
കമ്പനി എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ നടനാണ് വിവേക് ഒബ്രോയ്. മലയാളികളുടെ പ്രിയനടൻ മോഹൻലാലും ഈ രാം ഗോപാൽ വർമ ചിത്രത്തിൽ സുപ്രധാനവേഷത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് വിവേക് ഒബ്രോയ്. അടുത്തിടെ നടന്ന ഒരു ചടങ്ങിൽ വിവേക് പറഞ്ഞ കാര്യം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
കമ്പനി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് 24 വയസായിരുന്നെന്ന് വിവേക് ഒബ്രോയ് ഓർത്തു. ഷോട്ടിന് മുൻപ് വളരെ നോർമലായി ഇരിക്കുകയായിരുന്ന മോഹൻലാൽ ആക്ഷൻ പറഞ്ഞയുടൻ കഥാപാത്രമായി മാറി. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് സ്വന്തം ഡയലോഗ് പോലും മറന്ന് ഇരുന്നുപോയെന്ന് വിവേക് ഒബ്രോയ് പറഞ്ഞു. ലൂസിഫർ ചെയ്യുന്നതിന് മുൻപ് മോഹൻലാൽ തന്നെ വിളിച്ച് സംസാരിച്ചിരുന്നെന്നും വിവേക് പറഞ്ഞു.
“24 വയസുള്ള കുട്ടിയാണ് ലാൽ സാറുമൊത്ത് അഭിനയിക്കാനിരിക്കുന്നത്. ആക്ഷൻ പറഞ്ഞയുടൻ മുന്നിലെ ടേബിളിലിരുന്ന പേപ്പർ വെയ്റ്റെടുത്ത് കളിച്ചുകൊണ്ട് സംഭാഷണം പറയാനാരംഭിച്ചു. പിന്നെ ഞാൻ മുന്നിൽക്കണ്ടത് ഒരു ജീനിയസ് പെർഫോമൻസ് ആയിരുന്നു. ആ സീനിൽ മറുപടി ഡയലോഗ് പറയേണ്ടത് ഞാനാണ്. ക്യാമറ എന്റെയടുത്തേക്ക് തിരിഞ്ഞിട്ടും ഞാൻ ഫാൻ ബോയ് പോലെ സ്വയം മറന്ന് അദ്ദേഹത്തെയും നോക്കി ഇരിക്കുകയായിരുന്നു. ലാൽ സാർ എങ്ങനെയായിരിക്കും ആ രംഗം ചെയ്തത് എന്നായിരുന്നു എന്റെ ചിന്ത. എന്റെ ഇരിപ്പ് കണ്ട് സംവിധായകൻ രാം ഗോപാൽ വർമ എന്തുപറ്റിയെന്ന് ചോദിച്ച് അടുത്തുവന്നു. ഈ നിമിഷം ആസ്വദിക്കുകയായിരുന്നുവെന്നാണ് ഞാൻ ഉത്തരം പറഞ്ഞത്.” വിവേക് ഒബ്രോയ് പറഞ്ഞു.
‘നീ ഹിന്ദിയിൽ തുടക്കം കുറിച്ചത് എന്നോടൊപ്പമാണ്. മലയാളത്തിലും തുടക്കം കുറിക്കുന്നത് എന്നോടൊപ്പം ആകട്ടെ’ എന്നാണ് ലൂസിഫർ ചെയ്യുന്നതിന് മുൻപ് മോഹൻലാൽ തന്നെ വിളിച്ചുപറഞ്ഞതെന്ന് വിവേക് ഒബ്രോയ് പറഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇപ്പോഴും ദുബായിൽ മാളിലൂടെയൊക്കെ നടക്കുമ്പോൾ ഒരു മലയാളിയെങ്കിലും ബോബി എന്ന് വിളിച്ച് അടുത്തുവരാറുണ്ടെന്നും വിവേക് ഒബ്രോയ് കൂട്ടിച്ചേർത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]