
എന്നാല്‍ ഒരിക്കലും ഞാന്‍ അമ്മയെപ്പോലെയാവാന്‍ ആഗ്രഹിക്കില്ല – എന്റെ സ്വപ്നങ്ങളും, കഥകളും ഒരുപാട് വ്യത്യസ്തമാണ്. അത് അമ്മയുടെ പോരാട്ടങ്ങളോടുള്ള ആദരവില്ലായ്മയല്ല; ഞാന്‍ ഉള്‍പ്പെടുന്ന മറ്റേതൊരു സ്ത്രീയും മരവിച്ച മനസ്സുമായോ, സങ്കടം ഉള്ളിലൊതുക്കിയ ചിരിയുമായോ ജീവിതം തള്ളി നീക്കരുതെന്നുള്ള ആഗ്രഹമാണ്.
എത്ര പ്രാവശ്യം ഞാന്‍ അവരെ കണ്ടിട്ടുണ്ടെന്ന് ചോദിച്ചാല്‍ കൃത്യം ഉത്തരമില്ല. കണ്ടതിനും, കേട്ടതിനും, മിണ്ടിയതിനും, ഒപ്പം നടന്നതിനും കണക്കില്ല. ഓരോ പ്രാവശ്യവും വ്യത്യസ്തമായ മുഖഭാവങ്ങളും, മറുപടികളും, ചിന്താഗതികളും മുന്നിലേക്ക് നീട്ടി അവര്‍ എന്നെ ചൊടിപ്പിച്ചു, ചിലപ്പോള്‍ അതിശയിപ്പിച്ചു. വിടര്‍ന്ന കണ്ണുകള്‍ നീട്ടി എഴുതി, വട്ട പൊട്ട് തൊട്ട്, സാരിക്ക് തിളക്കമേകുന്ന കമ്മലുകള്‍ തൂക്കി, അഴകും തോല്‍ക്കുന്ന മട്ടില്‍ നടന്ന അവരെ കുട്ടിക്കാലത്തൊക്കെ ആരാധനയോടെ നോക്കിക്കണ്ടിരുന്നത് എനിക്ക് ഓര്‍മയുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ കാണുമ്പോള്‍ അവര്‍ ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. ചുരിദാറിന് ചേരാത്ത പാന്റും, പാന്റിനു ചേരാത്ത ഷാളും ധരിച്ച് എപ്പോഴും ധൃതിയില്‍ നടന്നകലും. അവരുടെ കണ്ണിലെ തിളക്കം നഷ്ടമായി, കവിളില്‍ കരിമാംഗല്യം തഴച്ച് വളര്‍ന്നു, കറുത്ത കനത്ത മുടിയില്‍ അവിടിവിടങ്ങളിലായി നര ബാധിച്ചു. കടന്നുപോയ കാലങ്ങളുടെ കയ്യൊപ്പ് മാത്രമല്ല അവരുടെ മാറ്റത്തിലുണ്ടായിരുന്നത്. ജീവിതം മോഹിപ്പിച്ച് കബളിപ്പിച്ചതിലുള്ള വിദ്വേഷമായിരുന്നു അതിനു കാരണമായത്.
ഇതു വായിച്ച്, അടുക്കളയിലെ പുകയറയ്ക്കുള്ളില് അകപ്പെട്ടുപോയ നിസ്സഹായയായ സ്ത്രീ എന്ന ധാരണ വന്നിട്ടുണ്ടെങ്കില്‍ അതല്ല അവര്‍. കുട്ടികളെ അക്ഷര ലോകത്തേക്ക് നയിക്കുന്ന ഒരു ടീച്ചറിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവന്നത്. മിത്ര ടീച്ചര്‍ -അതായിരുന്നു അവരുടെ പേര്.
കഴിഞ്ഞുപോയ ഓരോ ദിവസവും ഞാന്‍ ടീച്ചറെ കണ്ടിട്ടുണ്ട്, അവരുടെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ഭാഷയിലെ മൃദുത്വവും, കണ്ണിലെ തിളക്കവും, കവിളുകളിലെ തുടിപ്പും എവിടെക്കാണ് ഓടിപ്പോയതെന്ന് ടീച്ചറിന് അറിയാത്തതുപോലെ തന്നെ എനിക്കും അറിയില്ല. എന്റെയുള്ളിലെ അഞ്ച് വയസ്സുകാരി ഇപ്പോഴും അത്ഭുതത്തോടെ ചോദിക്കുന്നതും ഇതുതന്നെയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അറിഞ്ഞിരുന്ന മിത്രടീച്ചര്‍ എനിക്കിന്ന് അപരിചിതയാണ്. ആശുപത്രി വരാന്തകളില്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഒരു ഭാര്യയായും, തങ്ങള്‍ക്കു ഏറ്റവും പ്രിയമേറിയ അധ്യാപികയെന്ന് കുട്ടികള്‍ വാഴ്ത്തിപ്പാടുന്ന ഒരു ടീച്ചറായും, അവസാന നിമിഷത്തിലും തന്റെ പങ്കാളിയുടെ കൈകള്‍ മുറുക്കെ പിടിച്ച് ജീവന് വിട്ടുനല്‍കില്ല എന്നുള്ള ഒരു പ്രണയിനിയുടെ ശാഠ്യമായും ഞാന്‍ അവരെ കണ്ടിട്ടുണ്ട്.
ഇന്ന് മിത്രടീച്ചറുടെ കണ്ണുകളില്‍ തളംകെട്ടിനില്ക്കുന്ന ഭയമില്ല, പകരം പ്രതീക്ഷയുടെ തിരിനാളങ്ങളാണ്. അധ്യാപികയായും, ഭാര്യയായും, അമ്മയായും, മകളായും, സഹോദരിയായും, മുതലാളിയായും, പല വേഷങ്ങളില്‍ വന്ന് അവര്‍ ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ടു. കഠിന വഴികളില്‍ ഒറ്റക്ക് നടക്കാന്‍ കെല്‍പ്പുള്ള ശക്തയായ സ്ത്രീയായി മാറിയില്ലാരുന്നെങ്കില്‍ ഒരുപക്ഷെ അവര്‍ ജീവിതത്തിനു മുന്പില് തോറ്റുപോയേനെ. അതുകൊണ്ടുതന്നെ അവരുടെ മാറ്റങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു.
ജന്മംകൊണ്ട് അവര്‍ എന്റെ അമ്മയാകുന്നു. ഞാന്‍ അവരുടെ മകളും. പലപ്പോഴായി അമ്മ എനിക്ക് അച്ഛനും, കൂട്ടുകാരിയും ഒക്കെയായ് മാറിയിട്ടുണ്ട്. ഇന്ന് അമ്മയ്ക്ക് അന്‍പത് വയസ് പിന്നിടുമ്പോഴും കുട്ടിത്തവും, യൗവനവും, കൗമാരവുമൊക്കെ ഇടയ്ക്കിടെ കടന്നുപോകുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. അങ്ങനെതന്നെയാണ് ഒരുപാട് സ്ത്രീകളെന്നും ഞാന്‍ കരുതുന്നു.
അതുകൊണ്ട് തന്നെ അമ്മയില്‍ ഞാന്‍ എല്ലാ സ്ത്രീകളെയും കണ്ടു. ഒന്നുകൂടെ പറയുകയാണെങ്കില്‍ എല്ലാ നല്ലവരായ സ്ത്രീകളെയും കണ്ടു. അതില്‍ പ്രണയമുണ്ട്, വെറുപ്പുണ്ട്, ഇഷ്ടമുണ്ട്, സങ്കടമുണ്ട്, സന്തോഷങ്ങളുണ്ട് – അതിനെല്ലാം അപ്പുറത്തേക്ക് അളവറ്റ സ്നേഹമുണ്ട്, നന്മയുണ്ട്. ഇന്ന് ഞാന്‍ കാണുന്ന കാഴ്ചപാടുകളും, ആലോചിച്ചുകൂട്ടുന്ന ചിന്തകളും അമ്മ ബാക്കിവെച്ചതിന്റെ തുടര്ക്കഥകളാണെന്ന് വിശ്വസിക്കുന്നു.
എന്നാല്‍ ഒരിക്കലും ഞാന്‍ അമ്മയെപ്പോലെയാവാന്‍ ആഗ്രഹിക്കില്ല – എന്റെ സ്വപ്നങ്ങളും, കഥകളും ഒരുപാട് വ്യത്യസ്തമാണ്. അത് അമ്മയുടെ പോരാട്ടങ്ങളോടുള്ള ആദരവില്ലായ്മയല്ല; ഞാന്‍ ഉള്‍പ്പെടുന്ന മറ്റേതൊരു സ്ത്രീയും മരവിച്ച മനസ്സുമായോ, സങ്കടം ഉള്ളിലൊതുക്കിയ ചിരിയുമായോ ജീവിതം തള്ളി നീക്കരുതെന്നുള്ള ആഗ്രഹമാണ്.
അമ്മയുടെ ജീവിതവും അതിനുവേണ്ടി നടന്നുതീര്‍ത്ത വഴികളും അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും എനിക്ക് വേണ്ടി കൂട്ടിരുന്ന ഓരോ രാത്രികള്‍ക്കും, പറഞ്ഞു തന്ന ഓരോ കഥകള്‍ക്കും, വേദന മറന്ന് ചിരിച്ച ഓരോ ചിരികള്‍ക്കും, ഇരുട്ടില്‍ തനിച്ചാക്കാതെ കൂടെകൂട്ടിയ ഓരോ ചുവടിനും പറഞ്ഞറിയിക്കാനാവാതത്ര മനോഹരിതയുണ്ട്. ഒരു ആയുഷ്കാലത്തെ മാറ്റുള്ള ഓര്‍മകളാണ് അമ്മ.
അമ്മ എന്നും ഒരു അനുഭവമാണ്. ജീവിതം അവരുടെ കവിളുകളിലെ മിനുസം മായ്ച്ചുവെങ്കിലും, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരിയായ സ്ത്രീ ഇപ്പോഴും അമ്മ തന്നെയാണ്.\
എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]