
നന്നാക്കിയ റോഡരികിൽ വൻകുഴി;നന്നായി വീഴാൻ സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴഞ്ചേരി∙റോഡരികിലെ വൻകുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. അടുത്ത കാലത്ത് പുനരുദ്ധാരണം പൂർത്തിയാക്കിയ മുട്ടുമൺ – ചെറുകോൽപുഴ റോഡിൽ ഇളപ്പുങ്കലിൽ മൂത്തേടത്തുപടി ഭാഗത്താണു നിരത്തിന്റെ അരികുവരയോടു ചേർന്നു കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ഒരു കലുങ്കു നിർമിച്ചിട്ടുണ്ട്.അതിനോടു ചേർന്നിടത്ത് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ച ഭാഗമാണു വലിയ കുഴിയായിരിക്കുന്നത്.പല വാഹനങ്ങളും ഈ കുഴിയിൽ ചാടി അപകടങ്ങൾ നിത്യസംഭവമായതോടെ പ്രദേശവാസികൾ ചെറിയ കമ്പുകൾ കുഴിയിലേക്ക് ഇറക്കി വച്ചും കല്ലുകൾ എടുത്തു വച്ചും ചുവന്ന റിബൺ കെട്ടിയും അപകട സൂചന നൽകിയിരിക്കുകയാണ്.അതു കാരണം ഇതുവഴി പകൽ സമയത്ത് കടന്നു പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാതെ പോകുന്നു. എന്നാൽ രാത്രി കാലത്തു ചില വാഹനങ്ങൾ കമ്പും മറ്റും ദൂരെ നിന്നു കാണാൻ കഴിയാതെ കുഴിക്ക് അടുത്തെത്തുമ്പോൾ വെട്ടിച്ചു തിരിക്കുന്നതിനാൽ അപകടത്തിൽ പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.മരാമത്ത് അധികൃതരോട് ഈ വിവരം വിളിച്ചു പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആക്ഷേപം.റാന്നി, ചെറുകോൽപുഴ, കോഴഞ്ചേരി ഭാഗത്തു നിന്നുള്ളവർക്കു കുമ്പനാട് എത്താനുളള തിരക്കു കുറഞ്ഞ റോഡായതിനാൽ ഒട്ടേറെ യാത്രക്കാരാണ് ഈ പാത ഉപയോഗിക്കുന്നത്.
പല ഭാഗത്തും ഓടയുടെ പണി പൂർത്തിയാക്കാത്ത നിലയും ഉണ്ട്. അതും അപകടം ക്ഷണിച്ചു വരുത്തുന്നതായാണ് ആക്ഷേപം.സംസ്ഥാന പാതയായ തിരുവല്ല – കുമ്പഴ റോഡിൽ മുട്ടുമൺ ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റോഡ്, ചെട്ടിമുക്ക് ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന പറപ്പുഴ ക്രോസ് റോഡ്, മാരാമൺ ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന കുറിയന്നൂർ മാരാമൺ റോഡ് എന്നീ മൂന്ന് പാതകളെ ബന്ധിപ്പിച്ച് 10.5 കിലോമീറ്റർ നീളത്തിൽ ഉന്നത നിലവാരത്തിൽ നിർമിച്ചതാണ്.റോഡ് പ്രവൃത്തികൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് നിർമാണം തുടങ്ങിയെങ്കിലും നിർമാണ പ്രവൃത്തികൾ എങ്ങുമെത്താതെ ദീർഘനാൾ തകർന്നു കിടന്നിരുന്നു.പ്രവൃത്തികൾ ആരംഭിച്ചെങ്കിലും റോഡിലൂടെയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ജലഅതോറിറ്റിയും തമ്മിൽ തർക്കം ഉടലെടുത്തതോടെ പിന്നെയും മാസങ്ങളോളം പ്രവൃത്തികൾ നിലച്ച മട്ടായിരുന്നു.ഒടുവിൽ പ്രദേശവാസികൾ ചേർന്ന് സമരസമിതി രൂപീകരിച്ചു പ്രക്ഷോഭ പരിപാടികൾക്കു തുടക്കം ഇട്ടതോടെയാണു റോഡ് നിർമാണം വേഗതത്തിലായതും പൂർത്തീകരിച്ചതും.