റാലിയിൽ മേറ്റുമാരും തൊഴിലാളികളും പങ്കെടുത്തില്ല: ജോലി നിർത്തിവച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിതറ∙ മാലിന്യ മുക്ത പ്രഖ്യാപന ചടങ്ങിലും റാലിയിലും മേറ്റുമാരുടെയും തൊഴിലാളികളുടെയും പങ്കാളിത്തം കുറഞ്ഞെന്നു ആരോപിച്ചു തൊഴിലുറപ്പ് ജോലി നിർത്തി വച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികാര നടപടി പ്രതിഷേധത്തിന് ഇടയാക്കി. ചിതറ പഞ്ചായത്തിലാണ് ഇന്നലെ മസ്റ്റ് റോൾ ഉണ്ടായിരുന്നിട്ടും തൊഴിലാളികൾക്ക് ജോലി നിഷേധിച്ചത്. രണ്ടു ദിവസം മുൻപ് സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായി റാലി നടത്തിയിരുന്നു. വാർഡുകളിൽ നിന്നു മേറ്റുമാരുടെയും തൊഴിലാളികളുടെയും പങ്കാളിത്തം കുറവായിരുന്നു എന്ന് ആരോപിക്കുകയും പണി നൽകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വയ്ക്കാൻ ജീവനക്കാരോട് പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ ആവശ്യപ്പെടുകയുമായിരുന്നു. സംഭവം പ്രസിഡന്റിനെതിരെ പ്രതിഷേധത്തിന് ഇടയാക്കി.
വാശി ഉപേക്ഷിച്ച് തൊഴിൽ ദിനങ്ങൾ പുനരാരംഭിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.ജി.സുരേന്ദ്രൻ നായർ, ഹുമയൂൺ കബീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അസ്ലം മടത്തറ ആവശ്യപ്പെട്ടു. പണി പുനരാരംഭിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്നു ബിജെപി മണ്ഡലം പ്രസിഡന്റ് ലക്ഷ്മി പ്രസാദ് അറിയിച്ചു. ഇന്നു നടക്കുന്ന മേറ്റുമാരുടെ അവലോകന യോഗത്തിന് ശേഷം മാത്രമേ ജോലി തുടങ്ങൂവെന്ന് പ്രസിഡന്റ് വാശി പിടിച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് പിടി വാശിയിൽ നിന്നു പ്രസിഡന്റ് പിൻമാറി. ഇതേസമയം പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിനാൽ അവലോകന യോഗത്തിന് ശേഷം ജോലി തുടങ്ങിയാൽ മതിയെന്നു തീരുമാനിച്ചതാണെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രസിഡന്റ് അറിയിച്ചു.