
കനത്ത മഴയും എത്തി; വിറങ്ങലിച്ച് നെൽക്കർഷകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരകം ∙ ഇന്നലെ വൈകിട്ട് 7.45ന് എത്തിയ വേനൽമഴയിൽ തകർന്ന് നെൽക്കർഷകർ. ആർത്തലച്ച് എത്തിയ മഴയിൽ പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ലിനടിയിൽ വരെ വെള്ളമെത്തി. കാറ്റിലും മഴയിലും വൈദ്യുതി വിതരണം മുടങ്ങിയതിനാൽ നെല്ല് കൂട്ടിയിട്ടിരിക്കുന്ന പാടത്തെ വെള്ളം വറ്റിക്കാനും കഴിയാതെ വിഷമിക്കുകയാണ് കർഷകർ.
ഇന്നലെ പകൽ കൊയ്ത്തു കൂടി കഴിഞ്ഞതോടെ വിവിധ പാടശേഖരങ്ങളിലായി 25,000 ക്വിന്റൽ നെല്ലാണു പാടത്ത് കിടക്കുന്നത്. കൊയ്ത്ത് കഴിഞ്ഞു രണ്ടാഴ്ച മുതൽ ഒരു മാസം വരെ പാടത്ത് കിടക്കുന്ന നെല്ല് പടിഞ്ഞാറൻ മേഖലയിലുണ്ട്. നെല്ലിനു കിഴിവ് ആവശ്യപ്പെട്ടുള്ള മില്ലുകാരുടെ വിലപേശലും നിസ്സഹകരണവും മൂലമാണ് പാടങ്ങളിൽ നെല്ല് കെട്ടിക്കിടക്കാൻ കാരണം. നെല്ല് സംഭരണം മന്ദഗതിയിലാണ് നടക്കുന്നത്.
നെല്ല് എടുക്കാൻ മുട്ടാത്ത വാതിലുകളില്ല
ചെങ്ങളം മാടേകാടു പാടശേഖരത്തെ നെല്ല് സംഭരിക്കുന്നതിനു വേണ്ടി കർഷകർ പല വാതലുകളും മുട്ടിയിട്ടും രക്ഷയില്ല. മില്ല് ഉപേക്ഷിച്ച പോയ നെല്ല് പാടത്ത് കിടക്കാൻ തുടങ്ങിയിട്ടു ഒരു മാസം പിന്നിട്ടു. പാടത്തെ മഴ വെള്ളം വറ്റിക്കാൻ മോട്ടർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നു. വൈദ്യുതി കൂടി മുടങ്ങിയാൽ പാടത്ത് കിടക്കുന്ന നെല്ലിന്റെ കാര്യം കഷ്ടത്തിലാകും.
60 ഏക്കറിലെ 1,200 ക്വിന്റൽ നെല്ലാണു പാടത്ത് കിടക്കുന്നത്. ജില്ലാ ഭരണകൂടവും പാഡി ഓഫിസും ബന്ധപ്പെട്ടിട്ടു പോലും മില്ലുകാർക്കു കുലുക്കമില്ല. ഉപേക്ഷിച്ചതു പിന്നെ എടുക്കില്ലെന്ന നിലപാടിലാണ് ഇവിടെ നിന്ന് നേരത്തെ നെല്ല് സംഭരിച്ച മില്ല്. പുതിയ മില്ല് കണ്ടെത്തി പാടത്തു കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കണമെന്നായിരുന്ന് ജില്ലാ കലക്ടർ പാഡി ഓഫിസിനു നിർദേശം നൽകിയിരുന്നത്. പാഡി ഓഫിസർ പാടത്ത് വന്നു നെല്ല് പരിശോധിച്ചു പോയിട്ടു 2 ദിവസം പിന്നിടുന്നു.
മഴയും തീയും കർഷകർക്കു പേടി
വേനൽമഴ പതിവു പോലെ വൈകുന്നേരങ്ങളിൽ പെയ്യുന്നുണ്ട്. പ്ലാസ്റ്റിക് പടുത കൊണ്ടാണു മാടേകാടു പാടത്തെ നെല്ല് മൂടി സംരക്ഷിച്ചരിക്കുന്നത്. വെയിലും മഴയുമേറ്റതോടെ പടുത പോലും നാശത്തിന്റെ വക്കിലായി. എന്നിട്ടും നെല്ല് സംരക്ഷിക്കാൻ ദിവസവും കർഷകർ പാടത്ത് എത്തുന്നു. നെല്കൂന തുറന്നു നെല്ല് ഉണക്കുന്നു. ഇതിനിടെ ആരോ പാടത്ത് വൈക്കോലിനു തീ ഇട്ടു. തീ പടർന്നു നെല്ലിൻകൂനയ്ക്ക് അടുത്തു എത്തി. ഈ സമയം പാടശേഖര സമിതി കൺവീനർ ലാലിമോൻ തീ കണ്ട് എത്തി കെടുത്തിയത് കൊണ്ടു നെല്ല് കത്തി നശിക്കാതെ രക്ഷിക്കാൻ കഴിഞ്ഞു.
കിഴിവ് രണ്ടിൽനിന്ന് മൂന്നിലേക്ക്
കിഴിവിന്റെ പേരിൽ ഉടക്കി പോയ മില്ലുകാർക്കു പകരം എത്തിയ മില്ല് കിഴക്കേ പള്ളിക്കായൽ പാടശേഖരത്തെ കർഷകരിൽ നിന്നു 3 കിലോ ഗ്രാം കിഴിവ് വാങ്ങും. 100 കിലോ സംഭരിക്കുമ്പോൾ 3 കിലോ ഗ്രാം കുറയ്ക്കും. 2 കിലോ എന്ന കർഷകരുടെ ആവശ്യം പതിര് പോലെയായി. സമീപത്തെ മറ്റ് പാടശേഖരങ്ങളിൽ നിന്ന് ഇത്രയും കിഴിവ് തന്നെ വാങ്ങാനാണ് മില്ലിന്റെ ശ്രമം.
വാലാടിയിലും പ്രശ്നം
നീലംപേരൂർ കൃഷിഭവന്റെ കീഴിലെ വാലടിയിൽ മില്ലുകാർ കൈയൊഴിഞ്ഞു കൂന്തച്ചാൽ പാടശേഖരത്തിലെ സംഭരിച്ച നെല്ല് പാടത്ത് തന്നെ. 42 ഏക്കറിൽ നിന്നും സംഭരിച്ച നെല്ല് കൂട്ടിയിട്ടിട്ട് 8 ദിവസങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത വേനൽമഴയിൽ നിന്നും നെല്ലിനെ സംരക്ഷിക്കാൻ കർഷകർ ഏറെ പാട് പെട്ടു. നിശ്ചയിച്ച മില്ലുകാർ നെല്ല് നോക്കാൻ പോലും തയാറായില്ലെന്ന് കർഷകർ പറഞ്ഞു.
പാഡി ഓഫിസിനെ ബന്ധപ്പെട്ടപ്പോൾ മറ്റൊരു മില്ലുകാരെ ഏർപ്പാടാക്കുമെന്നാണു അറിയിച്ചത്. എന്നാൽ ഇവരും എത്തിയില്ല. ആലപ്പുഴ ജില്ലയിൽ നീലംപേരൂരിൽ കൃഷിഭവനു കീഴിലാണ് പാടശേഖരം. പാടത്ത് കിടക്കുന്ന നെല്ല് കിളിർത്താൽ അധ്വാനം മുഴുവൻ പാഴാകും. വായ്പയെടുത്തും സ്വർണം പണയം വച്ചുമാണു ഭൂരിഭാഗം പേരും ഇത്തവണ കൃഷിയിറക്കിയതെന്നു കർഷകനായ സുകുമാരൻനായർ പറഞ്ഞു. ഇനി നെല്ല് ഏറ്റെടുക്കാൻ തയാറായാൽ വേനൽമഴയുടെ പേര് പറഞ്ഞ് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുമെന്നും കർഷകർ ചൂണ്ടിക്കാട്ടി.
ഇനി എന്തു ചെയ്യും
കൃഷി ചെയ്തു പോയെന്ന കുറ്റമാണോ ഞങ്ങൾ ചെയ്തത്. കൊയ്തു കൂട്ടിയ നെല്ല് സംഭരിക്കാതെ 19 ദിവസമായി പാടത്ത് കിടക്കുന്നു. കലക്ടറെയും പാഡി ഓഫിസറെയും കണ്ടിട്ടു പോലും രക്ഷയില്ല. ഇനി ഞങ്ങൾ എന്തു ചെയ്യണം എന്നാണു ആർപ്പൂക്കര മഞ്ചാടിക്കരി മിഷ്യൻ പാടത്തെ കർഷകരുടെ ചോദ്യം. കൃഷി ഓഫിസറും പാഡി ഓഫിസറും വന്നു നെല്ല് പരിശോധിച്ചിട്ടു സംഭരിക്കുന്നതിനെക്കുറിച്ചു അറിയിക്കാമെന്നാണു അധികൃതർ കർഷകരോട് പറഞ്ഞിരിക്കുന്നത്.
800 ഏക്കറിൽ കൊയ്ത്തുയന്ത്രം എത്തിക്കാൻ റോഡില്ല
കോട്ടയം ∙ ജെ ബ്ലോക്ക് 9000 കായൽക്കര പാടശേഖരത്തിൽ 800 ഏക്കറിലെ നെല്ല് ‘സ്ലീപ്പിങ് മോഡി’ൽ. 800 ഏക്കറിൽ കൊയ്ത്തുയന്ത്രം എത്തിക്കാനുള്ള റോഡ് സൗകര്യമില്ലാത്തതാണ് കർഷകരെ വലയ്ക്കുന്നത്. തമിഴ്നാട്ടിൽ നിന്നെത്തുന്ന കൊയ്ത്തുയന്ത്രത്തിന്റെ ഉടമസ്ഥരാണ് നിലംതൊട്ട നെല്ല് സ്ലീപ്പിങ് മോഡിലെന്നും തല ഉയർത്തി നിൽക്കുന്നതിനെ ‘സ്റ്റാൻഡിങ് മോഡ്’ എന്നും പേരിട്ടത്. സ്ലീപ്പിങ് മോഡിലുള്ള നെല്ല് കൊയ്തെടുക്കാൻ സമയമെടുക്കും. സ്റ്റാൻഡിങ് മോഡിലുള്ളത് കൊയ്തെടുക്കാൻ എളുപ്പമാണ്. ഇനിയൊരു മഴ പെയ്താൽ നിലംപറ്റെ വീണ നെല്ല് കിളിർത്തു തുടങ്ങും.
റോഡ് സൗകര്യമില്ലാത്തതിനാൽ കൊയ്തെടുക്കുന്നത് ഗതാഗത സൗകര്യമുള്ള സ്ഥലത്തേക്ക് എത്തിക്കുന്നതിനു രണ്ടര മണിക്കൂർ എടുക്കുമെന്നു കർഷകനായ ചേരിക്കൽ മുരളി പറയുന്നു. എട്ട് ക്വിന്റൽ നെല്ലുമായാണു കൊയ്ത്ത് യന്ത്രം റോഡ് സൗകര്യമുള്ളിടം വരെ സഞ്ചരിക്കുന്നത്. കൊയ്തെടുക്കുന്ന നെല്ല് ലോറി എത്തുന്ന സ്ഥലത്തേക്ക് എത്തിച്ച് നൽകണമെന്നാണ് സപ്ലൈകോ കർഷകർക്കു നൽകിയിരിക്കുന്ന നിർദേശം.
14 കിലോമീറ്റർ ചുറ്റളവിലുള്ള പാടശേഖരത്തിൽ 450 കർഷകർ ഗതാഗത സൗകര്യമില്ലാത്തതിനാൽ വലയുന്നവരാണ്. ഒരു പാടത്തു നിന്നു മറ്റൊരു പാടത്തേക്ക് റാംപിട്ടാണ് കൊയ്ത്തുയന്ത്രം എത്തിക്കുന്നത്. കൊയ്ത്തിനും യന്ത്രം നെല്ലുമായി സഞ്ചരിക്കുന്നതിനും അടക്കം മണിക്കൂറിനു 2100 രൂപ കർഷകൻ നൽകണം. കൂടാതെ പാടശേഖരത്തിൽ കൂടി കൊയ്ത്ത് യന്ത്രം കടന്നുപോകുമ്പോൾ വരമ്പ് തകരും.
ഇതു പുനർനിർമിക്കണമെങ്കിലും പണച്ചെലവേറെയാണ്. വളം, വിത്ത് എന്നിവ കിലോമീറ്ററുകൾ തലച്ചുമടായി ചുമന്നെത്തിക്കേണ്ടതുണ്ട്. ഭാരിച്ച തൊഴിലാളി ചെലവുമുണ്ട്. കാഞ്ഞിരം മലരിക്കൽ റോഡിന്റെ തുടർറോഡ് ഇറമ്പം വരെ ദീർഘിപ്പിച്ചാൽ പ്രശ്നത്തിനു പരിഹാരമാകുമെന്നു പ്രദേശത്തെ കർഷകർ പറയുന്നു.
ഇനി സംഭരിക്കാനുള്ളത് 20 ലോഡ് നെല്ല് മാത്രം: പാഡി മാർക്കറ്റിങ് ഓഫിസർ
കോട്ടയം∙ മഞ്ചാടിക്കരി, ചെങ്ങളം മാടേക്കാടു പാടശേഖരങ്ങളിൽ നിന്ന് ഇനി 20 ലോഡ് നെല്ല് മാത്രമാണ് സംഭരിക്കാനുള്ളതെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ അനുജ ജോർജ്. ജില്ലയിൽ നിന്നു നെല്ല് ശേഖരിക്കാൻ 14 മില്ലുകൾ മാത്രമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജില്ലയിലെ പാടശേഖരങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ ഗുണനിലവാരം കേന്ദ്ര സർക്കാർ നെല്ല് ശേഖരണത്തിനായി ദേശീയ തലത്തിൽ നിർദേശിച്ചിരിക്കുന്ന സൂചികയ്ക്കും താഴെയാണ്.
ഈ കാരണത്താൽ ഇപ്പോഴുള്ള വിലയിൽ നെല്ല് ശേഖരിക്കുന്നത് നഷ്ടമാകുമെന്ന കാരണം പറഞ്ഞ് എൺപതോളം മില്ലുടമകൾ പൂർണമായി ഒഴിവായി. കേന്ദ്ര നിലവാര സൂചിക പ്രകാരം 100 കിലോ നെല്ല് സംസ്കരണം നടത്തുമ്പോൾ 68 കിലോ അരി ഉൽപാദിപ്പിക്കപ്പെടണം. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് ഇത് ലഭിക്കുന്നില്ല– അവർ പറഞ്ഞു.