
ആലപ്പുഴ: ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് പിടിയിലായത്. 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം മഹേഷിന്റെ നേതൃത്വത്തിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 18.1 കിലോഗ്രാം കഞ്ചാവുമായി അലിഫ് ഷാൻ, മുഹമ്മദ് ബാദുഷ, അജിത്ത് പ്രകാശ് എന്നിവരെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് കേസിന്റെ അന്വേഷണം ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് അശോകകുമാര്‍ നടത്തി വരികയായിരുന്നു. അറസ്റ്റിലായ ജിതിൻ വിമലാണ് പ്രതികൾക്ക് ഒഡീഷയിൽ നിന്ന് കഞ്ചാവ് സംഘടിപ്പിച്ചു കൊടുത്തിരുന്നത്. സുനിൽ ചൂനാട് ജംഗ്ഷൻ കേന്ദ്രീകരിച്ച് ഓട്ടോ പോയിന്റ് എന്ന ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് നടത്തി വരുന്നു. ഇതിന്റെ മറവിലാണ് ഇയാൾ ജില്ലയ്ക്ക് അകത്തും പുറത്തുമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്തിനായി വ്യത്യസ്ത ആളുകളുടെ പേരിലുള്ള എടിഎം കാർഡുകളും സിം കാർഡുകളും പ്രതികൾ ഉപയോഗിച്ചിരുന്നു. ഇവ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും എക്സൈസ് സ്ക്വാഡിന്റെയും സൈബർ സെല്ലിന്റെയും സംയുക്തമായിട്ടുള്ള നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]