
“ഞാനൊരു ആവറേജ് നടനായിരുന്നു, സിനിമയോട് അടങ്ങാത്ത സ്നേഹമോ പാഷനോ ഉണ്ടായിരുന്നില്ല, എന്നാലിന്ന് അങ്ങനെയല്ല, സിനിമയെ ഞാൻ സ്നേഹിച്ചു തുടങ്ങിയപ്പോൾ സിനിമയും തിരിച്ചെന്നെ സ്നേഹിക്കാൻ തുടങ്ങിയെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. അയാളൊരു മികച്ച നടനാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാനാണ് ഇപ്പോഴെന്റെ പരിശ്രമം”… പറയുകയാണ് ഹേമന്ത് മേനോൻ. ലിവിങ്ങ് ടുഗെതർ എന്ന ഫാസിൽ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഹേമന്ത്. തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം ഫാസിൽ എന്ന ഇതിഹാസ സംവിധായകന്റെ ചിത്രം എന്നത് സ്വപ്നതുല്യമായ തുടക്കം തന്നെയായിരുന്നു. എന്നാൽ എന്തുകൊണ്ടോ കരിയർ ഗ്രാഫിൽ മികച്ചതെന്ന് എഴുതി ചേർക്കാൻ ആ തുടക്കം ഹേമന്തിനെ സഹായിച്ചില്ല. 15 വർഷത്തിനിടയ്ക്ക് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു, അതിൽ ഹേമന്തിനെ ഓർത്തിരിക്കുന്ന ചിത്രങ്ങൾ വളരെ കുറവും. കരിയറിൽ അങ്ങനെ സംഭവിക്കാനുള്ള കാരണം തന്റെ ഉഴപ്പ് തന്നെയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഹേമന്ത്. ഒപ്പം ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിൽ റോയ് എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രതികരണം നേടിയ സന്തോഷത്തിലും… സിനിമാ വിശേഷങ്ങളും സ്വപ്നങ്ങളുമായി ഹേമന്ത് മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
ഔസേപ്പിന്റെ മകൻ റോയ്.. കാത്തിരുന്ന് കിട്ടിയ കഥാപാത്രമാണോ?
ഞാൻ കുറച്ചുനാളായി നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ചില സിനിമകൾ അതിനിടയ്ക്ക് വന്നിരുന്നു. പക്ഷേ നല്ല കഥയോ നല്ല കഥാപത്രമോ, ക്രൂവോ ആയിരുന്നില്ല പലതും. അത്തരം സിനിമകൾ ചെയ്യണ്ട എന്ന് കരുതി ബോധപൂർവ്വമുള്ള ഒരു കാത്തിരിപ്പായിരുന്നു ഇത്. ആ കാത്തിരിപ്പ് വെറുതെയായില്ല.
ചിത്രത്തിൻ്റെ പോസ്റ്റർ
കുട്ടേട്ടന്റെ (വിജയരാഘവൻ ) മകൻ വേഷം, ദിലീഷേട്ടന്റെയും ഷാജോൺ ചേട്ടന്റെയും കൊച്ചനിയൻ റോയ്. നന്നായി പെർഫോം ചെയ്യാനുള്ള ഒരു കഥാപാത്രം ആയിരുന്നു. സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെ റോയ് ആണ്. അങ്ങനെ ഭാഗ്യം പോലെ വന്ന ഒരു സിനിമയാണിത്.
വിജയരാഘവൻ, ദിലീഷ് പോത്തൻ, ഷാജോൺ തുടങ്ങി ഗംഭീര അഭിനേതാക്കൾക്കൊപ്പം ഒന്നിച്ചപ്പോൾ?
ഇവർക്കൊപ്പം പെർഫോം ചെയ്യുക എന്നത് തന്നെ ഭാഗ്യമാണ്. ഗംഭീര അഭിനേതാക്കളാണ് കുട്ടേട്ടനും ദിലീഷേട്ടനും ഷാജോൺ ചേട്ടനും എല്ലാം. വളരെ പ്രൊഫഷണൽ ആയ ആർട്ടിസ്റ്റുകൾ. സിനിമ നന്നാവണമെന്ന് മാത്രം ആഗ്രഹിക്കുന്ന ആൾക്കാരാണ്. പിടിവാശിയോ ഈഗോയോ ഒന്നുമില്ല. സിനിമ നന്നാവാനായി, അതിലെ കഥാപാത്രങ്ങൾ നന്നാവാനായി എന്ത് കഷ്ടപ്പാട് വേണമെങ്കിലും ചെയ്യും.
ഹേമന്ത് മേനോൻ ദിലീഷ് പോത്തനൊപ്പം
കുട്ടേട്ടനൊക്കെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. ഷൂട്ടിന് ഇടയ്ക്കുള്ള സമയത്ത് രണ്ടുമണിക്കൂറൊക്കെ എനിക്ക് അഭിനയത്തെക്കുറിച്ച് ക്ലാസ്സെടുത്തു തന്നിട്ടുണ്ട് കുട്ടേട്ടൻ. ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയാൽ തന്നെ ഈ അറിവുകൾ കിട്ടണമെന്നില്ല. ഒരു നാലു പതിറ്റാണ്ടിലെ അനുഭവസമ്പത്തുണ്ട് കുട്ടേട്ടന്. അതിന്റെ ആകെ തുകയാണ് നമുക്ക് ഈ പറഞ്ഞു തരുന്നത്. അതൊക്കെ ഒരു ഭാഗ്യമല്ലേ. അതുപോലെതന്നെ പോത്തേട്ടൻ ആയാലും ഷാജോൺ ചേട്ടൻ ആയാലും നമ്മുടെ സ്പേസിലേക്ക് കൈ കടത്താതെ നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്ന ആൾക്കാരാണ്. ഇതുപോലെ ഓരോരുത്തരും ഒരുമിച്ച് ആ സീൻ എങ്ങനെ ബെറ്റർ ആക്കാം എന്ന് ചിന്തിച്ചാണ് മുമ്പോട്ട് പോയിരുന്നത്. എന്റെ കരിയറിലെ ഏറ്റവും നല്ല എക്സ്പീരിയൻസ് ആയിരുന്നു ഈ ചിത്രത്തിലേത്.
ബന്ധങ്ങളുടെ കഥയാണ് ഔസേപ്പിന്റെ ഒസ്യത്ത് ?
നല്ലൊരു സാഹോദര്യ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയിലെ സഹോദരങ്ങൾക്കിടയിൽ എന്നതുപോലെ ഞങ്ങൾക്കിടയിലും നല്ലൊരു ബോണ്ട് ഉണ്ടായിരുന്നു. ബ്രദർഹുഡ് എന്നതിലുമുപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. ഒഴിവുസമയത്ത് ആരും തന്നെ കാരവനിൽ പോയിരിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ആയിരുന്നില്ല. എല്ലാവരും ഒരുമിച്ച് തന്നെയായിരുന്നു. അതിന് സിനമയിലെ ഔസേപ്പിന്റെ ബംഗ്ലാവ് ആയ ആ വീടും വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്. സ്വന്തം വീട് എന്ന ഫീൽ ഒരുക്കാൻ ആ ബംഗ്ലാവിന് സാധിച്ചിട്ടുണ്ട്..
ഔസേപ്പും മക്കളും മാത്രമല്ല എല്ലാവരും പ്രധാന കഥാപാത്രങ്ങളാണ്?
സിനിമയുടെ തിരക്കഥ എടുത്തുപറഞ്ഞേ മതിയാവൂ. ഫസൽ ഹസന്റേതാണ് തിരക്കഥ. ഓരോ കഥാപാത്രത്തിലും ഒരുപോലെ പ്രധാന്യം കൊടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. വന്നുപോകുന്ന ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. പാപ്പിയാവട്ടെ, പാപ്പിയുടെ മോൾ ആകട്ടെ,എന്റെ സുഹൃത്ത് അജിയുടെ കഥാപാത്രമാകട്ടെ എല്ലാവർക്കും ചിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ട്. ആ വ്യക്തിക്ക് സ്ക്രീൻ ടൈം കുറവാണെങ്കിലും അയാൾ എന്താണ് എന്നുള്ളത് കൃത്യമായി മനസ്സിലാക്കാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ട്. അത് എഴുത്തിന്റെ മികവാണ്.
ശരത് ചന്ദ്രനെന്ന നവാഗത സംവിധായകനിൽ കണ്ട പ്രത്യേകത?
ശരത് വളരെ ക്ലാരിറ്റിയുള്ള സംവിധായകനാണ്. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആളാണ്. എന്താണ് ഈ കഥാപാത്രത്തിന് വേണ്ടതെന്ന് കൃത്യമായി അറിയാം. അതൊരു പുതുമുഖ സംവിധായകന് വേണ്ട ക്വാളിറ്റിയാണ്. കൃത്യമായ പ്ലാനിങ്ങ് ഉള്ള സംവിധായകൻ ആയതുകൊണ്ട് തന്ന അഭിനേതാക്കൾക്കും ടെൻഷനേ ഉണ്ടായിരുന്നില്ല. സമാധാനത്തോടെ ചിത്രീകരണം തീർക്കാൻ സാധിച്ചു.
കുറച്ച് നിഷ്കളങ്കനായ കഥാപാത്രങ്ങളാണ് ഹേമന്ത് ഇതേവരെ ചെയ്തതിൽ ഏറെയും ?
അതെന്റെ മുഖത്തിന് കുറച്ച് ഇന്നസെൻസ് ഉള്ളതു കൊണ്ടായിരിക്കും. അത് രണ്ടുതരത്തിൽ ഉപയോഗിക്കാം കാണുമ്പോൾ നിഷ്കളങ്കതയുള്ള മാന്യതയുള്ള വില്ലൻ വേഷത്തിനായി ഉപകരിക്കാം. നല്ലവനായ നായകൻ ആകാനും പറ്റും. ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് പക്ഷേ നെഗറ്റീവ് കഥാപാത്രം ചെയ്യാനാണ്. അങ്ങനത്തെ സിനിമകൾ വരാൻ ഉണ്ട്. എന്റെ ആദ്യ ചിത്രമായ ലിവിങ്ങ് ടുഗെതർ മതൽ ഡോക്ടർ ലവ്, ഓർഡിനറി, തുടങ്ങി കുറേ സിനിമകളിൽ ഈ പറഞ്ഞ നിഷ്കളങ്കനായ കഥാപാത്രങ്ങളായിരുന്നു.
ഹേമന്തിൻ്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ
ചാപ്പ്റ്ററിൻ്റെ പോസ്റ്റർ
അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് വെല്ലുവിളി ഇല്ല. നമ്മുടെ മുഖത്തുള്ള ആ ഇന്നസെന്റ് ലുക്ക് വച്ച് ചെയ്ത് ഫലിപ്പിക്കാൻ വലിയ ബുദ്ധിമുട്ടില്ല. ഒരുപക്ഷേ റോയ്ക്ക് ആകും കുറച്ചകൂടി ലെയറുകൾ ഉള്ളത്. ഞാൻ അതിനിടയ്ക്കും ചില വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ അതിന് അത്ര സ്വീകാര്യത കിട്ടിയില്ല. അരവിന്ദ് സ്വാനമി തനിയൊരുവനിൽ ചെയ്തത് പോലുള്ള വില്ലൻ വേഷങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
15 വർഷമാവുന്നു സിനിമയ്ക്കൊപ്പം കൂടിയിട്ട് ?
ഒരുപാട് കയറ്റവും ഇറക്കവും കണ്ടു പതിനഞ്ച് വർഷത്തെ ഈ യാത്രയിൽ. ആകസ്മികമായി സിനിമയിലെത്തിയ ആളാണ് ഞാൻ. വന്ന കാലത്തൊക്കെ ഞാൻ നന്നായി ഉഴപ്പിയിരുന്നു. സിനിമയെക്കുറിച്ച് ബോധവാനേ ആയിരുന്നില്ല. സിനിമയെ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് വരുന്ന സിനിമകൾ ചെയ്യും, അഭിനയിക്കും പോകും എന്നതല്ലാതെ അതിനോടൊരു പാഷൻ ഉണ്ടായിരുന്നില്ല,. മൂന്നോ നാലോ വർഷം മുമ്പാണ് സിനിമയെ ഞാൻ സീരിയസായി കാണാൻ തുടങ്ങിയത്. അതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ നോക്കിയാലറിയാം, അത് മെച്ചപ്പെടുത്താൻ ഞാൻ പരിശ്രമിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടില്ല. പക്ഷേ ഈ പറഞ്ഞ നാല് വർഷമായി ഞാൻ സിനിമയെ സ്നേഹിച്ചു തുടങ്ങി, സിനിമയ്ക്കായി അധ്വാനിക്കാൻ തുടങ്ങി, ശാരീരികമായി വരെ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങി. ഈയടുത്താണ് എന്റെ അഭിനയം കുറേ മെച്ചപ്പെട്ടു എന്ന അഭിപ്രായം പലരും പറഞ്ഞു തുടങ്ങിയത്. പണ്ടൊക്കെ ഞാൻ ഒരു ആവറേജ് ആക്ടറായിരുന്നു, അതെനിക്ക് തന്നെ അറിയാം. എനിക്ക് അതുപോലെ ആവണ്ട, നല്ലൊരു നടനെന്ന് അറിയപ്പെടണമെന്ന് ഇന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനായി ഞാൻ ഈ വർഷങ്ങളിൽ അധ്വാനിച്ചിട്ടുണ്ട്. ആക്ടിങ്ങ് വർക്ഷോപ്പുകളിൽ പങ്കെടുത്തു, ധാരാളം സിനിമകൾ കണ്ടു, എന്നെത്തന്നെ തേച്ചുമിനുക്കാൻ ഞാൻ ശ്രമങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ ഫലങ്ങൾ കാണാൻ തുടങ്ങിയെന്നാണ് കരുതുന്നത്. പണ്ടത്തേതിനെ അപേക്ഷിച്ച് അഭിനയം നന്നായി എന്ന് പറഞ്ഞ് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. അതിനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
സിനിമയോടുള്ള സമീപനം മാറിയപ്പോൾ മാറ്റം വന്നുവല്ലേ ?
സിനിമയെ സീരിയസായി കണ്ടു തുടങ്ങിയപ്പോൾ തന്നെ എന്നെതേടി കുറേ നല്ല സിനിമകൾ വന്നു. ഔസേപ്പിന്റെ ഒസ്യത്ത് ഉൾപ്പടെ. ഞാൻ നായകനായി അഭിനയിച്ച തമിഴിലെ രണ്ട് സിനിമകൾ റിലീസാവാനുണ്ട്. മലയാളത്തിലുമുണ്ട്. യാത്ര ചെയ്യുന്ന രീതി ഒന്ന് മാറ്റാൻ ശ്രമിച്ചതിന്റെ ഫലമാണത്. സിനിമ കണ്ട് നന്നായെന്ന് ആളുകൾ പറയുന്നു, ആ പ്രതികരണമൊന്നും എനിക്ക് മുമ്പ് കിട്ടിയിട്ടുണ്ടായിരുന്നില്ല. ആളുകളുടെ അത്തരം അംഗീകാരങ്ങൾ മുന്നോട്ട് പോവാൻ എത്ര വലിയ ഊർജമാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.
നമ്മൾ സിനിമയെ സ്നേഹിച്ചാൽ സിനിമ നമ്മളെയും സ്നേഹിക്കുമെന്ന് ഞാനിന്ന് തിരിച്ചറിയുന്നു. സിനിമ അത്തരത്തിലൊരു മേഖലയാണ്. അതിന്റെ പുറകേ അത്ര ഇഷ്ടത്തോടെ പാഷനോടെ, നിൽക്കണം, പൊരുതി നേടണം. ഔസേപ്പിന്റെ ഔസ്യത്ത് എന്നെത്തേടി ആകസ്മികമായി ഭാഗ്യം പോലെ വന്ന സിനിമയാണ്. ഒരു തെലുങ്ക് ചിത്രം ചെയ്യാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. അത് പല കാരണങ്ങൾ കൊണ്ട് മാറിപ്പോയി. ആ വിഷമത്തിലിരിക്കുമ്പോഴാണ് ശരതിന്റെ കാൾ വരുന്നത്. ആ തെലുങ്ക് സിനിമ നടന്നിരുന്നേൽ ഒരുപക്ഷേ റോയ് എനിക്ക് നഷ്ടമായേനെ. തലയിലെഴുത്ത് എന്ന സംഗതി ഉണ്ട്. നമ്മുടെ പരിശ്രമങ്ങൾ ദൈവം കാണുന്നുണ്ടല്ലോ, ആ പവറിൽ ഞാൻ വിശ്വസിക്കുന്നുണ്ട്.
ഇനിയുള്ള സ്വപ്നം എന്താണ് ?
ഇവൻ കാണാനൊന്നും കുഴപ്പില്ല, പക്ഷേ അഭിനയം പോര എന്നാണ് ആദ്യമെല്ലാം എന്നെക്കുറിച്ച് പലരും പറഞ്ഞിരുന്ന അഭിപ്രായം. ഞാനന്ന് സിനിമയെ ഗൗരവമായി കണ്ടിരുന്നില്ല എന്നതുകൊണ്ട് തന്നെ അന്ന് ആ പ്രതികരണങ്ങൾ എന്നെ വേദനിപ്പിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ എന്റെ വാശി ആ പ്രതികരണങ്ങൾ മാറ്റി അവൻ നല്ലൊരു നടനാണെന്ന് പറയിപ്പിക്കുക എന്നതാണ്. അതിന് വേണ്ടിയാണ് ഞാനിന്ന് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. നായകനാവാനല്ല, നല്ല കഥാപാത്രങ്ങൾക്കാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. ചെറുതും വലുതുമായ, പോസറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങൾ ചെയ്ത് നടനെന്ന നിലയിൽ എനിക്ക് തെളിയിക്കാനുണ്ട്. അതാണ് എനിക്ക് മുന്നിലുള്ള വെല്ലുവിളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]