
ഒരോ കൂട്ടലിനും കുറക്കലിനും എന്റെ തുടയിലെ തൊലി അച്ഛന്റെ വിരല്‍ തുമ്പ് ഭക്ഷിക്കും. എന്റെ തേങ്ങല്‍ കാണാനുള്ള തെളിച്ചം വീട്ടിലെ മണ്ണെണ്ണ വിളക്കിന് ഇല്ലായിരുന്നു.
അന്ന് വയസ്സു പത്ത്. മണ്‍കട്ട കൊണ്ടു കെട്ടിയ ഇടിഞ്ഞു വീഴാറായ ഒരു കൂരക്കുള്ളിലാണ്, അല്ല ഞങ്ങളുടെ കൊട്ടാരത്തിനുള്ളിലാണ് ഈ കഥ. നടുവില്‍ ഒരു മുറിയും, ഒരു ചെറിയ അടുക്കളയും, ഒരു കുഞ്ഞു തിണ്ണയും ചാണകം മെഴുകിയ തറയും. അതായിരുന്നു ഞങ്ങളുടെ കൊട്ടാരത്തിന്റെ ഉള്ളറ.
നടുമുറിയുടെ നടുവിലൊരു വലിയ കട്ടില്. അതിലാണ് ഇരിപ്പ്, കിടപ്പ് കഴിപ്പ് എല്ലാം. ആ കട്ടിലിന്റെ അടിയിലായിരുന്നു റബര്‍ കഷണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പങ്കിന് റബ്ബര്‍ വെട്ടുന്നതില്‍ നിന്നും വീതം കിട്ടുന്ന റബ്ബര്‍ ഷീറ്റാണ് കട്ടിലിന്റെ അടിയില്‍.
അമ്മയെ ചുറ്റിപ്പറ്റിയുള്ള ലോകം. അതായിരുന്നു എന്റെയും, പെങ്ങളുടെയും ബാല്യം. അച്ഛന് കഷ്ടപ്പാടിന്റെ മല കയറി കൊണ്ടേയിരിക്കുകയായിരുന്നു. സൂര്യനുദിക്കും മുമ്പ് തുടങ്ങുന്ന ജീവിതം. സമ്പാദ്യത്തില്‍ നിന്നും ഒരു തുള്ളി കളയാതെ നോക്കുന്ന പ്രകൃതം.
അച്ഛന് ബാല്യത്തില്‍ ഒരു പേടിസ്വപ്നമായിരുന്നു. കണക്ക് പഠിച്ചാലേ ജീവിക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച അച്ഛന്. കണക്ക് പഠിപ്പിക്കാന്‍ ഇരുത്തും. ഒരോ കൂട്ടലിനും കുറക്കലിനും എന്റെ തുടയിലെ തൊലി അച്ഛന്റെ വിരല്‍ തുമ്പ് ഭക്ഷിക്കും. എന്റെ തേങ്ങല്‍ കാണാനുള്ള തെളിച്ചം വീട്ടിലെ മണ്ണെണ്ണ വിളക്കിന് ഇല്ലായിരുന്നു.
ബാല്യത്തിന്റെ കുത്തൊഴുക്കില്‍ മക്കളില്‍ മുളക്കുന്ന ആഗ്രഹങ്ങളെപ്പറ്റി നല്ലബോധ്യമുണ്ടായിരുന്നു അമ്മയ്ക്ക്.
ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, നല്ല ആഹാരം കൊടുക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു , ശ്രമിച്ചിരുന്നു. അതിനായി അച്ഛനറിയാതെ അമ്മ റബ്ബർ ഷീറ്റ് മോഷണം നടത്തി അടുത്തൊരു കടയില്‍ കൊണ്ടു പോയി വിറ്റിരുന്നു. അത് ഒരുതരത്തില്‍ അമ്മയുടെയും ഞങ്ങളുടെയും സംയുക്ത
അധോലോക പ്രവര്‍ത്തനമായിരുന്നു. ആഗ്രഹങ്ങള്‍ക്ക് വേണ്ടിയുള്ള അധോലോകം. നാല് താറാമുട്ടയ്ക്കും, കുറച്ച് പച്ചക്കറിക്കും, ബാലരമയ്ക്കും, പിന്നെ എന്തെങ്കിലും പലഹാരത്തിനും വേണ്ടിയുള്ള മോഷണം.
എല്ലാം കഴിഞ്ഞ് അമ്മയുടെ കൂടെ സാധനങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാലരമയിലെ കൊച്ചുണ്ണിയുടെ രൂപഭാവം കൈവരുത്ത് പോലെ തോന്നും.
അന്ന് ഒരു റബ്ബര്‍ഷീറ്റ് കൊടുത്താല്‍ ഏകദേശം ഒരു ദിവസം വീട്ടിലെ കാര്യങ്ങള്‍ നടത്താനുള്ള തുക കിട്ടും.
അതില്‍ കൂടുതലൊന്നും അമ്മ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ അച്ഛനറിയാതെ ഞങ്ങള്‍ പല തവണ വിജയകരമായി മോഷണം നടത്തി. വീട്ടിലേക്കിറങ്ങി വരുന്ന നിരതെറ്റിയ നടയുടെ മുകളില്‍ കയറി കടയില്‍ ആളുണ്ടോ എന്ന് നോക്കി, ആളില്ലെങ്കില്‍ അമ്മയെ അറിയിക്കും.. അമ്മ ആ ഒരു റബര്‍ഷീറ്റ് മടക്കി കവറിലാക്കി ഓടും, ഞങ്ങള്‍ പിന്നാലെ ഓടും.
എല്ലാറ്റിനും സാക്ഷി മുറ്റത്തെ മുസ്സാണ്ട ആയിരുന്നു.
ഒരു ദിവസം അച്ഛന് മോഷണം കയ്യോടെ പിടികൂടി. കൃത്യമായി എണ്ണമുണ്ടായിരുന്ന ഷീറ്റില്‍ കുറവ്. കട്ടിലിന്റെ അടിയില്‍ കിടക്കുന്ന ഷീറ്റില്‍ കുറവ് വന്നാല്‍ അമ്മയെ അല്ലാതെ ആരെ സംശയിക്കാന്‍.
അമ്മ നിരുപാധികം കുറ്റം സമ്മതിച്ചു.
‘പിള്ളേര്‍ക്ക് ഒന്നും കഴിക്കാന്‍ ഇല്ലാഞ്ഞിട്ട്..’
ഇടിഞ്ഞു വീഴാറായ മണ്‍വീട് കുലുങ്ങുന്ന ശബ്ദത്തില്‍ അച്ഛന് അലറി. ഭൂമി പിളര്‍ന്നു പോയിരുന്നെങ്കില്‍ എന്ന് അഗ്നിപരീക്ഷക്ക് നിന്ന സീതയെ പോലെ അമ്മയും ആഗ്രഹിച്ചു.
അമ്മയെ അച്ഛന് വിചാരണക്ക് വിധേയയാക്കി.
‘എന്റെ ചോരകൊണ്ട് ഉണ്ടാക്കിയതാ, നിനക്കൊന്നും സുഖിക്കാനല്ല…’
‘അതേ ചോരയിലെ രണ്ടെണ്ണത്തെ ഊട്ടാനാ കൊടുത്തത്’ എന്ന് പറഞ്ഞാല്‍ പിന്നെ അന്‍പത്തിമൂന്നാം വയസ്സില്‍ ക്യാന്സറ് വന്ന് മരിക്കേണ്ടി വരില്ലായിരുന്നു, അന്നേ തീര്‍ന്നേനെ.
കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ശകാരം സഹിക്കവയ്യാതെ നടുമുറിയിലെ വലിയ കട്ടിലിന്റെ ഇരുണ്ട മൂലയിലിരുന്ന് അമ്മ കരഞ്ഞു. ആ കരച്ചിലില്‍ എന്റെ ഹൃദയം പൊട്ടുന്നതു പോലെ തോന്നി.
‘കഴിക്കണ്ട പ്രായത്തില്‍ പിള്ളേര്‍ക്ക് വല്ലതും വാങ്ങി കൊടുക്കാനല്ലേ എന്ന് അമ്മ കരഞ്ഞു കൊണ്ട് ചോദിക്കുന്നുണ്ട്.’ -ആ വാക്കുകള്‍ പുകയടിച്ചു കറുത്ത മാറാല മൂടിയ കൂരക്കുള്ളില്‍ ആവിയായി പോയി.
അച്ഛന്റെ കലി അടങ്ങിയില്ല. അമ്മയെ തല്ലാന്‍ വരെ തുനിഞ്ഞു. പക്ഷേ, തല്ലിയിട്ടില്ല അന്നും ഇന്നും.
സഹിക്കവയ്യാതെ അമ്മ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്തു കുടിക്കാന്‍ ഒരുങ്ങി.
എന്റെ കണ്ണില്‍ ഇരുട്ടുകയറി അമ്മയെ തടയാന്‍ ഞാന്‍ വാവിട്ടു കരഞ്ഞു. ഞങ്ങളുടെ സ്വര്‍ഗ്ഗമായിരുന്ന നടുമുറിയില് ആകെ ഇരുട്ട്.. ‘എനിക്ക് ചത്താ മതി, ഇനി ജീവിക്കണ്ട മടുത്തു’-അമ്മ കരഞ്ഞു.
ആസിഡ് പാത്രം തുറന്നതും എന്റെ ചങ്കു പിടഞ്ഞു. അത് പിടിച്ചു വാങ്ങാനുള്ള ധൈര്യവും, ബോധവും ആ ബാല്യത്തില്‍ എനിക്ക് ഉണ്ടായിരുന്നില്ല.
അച്ഛന് നിന്ന് കോലം തുള്ളിയുറഞ്ഞു: ‘നീ അങ്ങോട്ടു കൂടിക്കെടീ’ എന്ന് പറഞ്ഞ് അമ്മക്ക് നേരം പാഞ്ഞടുത്തു. ആസിഡ് പാത്രം പിടിച്ചു വാങ്ങി.
അമ്മ അത് കുടിച്ചില്ല. മരിച്ചില്ല.
പക്ഷേ, ആ ദിവസം, ഞങ്ങളുടെ മരണ ദിവസമായിരുന്നു. കുഞ്ഞു സന്തോഷങ്ങളുടെ, പട്ടിണിക്കറികളുടെ രുചിയത്ഭുതങ്ങളുടെ ഒക്കെ മരണം.
ഞങ്ങളാരും അന്ന് ഒന്നും കഴിച്ചില്ല. അമ്മ അന്ന് മുഴുവന്‍ കരഞ്ഞു.
ഒരു പത്തുവയസ്സുകാരന്റെ അനുഭവത്തില്‍, എന്താണ് ആത്മഹത്യയെന്ന് അന്ന് അമ്മ പഠിപ്പിക്കുകയായിരുന്നു.
പിന്നീട് ഒരു നാളും നല്ല കറിയില്ലാത്തതിന്റെ പേരില്‍, ഇഷ്ടപ്പെട്ടത് കിട്ടാത്തതിന്റെ പേരില്‍ കരയാനും വാശി പിടിക്കാനും മനസ്സ് അനുവദിച്ചില്ല. അന്ന് ആത്മഹത്യക്ക് തുനിഞ്ഞ അമ്മ 53 വയസ്സ് വരെ ജീവിച്ചു. പിന്നിട് ഒരുപാട് തവണ ചിരിച്ചു, കരയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു. കാന്‍സറിന്റെ വ്യകൃതമുഖം കാണിച്ച് പ്രകൃതി പലതവണ കരയിക്കാന്‍ നോക്കി. പറ്റിയില്ല..
ശരീരം നിശ്ചലമായി, കാഴ്ച്ച കൊഴിഞ്ഞു. എന്നിട്ടും തളര്‍ന്നില്ല, ചിരിക്കുന്നത് നിര്‍ത്തിയില്ല. .
ചിരിച്ചും ചിരിപ്പിച്ചും അമ്മ യാത്ര പോയിട്ട് വര്‍ഷം നാല് പിന്നിട്ടു. ഇന്നും ഓരോ ആത്മഹത്യാ വാര്‍ത്തകളും ആ ഇരുണ്ട മുറിയുടെ നടുവിലെത്തിക്കും. പിന്നെ അവിടെ നിന്നും പുറത്തിറങ്ങാന്‍ ഒരു പെടാപ്പാടാണ്.
എന്റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]