
കൂടുതൽ തടവുകാർ, കുറച്ചു ജീവനക്കാർ; ഇല്ലായ്മകളുടെ തടവറയിൽ മുട്ടം ജില്ലാ ജയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുട്ടം ∙ തടവുകാരുടെ ബാഹുല്യവും ജീവനക്കാരുടെ കുറവും മൂലം ജില്ലാ ജയിലിന്റെ പ്രവർത്തനം അവതാളത്തിൽ. ആവശ്യമുള്ളതിന്റെ പകുതി ജീവനക്കാർ മാത്രമേ നിലവിൽ ജോലിയിലുള്ളൂ. 50ലധികം ജീവനക്കാർ വേണ്ടിടത്ത് ഉള്ളത് 27 പേർ മാത്രം.അസിസ്റ്റന്റ് പ്രിസൺ ഓഫിസർ–15, ഡപ്യൂട്ടി പ്രിസൺ ഓഫിസർ–5, സൂപ്രണ്ട്–1, അസിസ്റ്റൻറ് സൂപ്രണ്ട് ഗ്രേഡ് വൺ–1, ഗ്രേഡ് 2–1, വെൽഫെയർ ഓഫിസർ–1, ഡ്രൈവർ–1, ക്ലാർക്ക്–2 എന്നിങ്ങനെയാണ് നിലവിലെ സ്റ്റാഫ് പാറ്റേൺ. 2018 ജയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 80 തടവുകാരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 200–250 പേരായി. എന്നാൽ ഈ അനുപാതത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല.
മറ്റു ജില്ലാ ജയിലുകളെ അപേക്ഷിച്ച് മുട്ടം ജയിലിന് വലുപ്പക്കൂടുതൽ ഉള്ളതിനാൽ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നു തടവുപുള്ളികളെ മുട്ടം ജില്ലാ ജയിലിലേക്ക് എത്തിക്കുന്നുണ്ട്. കുറഞ്ഞ ജീവനക്കാരെ വച്ച് കൊടും ക്രിമിനലുകളെ ഉൾപ്പെടെ നിയന്ത്രിച്ചു നിർത്തുക എന്നത് ശ്രമകരമായ ജോലിയാണ്. തടവുപുള്ളികളുടെ എണ്ണം കൂടുമ്പോൾ ഒരു സെല്ലിൽ 40 പേരെ വരെ പാർപ്പിക്കേണ്ടതായി വരാറുണ്ട്. സെല്ലിൽ തടവുകാരുടെ എണ്ണം കൂടുന്നതു ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. മുൻപ് വർക്കിങ് അറേഞ്ച്മെന്റായി രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെ മറ്റ് ജില്ലകളിൽ നിന്നും അനുവദിച്ച് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ നിർത്തലാക്കി.
കന്റീൻ തുറന്നില്ല
4 വർഷം മുൻപു പണിത കന്റീൻ ഇതുവരെ പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. ഇവിടെ ചപ്പാത്തി നിർമാണവും ആലോചിച്ചിരുന്നു. തടവുകാർക്കു വേണ്ട സോപ്പ്, എണ്ണ, ബ്രഷ്, പേസ്റ്റ് തുടങ്ങിയവ കന്റീനിൽ നിന്ന് വാങ്ങാനുള്ള സൗകര്യത്തോടെ സ്റ്റേഷനറി സൗകര്യവും ഒരുക്കാൻ സർക്കാർ വിഭാവനം ചെയ്തിരുന്നു. ഇതിനായി 25 ലക്ഷം രൂപയും മുടക്കിയിട്ടുണ്ട്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കന്റീൻ തുറക്കാനായിട്ടില്ല.