിനെതിരെയും വ്യാപക വിമർശനമുണ്ട്.
അതിനിടെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ രണ്ടാം ദിവസവും വിപണികൾ ഇടിഞ്ഞത് യുഎസ് നിക്ഷേപകർക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്. വാൾസ്ട്രീറ്റ് കുത്തനെ ഇടിഞ്ഞുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്.
ഡൗ ജോൺസ് മൂന്നു ശതമാനത്തിനടുത്ത് നഷ്ടം നേരിട്ടു. ഫ്രാങ്ക്ഫർട്ട് വിപണിയും ലണ്ടൻ വിപണിയും നാല് ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
ടോക്കിയോയിലെ നിക്കി വിപണി 2.8 ശതമാനവും ഇടിഞ്ഞു. ഓഹരിവിപണികൾ നഷ്ടം നേരിടുന്ന ഘട്ടത്തിലും തന്റെ നയങ്ങൾക്ക് ഒരിക്കലും മാറ്റം സംഭവിക്കില്ലെന്നു തന്നെയാണ് ട്രംപ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]