
‘ശാസ്ത്രീയമായി എങ്ങനെ കേസ് ഇല്ലാതാക്കാം’? ഇ.ഡിയുടെ കൊടകര കുറ്റപത്രം മികച്ച മാതൃകയെന്ന് എം.വി.ഗോവിന്ദൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ബിജെപി നേതാക്കൾക്ക് ഒരു പോറൽ പോലും വരാത്ത തരത്തിൽ, ബിജെപി താൽപര്യങ്ങൾക്ക് അനുസരിച്ച് തിരുത്തി എഴുതിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇ.ഡിയുടെ കുറ്റപത്രം. തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ ഇ.ഡി. അന്വേഷണം പൊലീസ് ആവശ്യപ്പെട്ടത്. തൃശൂരിൽ 6 ചാക്കുകളിൽ കെട്ടി 9 കോടി രൂപ എത്തിച്ചെന്ന് വെളിപ്പെടുത്തിയ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി എടുക്കാൻ പോലും ഇ.ഡി. തയാറായില്ല. ഇതു വിചിത്രമായ കാര്യമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുൻ സെക്രട്ടറി കെ.സുരേന്ദ്രന്റെയും സംഘടനാ സെക്രട്ടറി എം.ഗണേഷിന്റെയും അറിവോടെയാണ് കുഴൽപണ ഇടപാട് നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 53.4 കോടിയുടെ കള്ളപ്പണം ധർമരാജൻ വഴി കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ വെളിച്ചത്തുകൊണ്ടുവന്നെങ്കിലും അന്വേഷിക്കാൻ നിയമപരമായി ചുമതലയുള്ള ഇ.ഡിയും ആദായനികുതി വകുപ്പും ഇതൊന്നും കാണുകയോ ബോധ്യപ്പെടുകയോ ചെയ്യുന്നില്ല.
ഹൈക്കോടതിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇ.ഡി. കുറ്റപത്രം നൽകിയത്. ആലപ്പുഴയിൽ ഹോട്ടലിന്റെ വസ്തു വാങ്ങാനാണ് 3.56 കോടി രൂപ കൊടുത്തുവിട്ടതെന്നാണ് ഇപ്പോഴത്തെ വാദം. ഈ പണത്തിന്റെ ഉറവിടം എന്താണ്. ശുദ്ധ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് ബിജെപി നേതാക്കൾക്കു ക്ലീൻ ചിറ്റ് നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. കേസിൽനിന്ന് ബിജെപി നേതാക്കളെ രക്ഷപ്പെടുത്തുകയാണ് ഇ.ഡി. ചെയ്തിരിക്കുന്നത്. ആർഎസ്എസിനും ബിജെപിക്കും വേണ്ടി എന്തു വൃത്തികെട്ട നിലപാട് സ്വീകരിക്കാനും ഇ.ഡി. തയാറാകുകയാണ്. കരുവന്നൂർ കേസിൽ സിപിഎമ്മിനെ തകർക്കാനുള്ള നീക്കം നടത്താൻ ഇ.ഡിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ ജയിലിൽ അടച്ചത് ഇതിന്റെ ഭാഗമായാണെന്നും ഗോവിന്ദൻ പറഞ്ഞു. ജനങ്ങളുടെ മുൻപിൽ പരിഹാസ്യമായ അവസ്ഥയാണ് ഇ.ഡി.നേരിടുന്നത്. ഇത്തരം പ്രവൃത്തികൾ പൊതുസമൂഹത്തിൽ ചോദ്യം ചെയ്യുമെന്നും 28ന് കൊച്ചിയിലെ ഇ.ഡി. ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.