
ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചു; 10 യുവാക്കൾക്ക് എച്ച്ഐവി, 4 മലയാളികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിലാണ് എയ്ഡ്സ് പടർന്നത്. 6 പേർ അതിഥിത്തൊഴിലാളികളും 4 പേർ മലയാളികളുമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് തവനൂർ ജയിൽ അന്തേവാസികളിൽ നടത്താറുള്ള പരിശോധനയ്ക്കിടെ കഴിഞ്ഞ ഡിസംബറിൽ അതിഥിത്തൊഴിലാളിയായ റിമാൻഡ് പ്രതിക്കാണ് ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്. ഇയാളോടു വിശദമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ച കൂട്ടുകാരനെയും പരിശോധിച്ചു.
അയാളും പോസിറ്റീവ് ആയതോടെയാണ് വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ മറ്റുള്ളവർക്കായി പ്രത്യേക പരിശോധനാ ക്യാംപ് നടത്തിയത്. സംഘത്തിലെ 10 പേരെ പരിശോധിച്ചതിൽ 5 പേർക്കും എച്ച്ഐവി കണ്ടെത്തി. ഇതിനു ശേഷം ഇവരുമായി ബന്ധമുള്ള 3 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. സംഘത്തിലെ കൂടുതൽ പേർക്ക് രോഗം പകർന്നിട്ടുണ്ടോയെന്നറിയാൻ അടുത്ത മാസം വീണ്ടും ക്യാംപ് സംഘടിപ്പിക്കും. ബ്രൗൺ ഷുഗർ കുത്തിവയ്ക്കാനാണ് സംഘം പ്രധാനമായും സിറിഞ്ച് പങ്കിട്ടതെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. മറ്റു ചില രാസലഹരികളും കുത്തിവച്ചിട്ടുണ്ട്. വാർത്ത പുറത്തുവന്നതോടെ ഇവരുമായി ബന്ധമുള്ളവർ ഇനി പരിശോധനയ്ക്ക് വരാൻ മടിക്കുമോയെന്ന ആശങ്കയും ആരോഗ്യ വകുപ്പ് പങ്കുവയ്ക്കുന്നു.
എച്ച്ഐവി പരത്തി ലഹരി
സംസ്ഥാനത്ത് 19നും 25നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി ബാധ കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലഹരി കുത്തിവയ്പ് ആണെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. ആകെ എച്ച്ഐവി പോസിറ്റീവിൽ 15% പേരും ഈ പ്രായത്തിൽ ഉള്ളവരാണെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. 2024 ൽ 8% പേരാണ് ലഹരി കുത്തിവയ്പിലൂടെ വൈറസ് ബാധിതരായത്.
സിറിഞ്ചിലൂടെയുള്ള എച്ച്ഐവി: ആദ്യത്തെ സംഭവമല്ല…
മലപ്പുറം ∙ പ്രതികളിൽ എച്ച്ഐവി കണ്ടെത്തിയ സംഭവങ്ങൾ ജില്ലയിൽ നേരത്തെയും. പൊന്നാനിയിൽ പിടിയിലായ ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതിയെ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ ഡോക്ടർക്ക് സംശയം തോന്നി നടത്തിയ എച്ച്ഐവി പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇയാളുടെ 2 കൂട്ടാളികളെ പരിശോധിച്ചപ്പോൾ അതിലൊരാൾക്കും സ്ഥിരീകരിച്ചതായും വിവരം.
ലഹരി ഉപയോഗത്തിലൂടെയാകാം എച്ച്ഐവി പകർന്നതെന്നാണു നിഗമനം. അതേസമയം ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പൊലീസ് തയാറായില്ല. മറ്റൊരു തീരദേശ സ്റ്റേഷനിൽ പോക്കറ്റടി കേസ് പ്രതി കൂടിയായ ഒരാളെ കാണാനില്ലെന്ന് പരാതി ലഭിച്ചു. ദിവസങ്ങൾക്കു ശേഷം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ പ്രത്യേക കേന്ദ്രത്തിൽ വച്ച് സിറിഞ്ചിൽ നിറച്ച ലഹരി കൈമാറാറുണ്ടായിരുന്നെന്ന് പിന്നീട് വിവരം ലഭിച്ചു. ഇയാൾക്ക് എയ്ഡ്സ് ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ജില്ലയിൽ ഒരു വർഷത്തിനിടെ 65 കേസുകൾ
ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ സ്ഥിരീകരിച്ചത് 65 എച്ച്ഐവി കേസുകൾ. ഇത്തവണ ഈ മാസം 1 എച്ച്ഐവി ബാധയാണു കണ്ടെത്തിയത്. അത് വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അംഗത്തിന്റേതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 52 ആയിരുന്നു.
പരിശോധനയ്ക്ക് 7 കേന്ദ്രങ്ങൾ
ജില്ലയിൽ എച്ച്ഐവി പരിശോധനയ്ക്കായി 7 ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്ററുകളുണ്ട്. വളാഞ്ചേരി ലഹരി സംഘത്തിലെ അംഗങ്ങളുടെ രക്തസാംപിളുകൾ പരിശോധിച്ചതും ഇവിടെയാണ്. ജില്ലയിലെ എല്ലാ ജയിലുകളിലും മാസത്തിൽ 2 തവണ എങ്കിലും അന്തേവാസികൾക്ക് എച്ച്ഐവി പരിശോധനയുണ്ട്. പുതുതായി എത്തുന്നവരെയാണ് ഇത്തരത്തിൽ പരിശോധിക്കുക. ഒരു തവണ പരിശോധിച്ചയാളെ പിന്നെ 6 മാസം കഴിഞ്ഞേ പരിശോധിക്കൂ.
എല്ലാവരും വളാഞ്ചേരിക്കാരല്ല
വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിൽ നിന്ന് 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചെങ്കിലും ഇവരെല്ലാവരും വളാഞ്ചേരിക്കാരല്ലെന്ന് ആരോഗ്യ വകുപ്പ്. എച്ച്ഐവി രോഗികളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് തടസ്സമുള്ളതിനാൽ എവിടത്തുകാരാണെന്ന് വ്യക്തമാക്കാനാകില്ല. എന്നാൽ വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരി വിപണനവും ഉപയോഗവുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക ബന്ധത്തിലേക്കാൾ സാധ്യത സിറിഞ്ച് പങ്കിടലിലൂടെ
എയ്ഡ്സ് പകരാൻ ലൈംഗിക ബന്ധത്തിലൂടെയുള്ളതിനേക്കാൾ സാധ്യത സിറിഞ്ച് പങ്കിടുന്നതിലൂടെയുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. സി.ഷുബിൻ പറഞ്ഞു. അതുകൊണ്ടുതന്നെ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നവർക്ക് 2 രീതിയിലുള്ള ദുരന്തത്തിനാണു സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി അടിമത്തം മാറ്റിയെടുക്കാനാകുമെങ്കിലും എയ്ഡ്സ് പോലുള്ളവ പകർന്നാൽ പിന്നീട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ദുഷ്കരമാകുമെന്നും അദ്ദേഹം പറഞ്ഞു.