
ഹിന്ദി വിഷയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍. സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന ഇവര്‍ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്ന തമിഴ്നാട്ടിലെ നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അവര്‍ക്ക് ബോളിവുഡില്‍നിന്നുള്ള പണം വേണം, പക്ഷെ ഹിന്ദിയെ അംഗീകരിക്കാന്‍ തയ്യാറല്ല. അതിനുപിന്നിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല’ പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കവെ പവന് കല്യാണ്‍ പറഞ്ഞു. സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് രംഗത്തെത്തിയതിന് പിന്നാലെയാണ് പവന് കല്യാണിന്റെ വിമര്‍ശനം. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷാ നയം നടപ്പിലാക്കില്ലെന്നും സ്റ്റാലിന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പവന് കല്യാണ്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുള്ളത്.
തമിഴ് അടക്കമുള്ള ഭാഷകള്‍ രാജ്യത്തിന് ആവശ്യമാണെന്ന് പവന് കല്യാണ്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വം വളര്‍ത്തുന്നതിനും ഭാഷാ വൈവിധ്യം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊട്ടുപിന്നാലെ പ്രസംഗത്തെ പിന്തുണച്ച് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി രംഗത്തെത്തി. പ്രസംഗം തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുത്ത ജനസാഗരത്തില്പ്പെട്ട എല്ലാവരെയുംപോലെ തന്റെ ഹൃദയവും നിറഞ്ഞുതുളുമ്പി. ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന നേതാവ് എത്തിക്കഴിഞ്ഞുവെന്ന വിശ്വാസം ശക്തിപ്രാപിച്ചു. സാമൂഹിക ക്ഷേമത്തിലൂന്നി താങ്കളുടെ ജൈത്രയാത്ര തടസമില്ലാതെ മുന്നോട്ടുപോകട്ടെ. എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാതൃഭാഷകള്‍ പലതും നശിച്ചുപോയത് ഹിന്ദിയുടെ അധിനിവേശം കാരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നേരത്തെ ആരോപിച്ചിരുന്നു. അവസാനം എന്തു സംഭവിക്കും എന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് തമിഴ്നാട് ത്രിഭാഷാ പദ്ധതിയെ ചെറുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ഗഢ്വാളി, കുമയോണി, മാര്‍വാഡി, മാള്‍വി, ഛത്തീസ്ഗഢി, സന്താളി, കുര്‍മാലി തുടങ്ങി 25 ഭാഷകള്‍ ഹിന്ദിയുടെ അധിനിവേശത്തില്‍ ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. ചില ഭാഷകള്‍ നിലനില്‍പ്പിനായി ചക്രശ്വാസം വലിക്കുകയാണ്. ഏകശിലാത്മകമായ ഹിന്ദിയെന്ന ഭാഷയുടെ പ്രചാരണത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളാണ് പ്രാചീന മാതൃഭാഷകളുടെ നാശത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.
ഉത്തര്‍പ്രദേശും ബിഹാറും ഒരിക്കലും കേവലം ഹിന്ദി ഹൃദയഭൂമികളായിരുന്നില്ല. അവരുടെ യഥാര്‍ഥ ഭാഷകള്‍ ഇപ്പോള്‍ പുരാവസ്തുക്കള്‍ മാത്രമാണ്. അവസാനം എന്താണ് സംഭവിക്കുകയെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് തമിഴ്നാട് ചെറുത്തുനില്ക്കുന്നത്. ത്രിഭാഷാ പദ്ധതി വഴി ഹിന്ദിയുടെ മറവില്‍ സംസ്കൃതം അടിച്ചേല്‍പ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് -അദ്ദേഹം ആരോപിച്ചിരുന്നു.
അതിനിടെ, ലോക തമിഴ് ഒളിമ്പ്യാഡ് അടക്കം ഭാഷാപ്രചാരണത്തിന് പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ ‘രു’ ചേര്‍ത്ത് വലിയ വാര്‍ത്തായായിരുന്നു. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]