
തിരുവനന്തപുരം: അനിശ്ചിതകാല നിരാഹാരത്തിനിടെ ആശുപത്രിയിലേക്ക് മാറ്റിയ ആശ പ്രവര്ത്തക ആർ ഷീജയ്ക്ക് പകരം വട്ടിയൂർ കാവ് യുപിഎച്ച് എസ്.സി ആശ പ്രവർത്തക ശോഭ നിരാഹാര സമരം തുടങ്ങി. രണ്ട് ദിവസമായി നിരാഹാരമിരിക്കുന്ന ഷീജയെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രി 9.30 ഓടെയാണ് ശോഭ സമരം ഏറ്റെടുത്ത് നിരാഹാരം തുടങ്ങിയത്.
സമരസമിതി നേതാവ് എംഎ ബിന്ദു, തങ്കമണി എന്നിവർ നിരാഹാരം തുടരുകയാണ്. അതേസമയം, കേന്ദ്രസർക്കാരിന്റെ മാർഗരേഖകളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ് മലപ്പുറത്ത് പറഞ്ഞു. സന്നദ്ധസേവകരെന്നാണ് ആശാപ്രവർത്തകരെ മാർഗരേഖയിൽ പരാമർശിച്ചിരിക്കുന്നത്. ഓണറേറിയത്തിൽ ഓരോ വർഷവും വർധനവ് നൽകിയിട്ടുണ്ട്.
ഇനിയും കൂട്ടണം എന്ന് തന്നെയാണ് സര്ക്കാര് നിലപാട്. ഇത് സഭയ്ക്ക് അകത്തും പുറത്തും താൻ പറഞ്ഞതാണ്. പറഞ്ഞത് തെറ്റാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാമായിരുന്നു. ആരും നൽകിയില്ല. കേന്ദ്ര സ്കീം ആണെങ്കിലും ആശമാർക്ക് വേണ്ടി സാധ്യമാവുന്നതെല്ലാം ചെയ്തു. കേന്ദ്രമന്ത്രിയെ കാണുമ്പോൾ ‘വുമൺ വളണ്ടിയർ’ എന്നതിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടും.
2005-2006ൽ പ്രഖ്യാപിച്ച ഇൻസെന്റീവുകൾ ഇതുവരെ കേന്ദ്രം ഉയർത്തിയിട്ടില്ല, ഇതിലും വർദ്ധനവ് ഉണ്ടാവണം. ആശാവർക്കർമാരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകണമെന്നാണ് സർക്കാർ നിലപാട്. പക്ഷേ അതിനായി നിയമപരമായ മാറ്റങ്ങൾ കേന്ദ്രം വരുത്തണം. മലപ്പുറം എടക്കരയിലെ പൊതു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു വീണാ ജോർജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]