
ജനം കൂട്ടമായി ബീച്ചിലും മാളുകളിലും; ഗതാഗതക്കുരുക്ക് അഴിയാതെ കോഴിക്കോട് നഗരം
കോഴിക്കോട് ∙ പെരുന്നാളിനു പിറ്റേന്ന് ജനം കൂട്ടമായി ബീച്ചിലും മാളുകളിലും ഉല്ലാസത്തിനിറങ്ങിയതോടെ നഗരം വൻ ഗതാഗതക്കുരുക്കിലമർന്നു. വൈകിട്ട് 6 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി പത്തു മണി വരെ നീണ്ടു.
ഇരുനൂറിലേറെ പൊലീസുകാരെ വിവിധ ജംക്ഷനുകളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും തിരക്കു നിയന്ത്രിക്കാനായില്ല.അവധി കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്കു പോകാൻ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും ഇറങ്ങിയവരാണു വഴിയിൽ കുടുങ്ങിയത്. ഓട്ടോറിക്ഷകൾ ഒന്നും ഓട്ടം പോയില്ല.കാറുകളിൽ യാത്രതിരിച്ചവർ വഴിയിൽ കുടുങ്ങുകയും ചെയ്തു.
പലർക്കും ട്രെയിനും ബസും കിട്ടിയില്ലെന്നു പരാതിയുണ്ട്. ക്രിസ്ത്യൻ കോളജ് ജംക്ഷൻ, നടക്കാവ്, കണ്ണൂർ റോഡ്, മലാപ്പറമ്പ് ഭാഗങ്ങളിലാണു ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെട്ടത്.
ബീച്ചിലേക്ക് പോകുന്ന വാഹനങ്ങൾ സിഎച്ച് മേൽപാലത്തിലും ഗാന്ധി റോഡ് മേൽപാലത്തിലും മണിക്കൂറുകളോളം കുടുങ്ങി. ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ തന്നെ സാധിച്ചില്ല.
എത്തിയവർക്ക് വാഹനം നിർത്തിയിടാനും സൗകര്യം കിട്ടിയില്ല.മാങ്കാവ് ജംക്ഷനിൽ സ്വകാര്യ മാളിനു മുന്നിലും വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ച മീഞ്ചന്ത ജംക്ഷനിലും അനുഭവപ്പെട്ടു.വാഹനപ്പെരുപ്പത്തിനു പുറമേ, റോഡ് നിർമാണ ജോലികൾ കൂടി വന്നതോടെയാണ് മലാപ്പറമ്പ് ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.
വയനാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ അര മണിക്കൂറോളമെടുത്താണ് മലാപ്പറമ്പ് ജംക്ഷൻ കടന്നത്. ദേശീയപാതയിലൂടെ വന്നവരും കുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]