
കോർപറേഷൻ ബജറ്റിൽ പ്രഖ്യാപനം ആശമാർക്ക് ഇൻസെന്റീവ്, പ്രതിമാസം 2000 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ അർഹമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ആശാ വർക്കേഴ്സ് ചെയ്യുന്ന സമരത്തോട് സർക്കാർ മുഖംതിരിക്കുമ്പോൾ അവരെ ചേർത്തുനിർത്താൻ കണ്ണൂർ കോർപറേഷൻ. ആശമാർക്ക് മാസം 2000 രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന് ബജറ്റ് അവതരണത്തിൽ ഡപ്യൂട്ടി മേയർ പി.ഇന്ദിര പ്രഖ്യാപിച്ചു.യുഡിഎഫ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും ആശാ വർക്കർമാരുടെ ആനുകൂല്യം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 46 ദിവസമായി രാപകൽ സമരം ചെയ്യുന്ന ആശാ വർക്കർമാരോടു സർക്കാർ കാണിക്കുന്ന അവഗണനയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് ഡപ്യൂട്ടി മേയർ പി.ഇന്ദിര പറഞ്ഞു.
വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 2025–26 കൊല്ലത്തെ വാർഷികപദ്ധതിയിൽ ഇത് പ്രോജക്ടായി വയ്ക്കും. സർക്കാർ അനുമതി നൽകിയില്ലെങ്കിൽ കോർപറേഷന്റെ തനതുഫണ്ടിൽനിന്ന് ഈ തുക നൽകുമെന്നും ഇന്ദിര പറഞ്ഞു. 126 ആശമാരാണ് കോർപറേഷൻ പരിധിയിലുള്ളത്. ബജറ്റിൽ അനുകൂല പ്രഖ്യാപനം നടത്തിയ പി.ഇന്ദിരയെ കോർപറേഷൻ പരിധിയിലെ ആശാ വർക്കർമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
പുതുച്ചേരിയിൽ ആശമാർക്ക് 18,000 രൂപ; ഉത്തരവായില്ല
മാഹി∙ പുതുച്ചേരി സംസ്ഥാനത്ത് ആശാ വർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തിയത് ജീവനക്കാർക്ക് ആശ്വാസമായി. മാഹി മേഖലയിൽ 15 പേർക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വന്നിട്ടില്ല. വിശദാംശം അറിയാത്തതിനാൽ 18,000 രൂപ എങ്ങനെയാണ് ലഭിക്കുക എന്ന കാര്യത്തിൽ ആശങ്ക ഉണ്ട്.തുടക്കത്തിൽ 3000 രൂപയാണ് ലഭിച്ചിരുന്നത്. സംസ്ഥാന സർക്കാർ 7000 രൂപ അനുബന്ധമായി നൽകാൻ തുടങ്ങിയതോടെ 10000 രൂപ ഓണറേറിയം ആയി മാറി. എന്നാൽ 7000 രൂപ രണ്ടും മൂന്നും മാസം കൂടുമ്പോഴാണ് ഇപ്പോൾ ലഭിക്കുന്നത്.