
തിരുവല്ല കെഎസ്ആർടിസി ടെർമിനലിലെ പൂട്ടുകട്ടകൾ മാറ്റുന്ന ജോലി തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തിരുവല്ല ∙ കെഎസ്ആർടിസി ടെർമിനലിലെ ബസ് ബേയിലെ ഇളകി തകർന്ന പൂട്ടുകട്ടകൾ മാറ്റുന്ന ജോലി തുടങ്ങി. നിലവിൽ പൂട്ടുകട്ടകൾ ഏറ്റവും തകർന്നു കിടക്കുന്ന ബസ് പുറത്തേക്കിറങ്ങുന്ന ഭാഗത്തെ പൂട്ടുകട്ടകളാണ് മാറ്റിയിടുന്നത്. കെടിഡിഎഫ്സി അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. മറ്റു രണ്ടു വശത്തേയും പൂട്ടുകട്ടകൾ ഇളക്കിയിടുന്നത് പൊതുമരാമത്ത് വകുപ്പായിരിക്കും.
കഴിഞ്ഞ ദിവസം മന്ത്രി കെ.ബി.ഗണേഷ് കുമാർ ടെർമിനൽ സന്ദർശിച്ചപ്പോൾ മാത്യു ടി.തോമസ് എംഎൽഎയുമായി ചർച്ച നടത്തുകയും എംഎൽഎ ആസ്തി വികസന ഫണ്ട് അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ബസുകൾ ഇറങ്ങിപ്പോകുന്ന ഭാഗത്തെ ആൾനൂഴികൾ വൃത്തിയാക്കിയ ശേഷമാണ് പൂട്ടുകട്ടകൾ ഇടാനുള്ള ജോലി ചെയ്യുക.
നേരത്തേ ഇട്ടതിൽ നിന്നു വ്യത്യസ്തമായി തറ നിരപ്പിൽ ആദ്യം ജിഎസ്ബി ഇട്ട് ഉറപ്പിക്കും. ഇതിനു മുകളിൽ മെറ്റൽ ചിപ്സ് വിരിച്ച ശേഷമാകും പുതിയ പൂട്ടുകട്ടകൾ ഇടുക. ഇതോടൊപ്പം ബസുകൾ തിരിഞ്ഞു വരുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുകയും ചെയ്യും. 3 ആഴ്ചകൊണ്ട് നിർമാണം പൂർത്തിയാകുമെന്നു കെടിഎഫ്സി അധികൃതർ അറിയിച്ചു.