
മികച്ച ഫയർ റസ്ക്യു ഓഫിസർക്കുള്ള ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം രമേഷിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റൂർ ∙ സ്ഥലം മാറ്റം ലഭിച്ച് സ്വന്തം നാട്ടിലെത്തിയ ദിവസം തന്നെ 5 പേരുടെ ജീവൻ രക്ഷിച്ച രമേഷിന്റെ പ്രവർത്തന മികവിന് ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. 2025ലെ മികച്ച ഫയർ റെസ്ക്യൂ ഓഫിസർക്കുള്ള ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണറാണ് ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ ആർ.രമേഷിന് ലഭിച്ചത്. 2024 ജൂലൈ 17നാണ് പാലക്കാട്ട് നിന്നു സ്ഥലം മാറ്റം ലഭിച്ചു ചിറ്റൂർ അഗ്നിരക്ഷാനിലയത്തിലെത്തിയത്. ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾ പിന്നിടുന്നതിനു മുന്നേ ആദ്യ വിളിയെത്തി. നറണി–ആലാംകടവ് നിലംപതിക്കു സമീപം നാലുപേർ പുഴയുടെ നടുവിൽ കുടുങ്ങിയതായാണു വിവരം ലഭിച്ചത്.
നിമിഷങ്ങൾക്കകം സേനാംഗങ്ങൾക്കൊപ്പം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാവുകയും അതിസാഹസികമായി ഒഴുക്കിൽപ്പെട്ട നാലു പേരെയും രക്ഷിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം സ്റ്റേഷനിലെത്തി ഉച്ചഭക്ഷണം കഴിക്കുന്ന നേരത്താണ് കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ ഒരാൾ അകപ്പെട്ട വിവരം അറിയുന്നത്. ശക്തമായ ഒഴുക്കുള്ള വെള്ളച്ചാട്ടത്തിന്റെ മറുകരയിൽ അകപ്പെട്ടയാളെ വടംകെട്ടി അതിലൂടെ രമേഷ് ഇറങ്ങിയാണ് രക്ഷപ്പെടുത്തിയത്.
കൊഴിഞ്ഞാമ്പറ തെനക്കുളം സ്വദേശിയായ രമേഷ് സ്വന്തം നാട്ടിലെത്തി ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ട അഞ്ചുപേരെയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഈ രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം രമേഷിന്റെ മുൻകാല പ്രവർത്തനങ്ങളും പരിശോധിച്ചാണ് മികച്ച ഫയർ റെസ്ക്യു ഓഫിസർക്കുള്ള ഡയറക്ടർ ഓഫ് ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ അംഗീകാരത്തിന് അർഹനാക്കിയതും. 2016 ൽ ജോലിയിൽ പ്രവേശിച്ച രമേഷ് കണ്ണൂർ, തൃശൂർ പാലക്കാട് എന്നിവിടങ്ങളിലെ സേവനത്തിനു ശേഷമാണ് ചിറ്റൂരിലേക്ക് എത്തുന്നത്. വയനാട് ചൂരൽമല ഉരുൾപൊട്ടൽ, ബ്രഹ്മപുരം തീപിടിത്തം എന്നിവിടങ്ങളിലും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.