
5 നദികൾ ഒഴുകുന്ന പത്തനംതിട്ട; പക്ഷേ വെള്ളമില്ലാത്ത വാർഡുകളുടെ എണ്ണത്തിൽ മൂന്നാമത് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വരട്ടാർ ഉൾപ്പെടെ ഏകദേശം 5 നദികൾ ഒഴുകുന്ന നാട്. മുന്നൂറോളം കൈത്തോടുകളും അനേകം തണ്ണീർത്തടങ്ങളുമുള്ള പച്ചപ്പിന്റെ തലസ്ഥാന ജില്ല. പക്ഷേ വീടുകളിലെ ശുദ്ധജല ആവശ്യവുമായി ബന്ധപ്പെട്ട ജലസുരക്ഷയുടെ കാര്യത്തിൽ ജില്ല വളരെ പിന്നിലെന്ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സംയുക്ത പഠനം. സംസ്ഥാനത്ത് ജലക്ഷാമമുള്ള പഞ്ചായത്ത് വാർഡുകൾ ഏറ്റവുമധികമുള്ള മൂന്നാമത്തെ ജില്ലയാണ് പത്തനംതിട്ട. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രവും കേരള വന ഗവേഷണ കേന്ദ്രവും സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന കേന്ദ്രവും ചേർന്ന് തയാറാക്കിയ സർവേയിലാണ് ഈ വിവരം.
ജില്ലയിലെ ആകെയുള്ള 1042 വാർഡുകളിൽ 216 വാർഡുകളിലാണ് കടുത്ത ജലക്ഷാമം; ഏകദേശം 20.73 %. തിരുവല്ല, അടൂർ, പന്തളം, പത്തനംതിട്ട എന്നീ നഗരസഭകളിൽ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്നത് പത്തനംതിട്ടയിലാണ്. അടൂരിലും തിരുവല്ലയിലും ചുരുക്കം വാർഡുകളിൽ മാത്രമാണ് ജലക്ഷാമം. എന്നാൽ പത്തനംതിട്ട നഗരസഭയിലെ ഒട്ടേറെ വാർഡുകളിൽ ജലദൗർലഭ്യം വെല്ലുവിളിയാണ്. മല്ലപ്പള്ളി താലൂക്കിലെ പല പഞ്ചായത്ത് വാർഡുകളിലും കിഴക്കൻ മലയോര മേഖലയിലെ ചില വാർഡുകളിലും ഉൾപ്പെടെ ജലക്ഷാമം രൂക്ഷമാണ്.
ഉയരമുള്ള കുന്നുകളും മലയോരവും ജനവാസസ്ഥാനങ്ങളായുള്ള വാർഡുകളിലാണ് പ്രശ്നം രൂക്ഷമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി.സുധീറും പഠനത്തിനു ഏകോപനം നിർവഹിച്ച സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന കേന്ദ്രം ഗവേഷകൻ ഡോ. സിനാൻ നിസാറും പറഞ്ഞു. കഴിഞ്ഞ ദിവസം എംജി സർവകലാശാലയിൽ നടന്ന വിദഗ്ധ സെമിനാറിൽ ഈ കണ്ടെത്തൽ ചർച്ച ചെയ്തു. വൈകാതെ ഇത് സർക്കാരിനു സമർപ്പിക്കുമെന്നും ആവശ്യമായ പരിഹാര നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കാൻ ശുപാർശ നൽകുമെന്നും ഡോ. സുധീർ സൂചിപ്പിച്ചു.
പത്തനംതിട്ട ജില്ലയിലെ ജലക്ഷാമകാലം: മാർച്ച് – മേയ്
∙ ജലവിതരണം ഇടയ്ക്ക് മുടങ്ങുന്നതായി പരാതിപ്പെട്ട കുടുംബങ്ങളുടെ എണ്ണം: 93%
∙ രണ്ട് ദിവസത്തിൽ കൂടുതൽ വെള്ളം ശേഖരിച്ചു വയ്ക്കാൻ സംവിധാനമില്ലാത്ത വീടുകൾ: 50%
∙ ദൈനംദിന ജല ഉപയോഗം അടുത്തകാലത്ത് വർധിച്ച വീടുകൾ: 22%
∙ വീട്ടാവശ്യത്തിനല്ലാതെ ജലം ഉപയോഗിക്കുന്ന വീടുകൾ സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 10%
(തിരുവനന്തപുരത്ത് ഇത് 40% ആണ്. കാർ കഴുകലിനും മറ്റും ജലം ഉപയോഗിക്കുന്നതാണ് ഈ വിഭാഗത്തിലെ വർധനയ്ക്ക് കാരണം)
കാലാവസ്ഥാ മാറ്റം ജില്ലയിലും രൂക്ഷമെന്ന് ഗാർഹിക സർവേ
കാലാവസ്ഥാ മാറ്റം മൂലം ജലക്ഷാമം രൂക്ഷമായതായി പത്തനംതിട്ട ജില്ലയിലെ സർവേയിൽ പങ്കെടുത്ത കുടുംബാംഗങ്ങൾ പറഞ്ഞു. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിൽ ജലവിതരണ സംവിധാനം ഫലപ്രദമാക്കാൻ വേണ്ട ശുപാർശകളും പഠനത്തിന് അനുബന്ധമായി വരും. മർദം കൂട്ടിയാൽ പൊട്ടുകയോ ചോർച്ച അനുഭവപ്പെടുകയോ ചെയ്യുന്നു എന്നതാണ് പത്തനംതിട്ട ജില്ലയിലെ ജലവിതരണത്തിലെ പ്രധാന അപകാത എന്നും ഈ സാങ്കേതിക പ്രശ്നത്തിന് എൻജിനീയറിങ് പരിഹാര മാർഗങ്ങൾ ലഭ്യമാണെന്നും ഗവേഷകനായ ഡോ. സിനാൻ പറഞ്ഞു.