
എയിംസ് പ്രതീക്ഷയിൽ കേരളം; കിനാലൂരിന് സാധ്യതയേറി: ഉറപ്പുനൽകിയതായി കെ.വി.തോമസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലുശ്ശേരി ∙ ഒരു പതിറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കിനാലൂരിൽ വരാൻ സാധ്യതയേറി. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി.തോമസ്, എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സീനിയർ സെക്രട്ടറി അങ്കിത മിശ്രയുമായി നടത്തിയ ചർച്ചയിലാണ് കേരളത്തിന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമായത്. ഈ ചർച്ചയിൽ കേരളം നിർദേശിച്ചത് കിനാലൂർ മാത്രമാണ്. അവിടെ സംസ്ഥാന സർക്കാർ 200 ഏക്കർ ഏറ്റെടുത്ത കാര്യവും മറ്റ് അനുബന്ധ സൗകര്യങ്ങളുടെ ലഭ്യതയും കെ.വി.തോമസ് കേന്ദ്ര സീനിയർ സെക്രട്ടറിയെ അറിയിച്ചു.
കേന്ദ്രം പുതുതായി അനുവദിക്കുന്ന 4 എയിംസുകളിൽ ഒന്ന് കേരളത്തിനായിരിക്കുമെന്നും ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ കേന്ദ്ര സംഘം കിനാലൂരിലെ സ്ഥലം സന്ദർശിക്കുമെന്നും അങ്കിത മിശ്ര ഉറപ്പുനൽകിയതായി കെ.വി.തോമസ് അറിയിച്ചു.
ഇതുവരെ എയിംസിനു വേണ്ടി കേരളത്തിലെ പല സ്ഥലങ്ങളും ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ കിനാലൂരിനെ മാത്രമാണ് സംസ്ഥാനം നിർദേശിച്ചത്. ആദ്യഘട്ടത്തിൽ കെഎസ്ഐഡിസിയുടെ കൈവശമുള്ള 150 ഏക്കർ ആരോഗ്യ വകുപ്പിനു കൈമാറി. 100 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കി. ഭാവി വികസനം കൂടി കണക്കിലെടുത്ത് കേരളം 250 ഏക്കറാണു കിനാലൂരിൽ സജ്ജമാക്കുന്നത്.
ചർച്ചയിൽ ഇക്കാര്യങ്ങൾ എല്ലാം കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണു കേരളത്തിനു അനുകൂലമായത്.എയിംസ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം താൽപര്യം പ്രകടിപ്പിച്ചതായി കെ.വി.തോമസ് പറഞ്ഞു. കേരള ഹൗസ് അഡീഷനൽ റസിഡന്റ്സ് കമ്മിഷണർ ചേതൻ കുമാർ മീണയും ചർച്ചയിൽ പങ്കെടുത്തു.