മദ്യ നിർമാണശാല: മഴവെള്ളം കൊണ്ടു മാത്രം മദ്യനിർമാണശാല സ്ഥാപിക്കാനാകില്ലെന്ന് പഠനറിപ്പോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ഉയർന്ന താപനിലയും മഴയുടെ അളവിൽ കാര്യമായ വ്യതിയാനവും നേരിടുന്ന എലപ്പുള്ളി മേഖലയിൽ മഴവെള്ള സംഭരണം മാത്രം ആശ്രയിച്ചു മദ്യനിർമാണശാല സ്ഥാപിക്കാനാകില്ലെന്ന് ശാസ്ത്രവേദി ജില്ലാ കമ്മിറ്റി നടത്തി പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട്. 2014 മുതൽ 2023 വരെ എലപ്പുള്ളിയിലെ വാർഷിക മഴ ലഭ്യതയിൽ കാര്യമായ വ്യതിയാനമുണ്ട്. മദ്യനിർമാണ പ്ലാന്റിന് വിശ്വസനീയമായ ജലസ്രോതസ്സ് വേണം. 1994 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ കൃഷിസ്ഥലങ്ങൾ 59.6% കുറഞ്ഞു കെട്ടിടങ്ങളും മിശ്ര സസ്യജാലങ്ങളും വർധിച്ചു.
മണ്ണുക്കാടും അനുബന്ധ മേഖലകളിലും രണ്ടു നെൽക്കൃഷി സീസണുകളും കുടിവെള്ള പദ്ധതിയും കുഴൽക്കിണറിനെ ആശ്രയിച്ചാണ്. ജിയോ ടാഗിങ് പ്രകാരം ഭൂഗർഭജലം ഒരേപോലെ വിതരണം ചെയ്യപ്പെടുന്നില്ല. ചില പ്രദേശങ്ങളിൽ കുറഞ്ഞ ആഴത്തിലും മറ്റു ചില പ്രദേശങ്ങളിൽ കൂടിയ ആഴത്തിലും ആണെന്നും പഠനം പറയുന്നു. മഴയുടെ വിശകലനം, ഭൂഗർഭജല വിലയിരുത്തൽ, ജലസ്രോതസ്സുകളുടെ ഗുണനിലവാരം, മദ്യ നിർമാണശാലയിലെ മലിനീകരണം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയ റിപ്പോർട്ടാണ് ജില്ലാ പ്രസിഡന്റ് ഡോ. ലക്ഷ്മി.ആർ ചന്ദ്രൻ തയാറാക്കിയത്. റിപ്പോർട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രകാശനം ചെയ്തു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കു റിപ്പോർട്ട് കൈമാറി. എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, പി.സി.വിഷ്ണുനാഥ്, എം.വിൻസന്റ്, ടി.സിദ്ദിഖ്, കെ.കെ.രമ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെ.വിമലൻ, ഡോ.പ്രവീൺ സാകല്യ, പുണ്യകുമാരി, ഡോ. അരുൺ കരിപ്പാൽ എന്നിവർ പ്രസംഗിച്ചു. ഡോ. പി.വി.ശ്രീ മഹാദേവൻ പിള്ളയാണ് നെന്മാറ എൻഎസ്എസ് കോളജിലെ സുവോളജി വിഭാഗം വിദ്യാർഥികൾക്ക് സാംപിൾ ശേഖരണത്തിനു പരിശീലനം നൽകിയത്. റിപ്പോർട്ട് ഏപ്രിൽ മാസത്തിൽ വിശദമായ ചർച്ചയ്ക്കു വിധേയമാക്കും.