
കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി, ലഹരിക്ക് അടിമ: മകനെ പൊലീസിൽ ഏൽപിച്ച് അമ്മ
കോഴിക്കോട് ∙ ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപിച്ച് അമ്മ. എലത്തൂർ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് (26) അമ്മ മിനി പൊലീസിൽ ഏൽപിച്ചത്.
പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.
തുടർന്ന് ഇന്നു രാവിലെ മിനി പൊലീസിെന വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സ്കൂൾ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ മിനി പറഞ്ഞു.
വീട്ടുകാരെ ഉൾപ്പെടെ ഉപദ്രവിക്കാൻ തുടങ്ങി. സമ്പാദ്യം മുഴുവനും നശിപ്പിച്ചു.
പണം നൽകണമെന്നാവശ്യപ്പെട്ടു വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു.
നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും മിനി പറഞ്ഞു. മുൻപും രാഹുലിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാൾ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
എലത്തൂർ പ്രിൻസിപ്പൽ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിക്ക് കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]