
തോന്ന്യാസം, അല്ലാതെന്ത് ? 2 മാസം മുൻപ് സ്ഥാപിച്ച സൗരോർജ വേലി സാമൂഹിക വിരുദ്ധർ നശിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമളി ∙ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലി സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. വള്ളക്കടവ് റേഞ്ചിൽ ജനവാസ മേഖലയോടു ചേർന്ന് 2 മാസം മുൻപ് സ്ഥാപിച്ച വേലിയാണ് സാമൂഹിക വിരുദ്ധർ പല സ്ഥലങ്ങളിൽ മുറിച്ചിട്ടിരിക്കുന്നത്. വള്ളക്കടവ് മേഖലയിൽ കഴിഞ്ഞ കുറെ കാലങ്ങളായി ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ എത്തി കൃഷികൾ നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് നബാർഡുമായി നടത്തിയ ചർച്ചകളെ തുടർന്ന് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം വള്ളക്കടവ് മുതൽ 4.6 കിലോമീറ്റർ സൗരോർജ വേലി സ്ഥാപിക്കുന്നതിന് 38 ലക്ഷം രൂപ അനുവദിച്ചു.
കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണ് വേലിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 2 മാസമായി ഈ വേലിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ട്. ഇപ്പോൾ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് സാമൂഹിക വിരുദ്ധർ ഇതു നശിപ്പിച്ചത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കാട്ടിൽ അതിക്രമിച്ച് കടന്നവരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് വള്ളക്കടവ് റേഞ്ച് ഓഫിസർ അരുൺ കെ.നായർ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി.