
വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരെ പരിശോധിച്ച് ആരോഗ്യവകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ക്ഷയരോഗ നിവാരണ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരെ പരിശോധനയ്ക്കു വിധേയരാക്കി ആരോഗ്യവകുപ്പ്. പൊലീസിന്റെ സഹായത്തോടെ തൊടുപുഴ, ചെറുതോണി, ചേലച്ചുവട്, കരിമ്പൻ എന്നിവിടങ്ങളിൽ പരിശോധന നടത്തി. രോഗലക്ഷണമുള്ള 15 പേരുടെ കഫം സാംപിളുകൾ ശേഖരിച്ചു. എന്നാൽ, ഇവരിൽ ആർക്കും രോഗം സ്ഥിരീകരിച്ചില്ല.സംസ്ഥാനത്ത് ആദ്യമായി ഇടുക്കിയിലാണ് ഇത്തരമൊരു പരിശോധനയ്ക്ക് തുടക്കമിടുന്നതെന്നു അധികൃതർ പറഞ്ഞു.നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, പോഷകാഹാരക്കുറവ് ഉള്ളവർ, പുകവലി– മദ്യപാന ശീലമുള്ളവർ, പ്രമേഹ രോഗികൾ, 5 വർഷത്തിനിടെ ക്ഷയരോഗം ബാധിച്ചവർ, വൃദ്ധസദനങ്ങളിൽ കഴിയുന്നവർ, ട്രൈബൽ–തോട്ടം മേഖലകളിൽ ഉള്ളവർ തുടങ്ങി രോഗം പിടിപെടാൻ സാധ്യതയുള്ള 3,33,126 പേരെ സ്ക്രീനിങ്ങിനു വിധേയമാക്കി. ഇതിൽ രോഗലക്ഷണങ്ങൾ കണ്ട 5,430 പേരുടെ കഫ പരിശോധന നടത്തി.
290 പേരെ എക്സ്റേ പരിശോധനയ്ക്കും വിധേയമാക്കി. കഫപരിശോധനയിൽ 126 പേർക്കു ക്ഷയരോഗം സ്ഥിരീകരിച്ചു. ഇവർക്കു സൗജന്യ ചികിത്സ ആരംഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറവ് ക്ഷയരോഗ ബാധിതർ ഉള്ള ജില്ലയാണ് ഇടുക്കിയെന്നും ജില്ലയിൽ നിന്നു ക്ഷയരോഗം പൂർണമായും തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യമെന്നും ജില്ലാ ടിബി ഓഫിസർ ഡോ. ആശിഷ് മോഹൻകുമാർ പറഞ്ഞു. ക്ഷയരോഗ നിർണയവും ചികിത്സയും സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും തികച്ചും സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു.