
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.വളരെ റിസ്ക് കുറഞ്ഞ രീതിയിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തി മാതൃക കാട്ടുകയാണ് അനുരാധ ബാലാജി.
സാങ്കേതിക കാര്യങ്ങളെല്ലാംതന്നെ നിർവഹിച്ചുതരുന്ന Tumble Dry എന്നപ്രശസ്തമായ ബ്രാന്ഡിന്റെ ഒരു ഫ്രഞ്ചൈസി അതേപേരിൽത്തന്നെ പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ നടത്തിവരികയാണ് അനുരാധ.
എന്താണ് ബിസിനസ്?
പൊതുസമൂഹത്തിന് ഏറെ ആവശ്യമുള്ള ലോൺട്രി യൂണിറ്റാണിത്. ഫ്രാഞ്ചൈസി വ്യവസ്ഥയിൽ നടത്തുന്നതുകൊണ്ടു റിസ്ക് വളരെ കുറവാണ്. ലോൺട്രിക്കു പുറമേ ഡ്രൈക്ലീനിങ്, സ്റ്റീം അയണിങ്, ഷൂ ക്ലീനിങ്, ടോയ്സ് ക്ലീനിങ്, കർട്ടൻ, കമ്പിളി ക്ലീനിങ് എന്നിവയെല്ലാം ഏറ്റെടുത്തു ചെയ്യും. കസ്റ്റമർ ഏൽപിക്കുന്ന എല്ലാ സേവനങ്ങളും കൃത്യമായും മികവോടെയും ചെയ്തുകൊടുക്കുക വഴി നേടിയ അംഗീകാരം വളർച്ചയുറപ്പാക്കുന്നു.
ബിസിനസ് കുടുംബത്തിലെ വേറിട്ട സംരംഭം
ഒരു ബിസിനസ് കുടുംബമാണ് അനുരാധയുടേത്. ഭർത്താവ് ബാലാജി 10 വർഷമായി സേഫ്റ്റി എക്യുപ്മെന്റുകളുടെ വിതരണം നടത്തുകയാണ്. ‘ശ്രീ മുത്തപ്പൻ ലോട്ടറീസ്’ എന്ന പേരിൽ ലോട്ടറി വിതരണ സ്ഥാപനവും തൃശൂർ–പാലക്കാട് ജില്ലയിൽ നടത്തുന്നുണ്ട്. ഭർത്താവിന്റെ സഹായത്തോടെയാണെങ്കിലും തികച്ചും വേ്ര റിട്ട സംരംഭമാണ് അനുരാധ തിരഞ്ഞെടുത്തത്.
45 ലക്ഷം രൂപ നിക്ഷേപം
സ്ഥാപനത്തിൽ 45 ലക്ഷം രൂപയുടെ ആകെ നിക്ഷേപമുണ്ട്. ഇതിൽ 8 ലക്ഷം രൂപ ഫ്രാഞ്ചൈസി ലൈസൻസ് ഫീസാണ്. ഒപ്പം വരുമാനത്തിന്റെ 7.5% വിഹിതവും നൽകണം എന്നതാണ് ഫ്രാഞ്ചൈസി കരാർ.
എൽജിയുടെ വാഷിങ് മെഷീൻ, ഡ്രയർ, ഡ്രൈക്ലീനിങ് മെഷീൻ, സ്റ്റീം, അയണിങ് മെഷീൻ തുടങ്ങിയ പ്രധാന മെഷീനറികൾക്കായി 20 ലക്ഷം രൂപ പിഎംഇജിപി പദ്ധതിപ്രകാരം വായ്പയെടുത്തു. 7 ലക്ഷം രൂപ സർക്കാർ സബ്സിഡിയായി ലഭിച്ചു. ബാക്കി തുക സ്വന്തം നിലയിൽ കണ്ടെത്തി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അനുരാധ ഉൾപ്പെടെ ആറു പേർ ജോലിചെയ്യുന്നു.
നേരിട്ട് ഓർഡർപിടിച്ച് പ്രവർത്തനം
Tumble dry എന്ന ട്രേഡ്മാർക്കാണ് ഫ്രാഞ്ചൈസി ബിസിനസ് എന്ന രീതിയിൽ ലഭിച്ചത്. സാധാരണ ലോൺട്രിയിൽ ചെയ്യാത്ത പല കാര്യങ്ങളും ഇവിടെ ചെയ്യാം. ഉപയോഗിക്കുന്ന സൊല്യൂഷനുകളെല്ലാം സപ്ലൈചെയ്യുന്നത് ഫ്രാഞ്ചൈസി ഉടമകളാണ്. അതിനെല്ലാം കൃത്യമായി പണം നൽകണം. കസ്റ്റമേഴ്സിനെ സ്വന്തം നിലയിൽ കണ്ടെത്തുകയാണ്.
സംരംഭത്തിന്റെ മേന്മകൾ
∙ സാധാരണ ലോൺട്രിയിൽ ചെയ്യാത്ത ഷൂ ക്ലീനിങ്, ടോയ് ക്ലീനിങ്, കർട്ടൻ ക്ലീനിങ്, കമ്പിളി ക്ലീനിങ് എന്നിവയെല്ലാം ചെയ്യുന്നു.
∙ ഗുണനിലവാരം മികച്ചതായിരിക്കും. ഉപയോഗിക്കുന്ന സൊല്യൂഷനുകൾ പൊതുവിപണിയിൽ ലഭിക്കുന്നവയല്ല.
∙ ഓരോ കസ്റ്റമറിന്റെയും വസ്ത്രങ്ങൾ പ്രത്യേകം ക്ലീൻചെയ്യുന്നു, ഒരു തുണിയാണെങ്കിൽ പോലും.
∙ കാലാവസ്ഥ നോക്കാതെ വർക്കുചെയ്യാം. അതുകൊണ്ടു കൃത്യസമയത്ത് ഡെലിവറി സാധ്യമാണ്.
∙ ഫ്രാഞ്ചൈസി ആയതിനാൽ ബ്രാൻഡിന്റെ പരസ്യങ്ങൾവഴി ഉപഭോക്താക്കളെ ആകർഷിക്കാം. പിന്നീട് ഇവർ മറ്റുള്ളവരോടു പറഞ്ഞും കൂടുതൽ ഉപഭോക്താക്കൾ വരുന്നുണ്ട്.
∙ ഹോസ്പിറ്റലുകളിലെ വാഷിങ് ജോലികൾ ഇവിടെ ചെയ്യുന്നില്ല.
റേറ്റ് അൽപം കൂടും
റേറ്റ് അൽപം കൂടുമെങ്കിലും വസ്ത്രങ്ങൾ ഏറ്റവും വൃത്തിയും സുഗന്ധപൂരിതവുമായി ലഭിക്കും എന്നതാണു മേന്മ. ഷർട്ട്, പാന്റ് പോലുള്ളവ വാഷ്ചെയ്ത്, അയൺചെയ്തു നൽകുന്നതിനു കിലോഗ്രാമിന് 120 രൂപയാണ് നിരക്ക്. ഷൂ, ടോയ്സ് എന്നിവയ്ക്ക് വലുപ്പം, രൂപം എന്നിവയനുസരിച്ചാണ് നിരക്ക്.
സെറ്റു മുണ്ടുകൾപോലുള്ളവയ്ക്ക് കിലോഗ്രാമിന് 90 രൂപയും സാരികളുടെ ഡ്രൈക്ലീനിങ്ങിന് 225 രൂപയുമാണ് നിരക്ക്. പക്ഷേ, ആകർഷകമായ ഡിസ്കൗണ്ടുകൾ നൽകാറുണ്ട്. 3 ലക്ഷം രൂപയോളമാണ് ശരാശരി മാസവരുമാനം. അതിൽ 30% അറ്റാദായം ലഭിക്കുന്നുണ്ട്. തുടങ്ങിയിട്ട് 2 വർഷം ആകുന്നതേയുള്ളൂ. ഒരുവർഷംകൂടി കഴിഞ്ഞാൽ മികച്ച ലാഭത്തിലേക്കെത്തുമെന്നാണ് അനുരാധ പറയുന്നത്.
കൊമേഴ്സ്യൽ ലോൺട്രി
ഭാവിയിൽ കൊമേഴ്സ്യൽ ലോൺട്രികൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് അനുരാധ. ഹോസ്പിറ്റൽ, ഹോട്ടൽ തുടങ്ങിയവയുടെ തുണിത്തരങ്ങളും വാഷ്ചെയ്ത് ഡ്രൈക്ലീൻചെയ്ത്, അയണിങ് നടത്തി നൽകുവാനുള്ള സംവിധാനമാകും കൊമേഴ്സ്യൽ ലോൺട്രിയിൽ ഒരുക്കുന്നത്.
ലേഖകരൻ സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്
മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]