
ഇളങ്ങുളം സഹകരണ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതിയായ ബാങ്ക് സെക്രട്ടറി 27 വർഷത്തിനുശേഷം അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊൻകുന്നം ∙ ഇളങ്ങുളം സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസിലെ മുഖ്യപ്രതിയായ ബാങ്ക് സെക്രട്ടറി പനമറ്റം മുളങ്കുന്നത്തുപറമ്പിൽ ഗോപിനാഥൻ നായർ 27 വർഷങ്ങൾക്കു ശേഷം പിടിയിൽ. 1993 മുതൽ 97 വരെ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടു കേസിലെ മുഖ്യ പ്രതിയായ ഗോപിനാഥൻ നായരെ യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം കഴിഞ്ഞ ദിവസം തടഞ്ഞുവയ്ക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീടു വിജിലൻസ് കോട്ടയം യൂണിറ്റ് എത്തി അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
12 കോടി രൂപയുടെ തട്ടിപ്പിൽ രണ്ടു കോടിയിലധികം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 12 കേസുകളുണ്ടെന്നു വിജിലൻസ് പറഞ്ഞു. കേസുകളിൽ ഒന്നാം പ്രതിയായതോടെ 1998ൽ ഒളിവിൽപോയ ഗോപിനാഥൻ നായർക്കെതിരെ 38 അറസ്റ്റ് വാറന്റുകളും ഇന്റർപോൾ മുഖേന തിരച്ചിൽ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. യുഎസിൽ താമസിക്കുന്ന മകളുടെ അടുത്തേക്കു പോകുന്നതിനു ഭാര്യയുമൊത്തു വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പിടിയിലായത്. ഭാര്യ യാത്ര തുടർന്നെന്നു പൊലീസ് അറിയിച്ചു.
ക്രമക്കേടുകൾ ഇങ്ങനെ
സിപിഎം നേതൃത്വത്തിൽ 1993ൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി 1997 വരെ 12 കോടി രൂപയുടെ ക്രമക്കേടു നടത്തിയതായാണു സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാറായിരുന്ന (ജനറൽ) തോമസ് ടി.പുന്നന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ അന്നു കണ്ടെത്തിയത്. വഴിവിട്ടു വായ്പ നൽകി, വായ്പാ പരിധി ലംഘിച്ചു, ഹുണ്ടി – ബിൽ ഡിസ്കൗണ്ടിങ്ങിൽ വെട്ടിപ്പു നടത്തി തുടങ്ങിയ ക്രമക്കേടുകളാണു കണ്ടെത്തിയത്. 5 ലക്ഷം രൂപ നൽകേണ്ടിടത്ത് 43 ലക്ഷം വരെ വായ്പയായി നൽകിയെന്നും കണ്ടെത്തിയിരുന്നു.ചെക്ക് ഡിസ്കൗണ്ടിങ്ങിനായി ഉപയോഗിച്ച ചെക്കുകളൊന്നും ബാങ്കിൽ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി.