
കാലാവസ്ഥാ വ്യതിയാനം: കാലം തെറ്റി മെക്സിക്കോയിൽ ജാകരാണ്ട വസന്തം
മെക്സിക്കോ സിറ്റി: വസന്തകാലമെത്തിയാൽ മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലെ തെരുവുകൾക്ക് പർപ്പിൾ നിറമായിരിക്കും. ആയിരക്കണക്കിന് ജാകരാണ്ട മരങ്ങൾ പൂത്തുനിൽക്കുന്ന കാഴ്ചയാണത്. പ്രദേശവാസികളെയും ടൂറിസ്റ്റുകളെയും മാത്രമല്ല, പക്ഷികളെയും ശലഭങ്ങളെയും വണ്ടുകളെയും മനോഹരമായ ഈ കാഴ്ച ആകർഷിക്കുന്നു. എന്നാൽ ഇക്കൊല്ലം കാര്യങ്ങൾ വ്യത്യസ്തമാണ്. ചിലയിടങ്ങളിൽ ജനുവരിയിൽ തന്നെ ജാകരാണ്ട പൂക്കാൻ തുടങ്ങി. മാർച്ച് അവസാനമാണ് സാധാരണ ഇത് തുടങ്ങേണ്ടത്. ജാകരാണ്ട വസന്തം നേരത്തെ എത്തുന്നതിന്റെ ആശങ്കയിലാണ് ജനങ്ങളും ഗവേഷകരും. പ്രാദേശിക ഗവേഷകർ ജാകരാണ്ട വസന്തം നേരത്തെ എത്തുന്നതിന്റെ കാരണം തേടി അന്വേഷണം തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തിലേക്കാണ് ഏവരും വിരൽചൂണ്ടുന്നത്. താപനില ഉയരുന്നത് കാരണം മെക്സിക്കോയിൽ ശൈത്യം ഇത്തവണ നേരത്തെ അവസാനിക്കാൻ കാരണമായെന്നും ചൂണ്ടിക്കാട്ടുന്നു. യു.എസിലെ വാഷിംഗ്ടൺ ഡി.സിയിലുള്ള പിങ്കും വെള്ളയും നിറത്തിലെ ജാപ്പനീസ് ചെറി പൂക്കളിൽ ആകൃഷ്ടനായ മുൻ പ്രസിഡന്റ് പാസ്ക്വൽ ഓർട്ടിസ് (1930-1932) ആണ് മെക്സിക്കോ സിറ്റിയെ ജാകരാണ്ട പറുദീസയാക്കിയത്. വാഷിംഗ്ടണിലേതു പോലുള്ള പുഷ്പ വസന്തം സൃഷ്ടിക്കാൻ ആഗ്രഹിച്ച ഓർട്ടിസ് മെക്സിക്കോയിൽ താമസമാക്കിയ റ്ററ്റ്സുഗൊറോ മാറ്റ്സുമോട്ടോ എന്ന ജാപ്പനീസ് ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റിനെ സമീപിക്കുകയായിരുന്നു. ചെറി പൂക്കളാണ് ഓർട്ടിസ് ആഗ്രഹിച്ചത്. എന്നാൽ അവ മെക്സിക്കോയുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടില്ലെന്ന് അറിയിച്ച മാറ്റ്സുമോട്ടോ ജാകരാണ്ടയെ നിർദ്ദേശിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]