
സ്വകാര്യ ബസിൽനിന്ന് 150 വെടിയുണ്ട പിടികൂടി; പൊലീസ് നായ മണത്തറിഞ്ഞു, യാത്രക്കാരനും പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി∙ കേരള – കർണാടക അതിർത്തിയിൽ എക്സൈസിന്റെ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്നു 150 വെടിയുണ്ടകൾ പിടികൂടി. യാത്രക്കാരെ തടഞ്ഞുവച്ചു ഡോഗ് സ്ക്വാഡിനെ എത്തിച്ചു നടത്തിയ തെളിവെടുപ്പിനു ശേഷം ഉളിക്കൽ കാലാങ്കി സ്വദേശിയെ കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.ആർ.രാജീവിന്റെ നേതൃത്വത്തിൽ പതിവ് വാഹന പരിശോധനയ്ക്കിടെ ഇന്നലെ 3.45ന് ആണു വെടിയുണ്ട പിടികൂടിയത്. വീരാജ്പേട്ടയിൽ നിന്നു വരികയായിരുന്ന സ്വകാര്യ ബസിന്റെ ബർത്തിൽ ഉടമസ്ഥനില്ലാത്ത നിലയിലുണ്ടായിരുന്ന ബാഗിലായിരുന്നു നാടൻ തിരക്കുഴൽ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ.
എക്സൈസ് ഉടൻ വെടിയുണ്ടകളും ബസും ഇരിട്ടി പൊലീസിന് കൈമാറി. കർണാടകയിൽനിന്നു ലഹരിമരുന്നു കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന സൂചനകളെത്തുടർന്നു ചെക്ക് പോസ്റ്റുകളിൽ ഉൾപ്പെടെ അതിർത്തിയിൽ പരിശോധന ശക്തമാണ്. വെടിയുണ്ട പിടികൂടിയ എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫിസർമാരായ ടി.ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഷിബു, എം.ബി.മുനീർ, വനിതാ സിഇഒ ഷീജ കവളാൻ എന്നിവരും ഉണ്ടായിരുന്നു.
പൊലീസ് നായ മണത്തറിഞ്ഞു; പിടിയിലായി
∙ ഡിവൈഎസ്പി പി.കെ.ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ബസ് സ്റ്റേഷനിൽ എത്തിച്ച പൊലീസ് യാത്രക്കാരെ പോകാൻ അനുവദിച്ചില്ല. കണ്ണൂരിൽ നിന്നു ഡോഗ് സ്ക്വാഡിനെ 6 മണിയോടെ സ്ഥലത്തെത്തിച്ചു. എം.സി.ബിനീഷിന്റെ നേതൃത്വത്തിൽ എത്തിയ ഡോഗ് സ്ക്വാഡ് യാത്രക്കാരെ ഓരോ ബാച്ചായി സ്റ്റേഷൻ പരിസരത്ത് ഇറക്കി പരിശോധിച്ചു. മണം പിടിച്ച പൊലീസ് നായ ഉളിക്കൽ മാട്ടറ കാലാങ്കി സ്വദേശിയെ ചുറ്റി നാലു തവണ കുരച്ചു ചാടിയതോടെ സംശയം തോന്നി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണൻ, എസ്ഐ കെ.ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.