
മോട്ടർ വാഹന വകുപ്പിന്റെ പ്രചാരണത്തിന് സ്വകാര്യ വാഹനം ഉപയോഗിച്ചതിനെ ചൊല്ലി വിവാദം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മോട്ടർ വാഹന വിഭാഗം നികുതി പിരിച്ചെടുക്കാൻ പ്രചാരണം നടത്തുന്നതിനു സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ വിവാദം. സർക്കാർ പ്രചാരണങ്ങൾക്കു വാഹനം ഉപയോഗിക്കുന്നതിനു വകുപ്പിന്റെ വാഹനം ഇല്ലാത്ത പക്ഷം ടാക്സി പെർമിറ്റ് വാഹനങ്ങൾ വേണമെന്നിരിക്കെ സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിച്ചതിലാണു വിമർശനം ഉയർന്നത്.പഴയ വാഹനങ്ങൾ ഉള്ളവർ വാഹനത്തിന്റെ കുടിശിക 31 ന് അകം അടച്ചു തീർത്താൽ 30 % അടവ് സംഖ്യ കുറയുമെന്നാണു മോട്ടർ വാഹന വകുപ്പ് അറിയിപ്പ്. ഇതിനായി ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതിയുടെ പ്രചാരണത്തിനാണു വടകര മേഖലയിൽ സ്വകാര്യ വ്യക്തിയുടെ, ടാക്സി പെർമിറ്റില്ലാത്ത ജീപ്പ് ഉപയോഗിച്ചത്.
മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തിയും തമ്മിലുള്ള ‘അവിശുദ്ധ ബന്ധ’ത്തിന്റെ ഭാഗമാണ് ഇതെന്നാണു കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ആരോപിക്കുന്നത്. അനധികൃതമായി റെന്റ് എ കാറുകൾ വ്യാപകമായതും കള്ള ടാക്സികൾ റോഡിൽ സർവീസ് നടത്തുന്നതും സംബന്ധിച്ചു നിലവിൽ മോട്ടർ വാഹന വകുപ്പിനു ടാക്സി ഉടമകൾ പരാതി നൽകിയിട്ടും നടപടിയില്ല.ഇതിനിടയിലാണ് സ്വകാര്യ വ്യക്തികളുടെ വാഹനം വകുപ്പു തന്നെ ഉപയോഗിക്കുന്നത്.
വടകരയിൽ ഉപയോഗിച്ച വാഹനം ആർടിഒ ഏജന്റിന്റേതാണെന്നു പറയുന്നു. മോട്ടർ വാഹന സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റിയിട്ടും ഏജന്റുമാരുമായി ഉദ്യോഗസ്ഥർക്കു ബന്ധമുള്ളതിന്റെ തെളിവാണ് ഇത്തരം പ്രവൃത്തിയെന്നു ടാക്സി ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ പരസ്യ പ്രചാരണത്തിനു മോട്ടർ വാഹന വകുപ്പ് വാഹനം വാടകയ്ക്കു ഉപയോഗിച്ചിട്ടില്ലെന്നും സ്വകാര്യ വ്യക്തി പ്രദേശത്തെ ഗുണഭോക്താക്കളെ വിവരം അറിയിക്കാൻ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിൽ വാഹനം ഉപയോഗപ്പെടുത്തിയതാണെന്നുമാണു മോട്ടർ വാഹന വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.