
കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് 9000ലെ നെല്ല് സംഭരക്കാത്തതുമൂലം കര്‍ഷകര്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെ കിടക്കുന്ന നെല്ലിന്റെ തൂക്കം കുറയുകയും അത് വിലയിടിവിന് കാരണമാകുകയും ചെയ്യും. ഇതിനിടെ വേനല്‍മഴ കൂടിയെത്തിയാല്‍ നെല്ല് പൂര്‍ണ്ണമായും നശിച്ച് പോകും. സംസ്ഥാന സര്‍ക്കാര്‍ പതിവുപോലെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
മില്ലുടമകള്‍ രണ്ടു ശതമാനം കിഴിവിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതാണ് പ്രശ്നം. ഒരു ക്വിന്റല്‍ നെല്ലെടുത്താല്‍ രണ്ടു കിലോയുടെ പണം കുറച്ചുനല്കുന്ന കൊള്ളയാണിത്. കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തുന്ന ഈ നടപടിയില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നില്ക്കുന്നു. സര്‍ക്കാര്‍ ആരോടൊപ്പമാണ് എന്നാണ് കര്‍ഷകര്‍ക്ക് അറിയേണ്ടത്. കിഴിവ് എന്ന പരിപാടി തന്നെ നിര്‍ത്താലക്കണം. കര്‍ഷകന്റെ അധ്വാനത്തിന്റെ വിലയാണ് മില്ലുടമകള്‍ ചൂഷണം ചെയ്യുന്നത്.
ഉല്പാദനച്ചെലവ് വര്‍ധിക്കുമ്പോഴും നെല്ലിന്റെ വില മാത്രം കൂടുന്നില്ല. ഇത് പരിഹരിക്കാനും നെല്ലിന് ന്യായവില ഉറപ്പാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണം. നെല്ലിന്റെ താങ്ങുവില ചുരുങ്ങിയത് 35 രൂപ ആക്കണം. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമായി 23 രൂപയും സംസ്ഥാനത്തിന്റെതായി 5.20 രൂപയും ചേര്‍ന്ന് 28.20 രൂപയാണ് ലഭിക്കുന്നത്.കാലങ്ങളായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുന്നതിന് പകരം വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില കുടിശ്ശിക എത്രയും വേഗം അനുവദിക്കണമെന്നും കെ.സുധാകരന് ആവശ്യപ്പെട്ടു.
സംഭരിച്ച നെല്ലിന്റെ വില സമയബന്ധിതമായി കര്ഷകന് നല്‍കണം. ഹാന്റിലിംഗ് ചാര്‍ജ്ജ് പൂര്‍ണ്ണമായും സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഹിക്കണം. കാലാവസ്ഥ വ്യതിയാനം, മടവീഴ്ച എന്നിവ മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കണം.ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സുധാകരന് പറഞ്ഞു.
നാടിനെ അന്നമൂട്ടാന്‍ കാലവസ്ഥയോടും ഭരണസംവിധാനങ്ങളോടും പടവെട്ടി പോരാടുന്ന കര്ഷകന് അവഗണനമാത്രമാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. മുഴുവന്‍ അധ്വാനവും സമ്പാദ്യവും ചെലവാക്കിയാലും കര്ഷകന് ദുരിതം മാത്രമാണ് മിച്ചം. വന്‍ തുക പലിശയ്ക്ക് വായ്പയെടുത്താണ് ഓരോ കര്‍ഷകനും കൃഷിയിറക്കുന്നത്. പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വായ്പാ തിരിച്ചടവ് മുടങ്ങി കടബാധ്യതയിലാണ് ഭൂരിഭാഗം കര്‍ഷകരും. ഇനിയൊരു കര്‍ഷകന്റെ ജീവന് പൊലിയാന്‍ ഇടവരുതെന്നും സുധാകരന് പറഞ്ഞു.
കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാരുകള്‍ അമ്പേ പരാജയപ്പെട്ടു. സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ട് പോലും സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. പി.ആര്‍എസ് വായ്പയായി നല്‍കുന്നത് മൂലമുള്ള പ്രയാസം ഇപ്പോഴും കര്ഷകന് അനുഭവിക്കുകയാണ്. നിരന്തരമായി കര്‍ഷകരെ ചതിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും സഹായങ്ങളും സമയബന്ധിതമായി നല്‍കണമെന്ന് ആവശ്യം പലപ്പോഴായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ വെള്ളത്തിലെ വരപോലെയാണ്. കര്‍ഷക താല്‍പ്പര്യങ്ങളോട് നീതിപുലര്‍ത്താത്ത സര്‍ക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലുള്ളത്. കൃഷിവകുപ്പിന്റെയും സിവില്സപ്ലൈസിന്റെയും നിഷ്ക്രിയത്വമാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. ഇതിനെതിരായ ശക്തമായ തിരിച്ചടി ജനം നല്‍കും. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കെ.സുധാകരന് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]