
‘ഇരതേടി വരുന്ന പുലി കെണിതേടി വരില്ല’; ഡയലോഗ് കൊള്ളാം, പക്ഷേ അവസാനം കെണിയിൽ വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊളത്തൂർ∙ ഒന്നരമാസം മുൻപ്, മയക്കുവെടിവയ്ക്കാനുള്ള ശ്രമത്തിനിടെ മടയിൽനിന്ന് ചാടിപ്പോയ ആൺപുലി വനംവകുപ്പ് വച്ച കൂട്ടിൽ കുടുങ്ങി. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ ആവലുങ്കാലിലാണ് ഇന്നലെ പുലർച്ചെ പുലി കുടുങ്ങിയത്. കഴിഞ്ഞമാസം 23ന് ഇവിടെനിന്ന് പെൺപുലിയെ പിടികൂടിയിരുന്നു. ഫെബ്രുവരി 5ന് കൊളത്തൂർ മടന്തക്കോടിലെ മടയിൽ കയറിയ പുലി, മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയിരുന്നു. അന്ന് രക്ഷപ്പെട്ട പുലിയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുൻഭാഗത്തെ വലതുകാലിൽ ആഴത്തിലുള്ള മുറിവുണ്ട്.
ഇത് കെണിയിൽപെട്ടപ്പോൾ ഉണ്ടായതാണെന്നു കരുതുന്നു. ഇ.മധുസൂദനൻ നായരുടെ റബർ തോട്ടത്തിലെ ഗുഹയ്ക്കു സമീപംവച്ച കൂട്ടിലാണ് പുലി കയറിയത്. പുലി പതിവായെത്തുന്ന ഗുഹയ്ക്ക് സമീപം മൂന്നാഴ്ച മുൻപാണ് വനംവകുപ്പ് വീണ്ടും കൂട് വച്ചത്. ഗുഹയിൽനിന്നു പുറത്തേക്കുള്ള മറ്റുവഴികൾ അടച്ചിരുന്നു. പുലിയെ രാവിലെ എട്ടരയോടെ പള്ളത്തിങ്കാലിലെ ഫോറസ്റ്റ് ബീറ്റ് ഓഫിസിലേക്കു മാറ്റി. മുറിവിന് ചികിത്സ ആവശ്യമായതിനാൽ തൃശൂർ പൂത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്കു കൊണ്ടുപോയി. വെറ്ററിനറി സർജന്മാരായ കെ.എ.അഖിൽ പ്രസാദ്, കെ.നിധിയ ജോയ് എന്നിവർ പുലിയെ പരിശോധിച്ചു.
ചിത്രം: അഭിജിത്ത് രവി / മനോരമ
പുലി കെണി അവഗണിച്ചത് 3 ആഴ്ചയോളം; കുടുങ്ങിയത് ഗത്യന്തരമില്ലാതെ
കൊളത്തൂർ ∙ ‘ഇരതേടി വരുന്ന പുലി കെണിതേടി വരില്ല’ എന്ന ഡയലോഗ് പുലിമുരുകൻ സിനിമയിലേതാണെങ്കിലും ഇന്നലെ പിടിയിലായ ആൺപുലിയുടെ കാര്യത്തിൽ അക്ഷരംപ്രതി സത്യമായി. കൊളത്തൂർ ആവലുങ്കാലിൽ ഗുഹയുടെ മുന്നിൽ വനംവകുപ്പ് ഒരുക്കിയ കെണിയുടെ അരികിലൂടെയാണ് പുലി 3 ആഴ്ചയായി ഇരതേടാൻ പോയതും വന്നതും. എന്നിട്ടും കൂട്ടിലേക്ക് മാത്രം തിരിഞ്ഞുനോക്കിയില്ല. അതോടെയാണ് അറ്റകൈ എന്ന നിലയിൽ ഗുഹയിൽ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം ഇരുമ്പ് ഗ്രിൽ വച്ച് അടയ്ക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ഇറങ്ങിപ്പോകാൻ വേറെ വഴിയില്ലാതെ വന്നപ്പോൾ മാത്രമാണ് പുലി കൂട്ടിൽകയറിയത്. അതിൽ പിടിവീണു.
ഒന്നരമാസം മുൻപാണ് വനംവകുപ്പ് ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത്. പുലി ഈ ഗുഹയിലാണ് തമ്പടിക്കുന്നതെന്ന് വ്യക്തമായതിനെ തുടർന്നാണ് ക്യാമറ സ്ഥാപിച്ചത്. ആദ്യ ദിവസം തന്നെ ഗുഹയിലേക്ക് 2 പുലികൾ കയറിപ്പോകുന്ന ചിത്രം ക്യാമറയിൽ ലഭിക്കുകയും ചെയ്തു.അതിനു ശേഷമാണ് കൂട് സ്ഥാപിച്ചത്. അതിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു പെൺപുലി കുടുങ്ങുകയും ചെയ്തു. രണ്ടാമത്തെ പുലി അതേ ഗുഹയിൽ തന്നെയുണ്ടെന്ന് വനപാലകർക്ക് ഉറപ്പായിരുന്നു. ഉടനെ തന്നെ കൂട് സ്ഥാപിക്കാനായിരുന്നു തീരുമാനമെങ്കിലും, പുലിയെ തുറന്നുവിട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിനാൽ പതിയെ മതിയെന്ന ധാരണയിലെത്തി.
പക്ഷേ അപ്പോഴും ക്യാമറ സ്ഥാപിച്ച് ഇതിന്റെ നീക്കങ്ങൾ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന (ആർആർടി) അംഗങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇണ പോയെങ്കിലും ആൺപുലി അവിടെ തന്നെയുണ്ടെന്ന് ഉറപ്പിച്ചു. ഇരതേടി പോകുന്ന പുലി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് ഗുഹയിലേക്ക് തിരിച്ചെത്തുന്നത്. ഒരു ദിവസം വിശ്രമിച്ചതിനു ശേഷം വീണ്ടും ഇരതേടിയിറങ്ങുന്നതാണ് രീതി. ഒരു ദിവസത്തിൽ കൂടുതൽ പുലി ഇതിൽ തങ്ങാറില്ല. പക്ഷേ എവിടെ പോയാലും ഇതിലേക്ക് കൃത്യമായി തിരിച്ചെത്തിയിരുന്നു.
ക്യാമറയിൽ ലഭിച്ച ചിത്രങ്ങൾ പരിശോധിച്ചപ്പോൾ പുലിയുടെ കാലിന് പരുക്കുണ്ടെന്നും വ്യക്തമായി. മടന്തക്കോട് കെണിയിൽ കുടുങ്ങിയപ്പോൾ പൊട്ടിയ കേബിളിന്റെ ഭാഗവും ഈ കാലിലുണ്ടായിരുന്നു. ഈ മുറിവ് വളർന്ന് പുലിയുടെ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടായാൽ, അത് അക്രമകാരിയാകാനുള്ള സാധ്യതയും വനംവകുപ്പ് വിലയിരുത്തി. ഇതോടെയാണ് ഏതുവിധേനയും പുലിയെ പിടിക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഈ മാസം 7നാണ് ഇവിടെ വീണ്ടും കൂട് സ്ഥാപിച്ചത്. അതിനു ശേഷവും പുലി ഗുഹയിലേക്കും തിരിച്ചും പോയെങ്കിലും കൂട്ടിൽ കയറാൻ തയാറായില്ല. കൂടിന് ചുറ്റിലും കറങ്ങിയിട്ടും പുലി അകത്തേക്കു കയറിയില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 5.20 നാണ് പുലി ഗുഹയിലേക്ക് തിരിച്ചെത്തിയത്. ഇത് ക്യാമറയിലൂടെ മനസ്സിലാക്കിയ ആർആർടി ഇതിനു സമീപം നീക്കങ്ങൾ നിരീക്ഷിച്ച് കാവലിരുന്നു. ബുധനാഴ്ച ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് ഗുഹയിൽ നിന്നു പുറത്തേക്കുള്ള മറ്റു വഴികളെല്ലാം അടയ്ക്കുകയും ചെയ്തു. അങ്ങനെയാണ് പുലർച്ചെ പുറത്തിറങ്ങുമ്പോൾ നേരെ കൂട്ടിലാകുന്നത്.
കാണാൻ പള്ളത്തിങ്കാലിലെ വനം വകുപ്പ് ഓഫീസിനു പുറത്തെത്തിയവർ. ചിത്രം: മനോരമ
വനംവകുപ്പിന് അഭിമാനമായി ആർആർടിയുടെ പ്രവർത്തനം
കൊളത്തൂർ ∙ ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ വിശ്വാസം തിരികെ നേടുന്നതിൽ ജില്ലയിലെ വനംവകുപ്പിന് കരുത്താകുന്നതാണ് ഇന്നലെ നടന്ന ഓപ്പറേഷൻ. വനംവകുപ്പ് ജീവനക്കാരുടെയും ദ്രുതപ്രതികരണ സേന(ആർആർടി) അംഗങ്ങളുടെയും ഉറക്കമൊഴിഞ്ഞ രാത്രികൾക്ക് കൂടെയാണ് ഇന്നലെ പുലി ജീവനോടെ കുടുങ്ങിയതിൽ ഫലമുണ്ടായത്. ഒരു മാസത്തെ ഇടവേളയിൽ, ഭീതിപരത്തുന്ന 2 പുലികളെ വനംവകുപ്പ് കൂട്ടിലാക്കിയപ്പോൾ അതിൽ നിർണായകമായത് ആർആർടിയുടെ പ്രവർത്തനങ്ങളാണ്.
പുലിയിറങ്ങിയാൽ ആ സ്ഥലത്തേക്ക് ആദ്യം എത്തുന്നത് ആർആർടിയാണ്. വളർത്തുമൃഗങ്ങളെ അക്രമിക്കുകയോ തുടർച്ചയായി ഇറങ്ങുകയോ ചെയ്താൽ അവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. അതിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതും ആർആർടി ജീവനക്കാരാണ്. ഇങ്ങനെ തുടർച്ചയായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ആവലുങ്കാലിലെ പുലിയുടെ മട (ഗുഹ) ആർആർടി കണ്ടെത്തിയത്.
അതോടെ കാര്യങ്ങൾ എളുപ്പമായി. അതിന് മുൻപ് 6 മാസത്തോളം കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിൽ മാറി മാറി കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. ഗുഹ കണ്ടെത്താൻ കഴിഞ്ഞതാണ് പുലിയെ പിടിക്കുന്നതിൽ ഏറ്റവും നിർണായകമായതും. അങ്ങനെ ഒരേ സ്ഥലത്ത് നിന്ന് 2 പുലികളെ പിടികൂടുകയും ചെയ്തു.പുലിഭീതി പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും ജനങ്ങൾക്ക് വനംവകുപ്പിലുള്ള വിശ്വാസം തിരിച്ചുപിടിക്കാൻ ഇതിലൂടെ സാധിച്ചു. 2009ൽ രൂപീകരിച്ച ആർആർടി ഇപ്പോഴും പൂർണതോതിൽ പ്രവർത്തന സജ്ജമായിട്ടില്ലെങ്കിലും കഠിനാധ്വാനത്തിലൂടെ അതിനെ മറികടക്കാൻ ജീവനക്കാർക്ക് സാധിച്ചതാണ് ഈ നേട്ടം.
കഴിഞ്ഞ ഫെബ്രുവരി 5 ന് പുലി മടന്തക്കോട് മാളത്തിൽ കുടുങ്ങിയപ്പോൾ ഒരു ഷീൽഡ് പോലും ആർആർടിക്ക് ഉണ്ടായിരുന്നില്ല. അതിനു ശേഷം ഡിഎഫ്ഒ കെ.അഷ്റഫ്, റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാർ ഇടപെട്ട് ഇവർക്ക് ഷീൽഡ്, ഹെൽമറ്റ് തുടങ്ങിയവ വാങ്ങിനൽകി. പരപ്പ തടി ഡിപ്പോ ഓഫിസർ കെ.ഇ.ബിജുമോനാണ് ആർആർടിയുടെ തലവൻ. സെക്ഷൻ ഓഫിസർമാരായ കെ.ജയകുമാരൻ, കെ.രാജു, പി.പ്രവീൺ കുമാർ, ബിഎഫ്ഒമാരായ എസ്.എസ്.അശോകൻ, കെ.സുധീഷ്, യു.രവീന്ദ്രൻ, വാച്ചർമാരായ രവി ചെറ്റത്തോട്, നിവേദ്, അമൽ, ജയപ്രസാദ്, രാജൻ എന്നിവരാണ് ആർആർടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പുലിഭീതി ഒഴിയാതെ വനാതിർത്തി മേഖലകൾ
കൊളത്തൂർ∙ ദിവസങ്ങളുടെ ഇടവേളയിൽ 2 പുലികളെ പിടികൂടിയെങ്കിലും പുലിച്ചൂര് വിട്ടൊഴിയാതെ വനാതിർത്തി മേഖലകൾ. വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മാത്രം 2 പുലികൾ ഇനിയും പുറത്തുണ്ട്. 6 മാസം മുൻപ് മുളിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ 2 വലിയ പുലികളെയും 2 ചെറിയ പുലികളെയും കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനേക്കാൾ കൂടുതൽ എണ്ണം പുലികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ പിടിയിലായ പുലിയുടെ ഒരു കാലിന് പരുക്കുണ്ട്. പക്ഷേ പരുക്കില്ലാത്ത, ആരോഗ്യവാനായ ഒരു വലിയ പുലിയുടെ ചിത്രം ഈ മാസം 15 ന് മുളിയാർ പാണ്ടിക്കണ്ടത്ത് ക്യാമറയിൽ പതിഞ്ഞിരുന്നു. ഒരു മാസം മുൻപ് കർണാടക അതിർത്തിയോട് ചേർന്ന് ദേലംപാടി തലപ്പച്ചേരിയിൽ പുലി കിണറ്റിൽ വീണു ചത്തിരുന്നു. ഈ പുലി കർണാടകയിലെ വനങ്ങളിൽ നിന്നെത്തിയതാകാമെന്നാണ് അനുമാനം.
മുളിയാർ പഞ്ചായത്തിലെ ബേപ്പ്, തീയ്യടുക്കം ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വലിയൊരു പുലിയെ കാണുന്നുമുണ്ട്. ബേപ്പ് തായത്ത്മൂലയിലെ കെ.വി.നാരായണന്റെ വീട്ടുമുറ്റത്ത് ചങ്ങലയിൽ കെട്ടിയിട്ട നായയെ കടിച്ചുകൊന്നിരുന്നു. അതിനു പിന്നാലെ തീയ്യടുക്കത്ത് റബർ തോട്ടത്തിൽ പുലിയെ കണ്ടു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ബേപ്പ് നിട്ടൂർമൂലയിലെ എൻ.ദാമോദരന്റെ നായയെ പുലി പിടിക്കുമ്പോൾ കിലോമീറ്ററുകൾക്കിപ്പുറം ആവലുങ്കാലിലെ ഗുഹയിൽ ഇന്നലെ പിടിയിലായ പുലിയുണ്ടായിരുന്നു. വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളാണ് ഇതുറപ്പിക്കുന്നത്. കുറഞ്ഞത് 3 പുലികളെങ്കിലും പുറത്തുണ്ടെന്നാണ് പ്രദേശവാസികളുടെ അനുമാനം. അവയെ കൂടി പിടികൂടുകയെന്നതാണ് വനംവകുപ്പിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
ജില്ലയിൽ പുലി സാന്നിധ്യം സംബന്ധിച്ച് പരാതി ഉയർന്ന് ഒന്നര വർഷം തികയുന്ന സന്ദർഭത്തിലാണ് രണ്ടാമത്തെ പുലിയെ കൂടി വനംവകുപ്പ് പിടികൂടുന്നത്. 2023 സെപ്റ്റംബർ 20ന് രാത്രിയിൽ ഇരിയണ്ണി ടൗണിനു സമീപം പേരടുക്കം റോഡിലാണ് പുലിയെ വ്യക്തമായി കണ്ടതായി കാർ യാത്രക്കാർ പറഞ്ഞത്. അതിനു മുൻപും പലയിടത്തും കണ്ടതായി യാത്രക്കാർ പറഞ്ഞിരുന്നെങ്കിലും അതിന് വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ ഇവർ കണ്ടത് പുലിയെ ആണെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. പക്ഷേ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. അതിനു ശേഷം മുളിയാർ, കാറഡുക്ക, ദേലംപാടി, ബേഡഡുക്ക പഞ്ചായത്തുകളിൽ നിന്നായി നൂറു കണക്കിനു നായകളെ പുലി പിടിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 9 ന് ദേലംപാടി മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങിയതിനു ശേഷമാണ് പുലിയുണ്ടെന്ന് വനംവകുപ്പ് സമ്മതിക്കാൻ തുടങ്ങിയത്. പിന്നാലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടതായി പരാതി ഉയർന്നുതുടങ്ങി.