
‘നാട്ടിൽ വർണവെറിയുണ്ട്; കറുപ്പിനെ ഹീറോ ആക്കാന്‍ കഴിയണം, നിറത്തെച്ചൊല്ലിയുള്ള പരാമർശം ഞെട്ടിച്ചു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിറത്തിന്റെ പേരിലുള്ള പരാമര്‍ശം അപ്രതീക്ഷിതമായിരുന്നുവെന്നും അതു കേട്ട് ഞെട്ടിപ്പോയെന്നും ചീഫ് സെക്രട്ടറി . കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടില്‍ വര്‍ണവെറിയുണ്ട് എന്നതില്‍ സംശയം വേണ്ട. കറുപ്പിനെ ഹീറോ ആക്കാന്‍ കഴിയണം. അപ്പോള്‍ അത് ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും. ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്നു പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
നിറത്തെക്കുറിച്ച് ആരാണ് തന്നോടു പരാമര്‍ശിച്ചതെന്നു പറയുന്നില്ലെന്നും പറഞ്ഞ സമയത്ത് മറുപടി നല്‍കിയില്ലെന്നും ശാരദാ മുരളീധരന് പറഞ്ഞു. ഒരു വ്യക്തിയുടെ മാത്രം മനോഭാവത്തിന്റെ വിഷയമല്ലിത്. സമൂഹത്തിന്റെ മനോഭാവത്തില്‍നിന്ന് അറിയാതെ ഇറങ്ങിവന്ന പ്രയോഗമായിരുന്നു അത്. ഒരു വ്യക്തിയെ മാത്രം ക്രൂശിച്ചതുകൊണ്ടു കാര്യമില്ല. സ്ത്രീ ആയതുകൊണ്ടാവാം ഇത്തരം ചോദ്യമുണ്ടായത്. പക്ഷെ പുരുഷന്മാരും കറുപ്പിന്റെ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. മക്കള്‍ക്കെങ്കിലും കുറച്ചു വെളുപ്പ് കിട്ടാന്‍ വെളുത്ത ഭാര്യയെ തപ്പിയെടുത്തു എന്ന പ്രതികരണം കണ്ടിരുന്നു. വിനോദമേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കാണ് പ്രശ്നം കൂടുതല്‍. നിറവും രൂപഭാവവും ഇങ്ങനെ ആയിരിക്കണം എന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ സ്ത്രീക്കു മുകളില്‍ വരുത്താനാണ് ശ്രമിക്കുന്നത്. പുതിയ തലമുറയിലും എല്ലാത്തരം പ്രവണതകളും ഉണ്ട്. പക്ഷ അവര്‍ കുറേക്കൂടി ശക്തമായി, ഇത്തരം വിവേചനങ്ങളെ അംഗീകരിക്കാതെ, കാണുന്നത് കാണുന്നുവെന്നു പറയാനുള്ള ചങ്കൂറ്റത്തോടെയാണു മുന്നോട്ടുപോകുന്നത്. കറുപ്പിനെ ഹീറോ ആക്കാന്‍ കഴിയണം. അപ്പോള്‍ അത് ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും.
കറുപ്പിനെക്കുറിച്ചുള്ള എന്റെ പ്രശ്നം ഭര്‍ത്താവിനും അദ്ദേഹത്തിന്റെ ഉയരത്തെക്കുറിച്ചുള്ള പ്രശ്നം എനിക്കും അറിയാം. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. അതൊക്കെ തുറന്നു സംസാരിച്ച്, ഒരു ഭാഗത്തും വിഷയമല്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു പ്രണയം. കുടുംബജീവിതത്തില്‍ അത്തരമൊരു അപകര്‍ഷതാബോധം ഒരിക്കലും ഉണ്ടായിട്ടില്ല. ഔദ്യോഗിക ജീവിതത്തില്‍ മുന്‍ഗാമി വലിയ പേരെടുത്ത ആളാകുമ്പോഴാണ് നമുക്ക് പ്രശ്നമുണ്ടാകുന്നത്. അപ്പോഴാണ് താരതമ്യം ഉണ്ടാകുന്നത്. ആ പദവിയിലേക്കുള്ള പിന്‍ഗാമി ഭാര്യ കൂടി ആകുമ്പോള്‍ അതേ സ്വഭാവം തന്നെ തുടര്‍ന്നു പോകണം എന്ന തരത്തിലാണ് പലരും നിരീക്ഷിക്കുന്നത്. പക്ഷെ മുന്‍പുണ്ടായിരുന്നതില്‍നിന്നും വളരെ വ്യത്യസ്തമായ ശൈലി കാണുമ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്.
നിറം കൊണ്ടു വ്യത്യസ്തമായി കാണുന്നത് ജനിച്ചതു മുതല്‍ തന്നെ പലര്‍ക്കും അനുഭവിക്കേണ്ടിവരുന്നതാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇപ്പോള്‍ വരുന്ന പ്രതികരണങ്ങളും അതാണു സൂചിപ്പിക്കുന്നത്. രണ്ടു തരത്തിലാണ് പ്രതികരണങ്ങള്‍ വരുന്നത്. നിങ്ങള്‍ എന്തിനാണ് ഇതൊക്കെ വലുതായി കാണുന്നത്. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുപോകട്ടേ, നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കൂ എന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍ ഞാനും ഇതു കുറേ കേട്ടിട്ടുള്ളതാണെന്നും ജീവിതത്തില്‍ അതു ബാധിച്ചിട്ടുണ്ടെന്നും പറയുന്നവരുമുണ്ട്. ഇതു മൈന്‍ഡ് ചെയ്യണ്ട എന്നു പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
നമ്മുടെ നാട്ടില്‍ വര്‍ണവെറിയുണ്ട് എന്നതില്‍ സംശയം വേണ്ട. വിവാഹം നോക്കുമ്പോള്‍ പെൺകുട്ടിയുടെ സൗന്ദര്യം എന്നു പറയുന്നതിനു മുന്‍പ് തന്നെ പറയുന്നത് വെളുത്ത് സുന്ദരി ആയിരിക്കണം എന്നാണ്. അല്ലാതെ കറുത്ത് സുന്ദരി എന്നത് ആരും തേടി പോകുന്ന പ്രശ്നമില്ല. സുന്ദരിയാണെങ്കില്‍ കറുപ്പ് ആണെങ്കിലും കൊള്ളാം എന്ന രീതിയാണ് കേട്ടിട്ടുള്ളത്. പലയിടത്തുനിന്നും ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കെന്തോ കുറവാണെന്നുള്ള തോന്നലാണ് ഉണ്ടാക്കുന്നത്. അതിനോടു നമുക്ക് ബോധപൂര്‍വം പോരടിക്കേണ്ടിവരും. അതേസമയം ഇരുണ്ട നിറമല്ലാത്തവര്‍ക്ക് അത്തരത്തിലുള്ള പ്രതിസന്ധിയില്ല. അത്തരത്തിലുള്ള വിവേചനം സമൂഹത്തില്‍ നിലനില്‍ക്കുണ്ട്. കറുപ്പാണെങ്കില്‍ എന്താ നല്ല ഐശ്വര്യം ഉണ്ടെന്നുള്ളത് കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ്. കറുപ്പ് എന്നത് ഒരു പ്രശ്നമാണ്, പക്ഷെ നമ്മള് അതിനെ എങ്ങനെയൊക്കെയോ കൈകാര്യം ചെയ്യുന്നുവെന്നാണ് വരുത്തിത്തീര്‍ക്കുന്നത്. കറുപ്പിന് അഴക് എന്നു പറയുന്നതു പോലും ഒരുതരത്തില്‍ ആശ്വാസം തരാന്‍ പറയുന്നതു പോലെയാണ്. സാരമില്ല, കറുപ്പിന് ഏഴഴക് ആണല്ലോ, ദൈവങ്ങള്‍ എല്ലാം കറുപ്പാണല്ലോ എന്നൊക്കെയാണ് പറയുന്നത്. യഥാര്‍ഥത്തില്‍ സമൂഹത്തില്‍ നിറത്തിനോട് ഒരു പ്രശ്നമുണ്ട്- ചീഫ് സെക്രട്ടറി പറഞ്ഞു.
കറുപ്പ് നിറത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ച് ചീഫ് സെക്രട്ടറി സമൂഹമാധ്യമത്തിൽ തുറന്നെഴുതിയതാണ് പൊതുസമൂഹത്തില്‍ വലിയതോതില്‍ ചര്‍ച്ചയായത്. തന്റെ നിറം മുതല്‍ ജോലിയില്‍ വരെ ഒരു സ്ത്രീ നേരിടുന്ന വിമര്‍ശനങ്ങളെയും താരതമ്യപ്പെടുത്തലുകളെയും കുറിച്ചാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. പ്രതിപക്ഷ നേതാവും എംഎല്‍എമാരുള്‍പ്പെടെ നിരവധി പേര് ശാരദാ മുരളീധരന്റെ വാക്കുകളെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തെത്തി. ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തന്റെ അമ്മക്കും കറുപ്പ് നിറമായിരുന്നു എന്ന് കുറിച്ചു. കറുപ്പ് മോശമാണെന്ന ചിന്ത രാഷ്ട്രീയമായി തന്നെ തെറ്റാണ്. പുതിയ തലമുറയിലേക്ക് ഈ കാഴ്ചപ്പാട് പടരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാരദ മുരളീധരന്റെ തുറന്നുപറച്ചില്‍ നല്ലതാണെന്ന് എംപി പറഞ്ഞു. പുതിയ തലമുറയിലെ ആരുമാകില്ല ചീഫ് സെക്രട്ടറിയെ അപമാനിച്ചതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുന്‍ മന്ത്രി ഉള്‍പ്പെടെ വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ശാരദാ മുരളീധരന് പിന്തുണ അറിയിച്ചു.