
അധ്യാപികയും ജീവനക്കാരിയും തമ്മിൽ ‘പൊരിഞ്ഞ അടി’, മുടിയിൽ പിടിച്ചു വലിച്ചു; ചുറ്റും നിന്നു കുട്ടികൾ – വിഡിയോ
മഥുര∙ ഉത്തർപ്രദേശിലെ മഥുരയിലെ അങ്കണവാടിയിൽ അധ്യാപികയും ജീവനക്കാരിയും തമ്മിൽ കയ്യാങ്കളി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
അധ്യാപികയും ജീവനക്കാരിയും നിലത്തുകിടന്ന് പരസ്പരം മുടിയിൽ പിടിച്ചു വലിക്കുന്നതും അടിക്കുന്നതും ചവിട്ടുന്നതും വിഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്ന കുട്ടികളിൽ ചിലരും ജീവനക്കാരിയെ ചവിട്ടുന്നുണ്ട്.
ഇതിനിടെ മറ്റു ജീവനക്കാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരിയെ ഫരീദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൗൻപുരിൽനിന്നു അടുത്തിടെ സ്ഥലം മാറി എത്തിയ അധ്യാപികയായ പ്രീതി തിവാരിയും അങ്കണവാടിയിലെ ജീവനക്കാരിയായ ചന്ദ്രാവതിയും തമ്മിലാണ് സംഘർഷമുണ്ടായത്.
ബുധനാഴ്ച ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ കൈലാഷ് ശുക്ലയോട് റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.
പ്രാഥമിക അന്വേഷണത്തിൽ, പ്രീതി തിവാരിയാണ് വഴക്കിന് തുടക്കമിട്ടതെന്നാണ് വിവരം. ജീവനക്കാരിയായ ചന്ദ്രാവതിയെ ആദ്യം ആക്രമിച്ചത് ഇവരാണെന്നും സൂചനയുണ്ട്.
പ്രീതിക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]