
കൊച്ചി ∙ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ഓഹരി വിപണിയിൽ കൂട്ടക്കുതിപ്പ്; സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്; കറൻസി വിപണിയിൽ രൂപയ്ക്കു കൂടുതൽ കരുത്ത്.
നിരക്കു നിർണയ സമിതി യോഗം പലിശ നിരക്കിൽ നിലവിലെ സ്ഥിതി തുടരാനാണു തീരുമാനിച്ചതെങ്കിലും വർഷാവസാനത്തോടെ ഇളവുകൾ സാധ്യമായേക്കുമെന്നു ഫെഡ് റിസർവ് പ്രസിഡന്റ് തലവൻ ജറോം പവലാണു പിന്നീടു സൂചിപ്പിച്ചത്.
ഇന്നലെ (8 ഗ്രാം) 160 രൂപ ഉയർന്ന് 66,480 രൂപയിൽ എത്തിയപ്പോൾ ഓഹരി വിപണിയിൽ സെൻസെക്സ് 76,000 പോയിന്റും നിഫ്റ്റി 23,000 പോയിന്റും പിന്നിട്ടു. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 86.33 നിലവാരത്തിലേക്ക് ഉയരാനായി.
സെൻസെക്സ് ഒരു ഘട്ടത്തിൽ 1,000 പോയിന്റിനു മുകളിലേക്ക് എത്തിയെങ്കിലും ലാഭമെടുപ്പിന്റെ ഫലമായി വ്യാപാരാവസാനത്തോടെ നേട്ടം 899.01 പോയിന്റിൽ ഒതുങ്ങി. സെൻസെക്സ് അവസാനിച്ചത് 76,348.06 പോയിന്റിലാണ്. നിഫ്റ്റി 283.05 പോയിന്റ് ഉയർന്ന് 23,190.65 നിലവാരത്തിലാണു ക്ലോസ് ചെയ്തത്. നാലു ദിവസത്തെ തുടർച്ചയായ കുതിപ്പ് ഓഹരി നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 17.45 ലക്ഷം കോടി രൂപയുടെ വർധനയ്ക്കു സഹായകമായിട്ടുണ്ട്.
പ്രധാനപ്പെട്ട എല്ലാ വ്യവസായ മേഖലകളിൽ നിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ പങ്കാളികളായെന്നതു ശ്രദ്ധേയമായി. ബാങ്കിങ്, ഐടി മേഖലകളിൽനിന്നുള്ള ഓഹരികളാണു മുന്നേറ്റത്തിനു നേതൃത്വം നൽകിയത്. നിഫ്റ്റി ഐടി സൂചികയിൽ ഈ വർഷം തന്നെ 16.4% ഇടിവു നേരിട്ട സാഹചര്യത്തിലാണു പെട്ടെന്നുണ്ടായ മുന്നേറ്റം.
യൂറോപ്യൻ യൂണിയനിൽനിന്നുള്ള രാജ്യങ്ങൾ, പ്രത്യേകിച്ചു ജർമനി, പ്രതിരോധാവശ്യങ്ങൾക്കു വൻതുക നീക്കിവയ്ക്കാൻ കൈക്കൊണ്ട തീരുമാനം ഇന്ത്യൻ വിപണിക്ക് ഓർക്കാപ്പുറത്തു കൈവന്ന സൗഭാഗ്യമായി. കൊച്ചിൻ ഷിപ്യാഡ്, മാസഗൺ ഡോക്, ഗാർഡൻറീച്ച് ഷിപ് ബിൽഡേഴ്സ്, ഭാരത് ഡൈനാമിക്സ് തുടങ്ങി പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ ഓഹരികൾക്കു വിപണിയിൽ കനത്ത പ്രിയമാണ് അനുഭവപ്പെടുന്നത്.
പിടിവിട്ട് സ്വർണം
66,480 രൂപയിലേക്ക് ഉയർന്നതോടെ ഈ വർഷത്തെ വർധന 9280 രൂപയായി. അതായത് 16.22% ഉയർച്ച. ഈ മാസം ഒന്നിലെ വിലയുമായി താരതമ്യപ്പെടുത്തിയാൽ വർധന പവന് 2960 രൂപ. മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 10 ഗ്രാമിന്റെ അവധി വില 89,796 രൂപയിലേക്ക് ഉയരുന്നതു കണ്ടു. രണ്ടു മാസത്തിനകം 10 ഗ്രാമിന്റെ വില 1,00,000 രൂപയിലേക്ക് ഉയർന്നേക്കുമെന്ന് അവധി വ്യാപാരവുമായി ബന്ധപ്പെട്ടവർ പറയുന്നു. ആഗോള തലത്തിലും വില റെക്കോർഡ് നിലവാരം രേഖപ്പെടുത്തി. ന്യൂയോർക്കിൽ അവധി വില ട്രോയ് ഔൺസിന് (31.1035 ഗ്രാം) 3065.09 ഡോളറിലേക്കാണ് ഉയർന്നിരിക്കുന്നത്.
കരുത്തോടെ രൂപ
യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 86.37 നിലവാരത്തിലാണു കഴിഞ്ഞ ദിവസം അവസാനിച്ചതെങ്കിലും ഇന്നലെ വ്യാപാരത്തിന്റെ ആദ്യ മണിക്കുറുകൾക്കുള്ളിൽ 86.25 നിലവാരത്തിലെത്തി. എന്നാൽ വ്യാപാരാവസാനത്തോടെ രേഖപ്പെടുത്തിയ നിരക്ക് 86.33 മാത്രം. കടപ്പത്ര വിപണിയിലേക്കു വിദേശ നിക്ഷേപം കൂടുതലായി എത്താൻ തുടങ്ങിയതു രൂപയ്ക്കു കരുത്തു മെച്ചപ്പെടുത്താൻ സഹായകമായി.
സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ വിദേശ ബാങ്കുകളും കയറ്റുമതി വ്യാപാരികളും ഡോളർ വിൽപന വർധിപ്പിച്ചിട്ടുണ്ട്. ഇതും രൂപയ്ക്കു നേട്ടം സമ്മാനിക്കാൻ ഇടയാക്കിയതായി വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.